

ക്രെഡിറ്റ് കാര്‍ഡുകള്‍ നിത്യജീവിതത്തില്‍ വലിയ ആശ്വാസം തന്നെയാണ്. കൈയില്‍ പണം കരുതാതെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഇത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ.
ഇനി, ക്രെഡിറ്റ് കാര്‍ഡ് വഴി ഇഎംഐ ആയാണ് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതെങ്കില്‍ പോക്കറ്റ് കാലിയാകാതെ തന്നെ കാര്യങ്ങള്‍ നേടാനുമാകും. വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ മാസതവണകളായി തിരിച്ചടച്ച് സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നുവെന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ സ്വീകാര്യത കൂട്ടുകയും ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരുമിച്ച് പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ നേട്ടം മാസതവണകളായി വാങ്ങുന്നതാകും. കൂടിയ പലിശ നിരക്കില്‍ നിന്ന് അത് നിങ്ങള്‍ക്ക് മോചനം നല്‍കും. കൂടുതലായി ഒരു രേഖകളും നല്‍കാതെ വളരെയെളുപ്പം ഇഎംഐ നേടുകയും ചെയ്യാം.
എന്നാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പ്രോസസിംഗ് ഫീ: ഇഎംഐ സ്‌കീമുകളില്‍ പ്രോസസിംഗ് ഫീ ഈടാക്കാറുണ്ട്. അത് എത്രയെന്ന് മനസ്സിലാക്കി വേണം സ്‌കീം തെരഞ്ഞെടുക്കാന്‍. പല ധനകാര്യ സ്ഥാപനങ്ങളും പലിശയില്ലാത്ത ഇഎംഐ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്താം.
ലഭ്യമാകുന്ന വായ്പ: നിങ്ങളുടെ കാര്‍ഡില്‍ ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നത് ഇഎംഐ അപേക്ഷ നിരസിക്കാതിരിക്കാന്‍ സഹായിക്കും. വാങ്ങുന്ന സാധനത്തിന്റെ വിലയ്ക്ക് തുല്യമായതോ അധികമായതോ ആയ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ക്കായി അനുവദിച്ചിരിക്കണം.
ക്രെഡിറ്റ് പരിധിയില്‍ ഉണ്ടാകുന്ന ഇടിവ്: ഇഎംഐ സ്‌കീം തുടങ്ങിയാല്‍ ഉടനെ നിങ്ങളുടെ ക്രെഡിറ്റ് പരിധിയില്‍ ആ തുകയ്ക്ക് സമാനമായ തുക കുറയും. പിന്നീട് ഇഎംഐ അടച്ചു തീര്‍ക്കുന്നതിനനുസരിച്ച് അടയ്ക്കുന്ന തുകയ്ക്ക് തുല്യമായി പരിധി കൂടുകയും ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine