സംരംഭകര്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍

സംരംഭകര്‍ മികച്ച സിബില്‍ സ്‌കോര്‍ നിലനിര്‍ത്തേണ്ടത് അവരുടെ സാമ്പത്തിക അച്ചടക്കത്തിനും സംരംഭത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകന്റെ അല്ലെങ്കില്‍ സംരംഭത്തിന്റെ തിരിച്ചടവ് ശേഷി മനസിലാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ സ്‌കോര്‍ പരിശോധിക്കാറുണ്ട്.

വായ്പകള്‍ക്കായി ബാങ്കുകളേയും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിന് വലിയ മാജിക് കാണിക്കാനാകും. ഇന്ത്യയില്‍ TransUnion CIBIL, Experian തുടങ്ങിയ കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗിനാണു കൂടുതല്‍ സ്വീകാര്യതയുള്ളത്. മികച്ച ഓഫറുകള്‍ക്കും, വായ്പകള്‍ക്കും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.

പോയിന്റുകള്‍

300 മുതല്‍ 900 വരെയുള്ള പോയിന്റിലാണ് ക്രെഡിറ്റ് സ്‌കോര്‍ നീങ്ങുന്നത്. 300 വളരെ മോശം നിലയേയും 800- 900 പോയിന്റുകള്‍ അത്യുഗ്രന്‍ നിലയേയും കാണിക്കുന്നു. 900 ക്രെഡിറ്റ് സ്‌കോര്‍ ലഭിക്കുക എന്നത് വളരെ ബുദ്ധുമുട്ടുള്ളതാണ്. 750 നു മുകളിലുള്ള ഏതൊരു സ്‌കോറും മികച്ചതായാണ് കാണുന്നത്. ഈ skoril ലോണ്‍ അംഗീകാരത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പലിശ നിരക്കില്‍ ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

വഴികള്‍

  • മികച്ച സ്‌കോറിന് കുറുക്കുവഴികളില്ല, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ആദ്യ വഴി.
  • ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് മറ്റൊരു മികച്ച മാര്‍ഗം ക്രെഡിറ്റ് കാര്‍ഡ് പുതുതായി എടുത്ത് അത് അടച്ചുതീര്‍ക്കുക എന്നതാണ്. മറ്റൊരു വഴി താങ്ങാവുന്ന ചെറിയ വായ്പകള്‍ എടുത്ത് അവ കൃത്യമസയത്ത് തിരിച്ചടയ്ക്കുക എന്നതാണ്.
  • എന്നാല്‍ അനാവശ്യമായി കൂടുതല്‍ വായ്പകള്‍ക്ക് അപേക്ഷിക്കരുത്. ഇടയ്ക്കിടയ്ക്ക് ലോണ്‍ ആപ്പുകള്‍ ഉപയോഗിക്കരുത്. താങ്ങാനാകാത്ത പര്‍ച്ചേസുകള്‍ നടത്തി വലയിലാകരുത്.
  • നിരസിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡിനായി വീണ്ടും അപേക്ഷിക്കുന്നതു പോലുള്ള നടപടികള്‍ ഒഴിവാക്കുക. ഇവ നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
  • സംരംഭകരെ സംബന്ധിച്ച് അവന് വായ്പയുടെ ആവശ്യം എപ്പോള്‍ വേണ്ടി വന്നേക്കാം. അതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ മികച്ച നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.
  • വായ്പകളുടെ സമയബന്ധിത തിരിച്ചടവുകളും ക്രെഡിറ്റ് സ്‌കോറില്‍ പ്രധാന ഘടകമാണ്. തിരിച്ചടവുകളും മറ്റും അവസാന നിമിഷത്തേ്ക്കു വയ്ക്കാതെ 48 മണിക്കൂര്‍ മുമ്പെങ്കിലും നടത്തുന്നതും ക്രെഡിറ്റ് സ്‌കോര്‍ റിസ്‌ക് ഒഴിവാക്കാനുള്ള മാര്‍ഗമാണ്. ചെറിയ കാലതാമസം പോലും നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം. പ്രത്യേകിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍.
  • നിങ്ങള്‍ക്ക് ഒരു ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗം ആരോഗ്യകരമായ തലത്തില്‍ നിലനിര്‍ത്തുക. ഏപ്പോഴും ക്രെഡിറ്റ് പരിധി 70 ശതമാനം ആക്കി നിലനിര്‍ത്തണം. അതായത് ഒരു ലക്ഷം രൂപ വരെ ഉപയോഗിക്കാവുന്ന കാര്‍ഡില്‍ 70,000 രൂപ എന്ന പിരിധിയില്‍ കൂടുതല്‍ ഉപയോഗിക്കാതെ ഇരിക്കുക.
  • വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ 750 പോയിന്റിനു മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമാണ്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം
  • നിങ്ങള്‍ സ്ഥിരം ചെലവുകള്‍ ക്രെഡിറ്റ് കാര്‍ഡുകളിലാക്കുന്നതും, സ്ഥിരമായി ഉയര്‍ന്ന പരിധി ഉപയോഗപ്പെടുത്തുന്നതും ക്രെഡിറ്റ് ബ്യൂറോകള്‍ നെഗറ്റീവ് റേറ്റിംഗിലേക്ക് നിങ്ങളെയും ഉള്‍പ്പെടുത്തിയേക്കും. ഇത് നിങ്ങളെ 'ക്രെഡിറ്റ് ഹംഗ്രി' വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it