Begin typing your search above and press return to search.
പ്രവാസികള്‍ ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിക്കുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയാണ് ഇന്ത്യയുടേത്. 5 ട്രില്യൺ ഡോളറിലധികം (422 ലക്ഷം കോടി) മൂല്യമുള്ളതാണ് രാജ്യത്തിന്റെ ഇക്വിറ്റി വിപണി. 2030 ഓടെ ഇത് 10 ട്രില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇന്ത്യയുടെ വളർച്ചയുടെ വിപുലമായ സാധ്യതകൾ കണക്കിലെടുക്കുമ്പോൾ, ദീർഘകാല വരുമാനം നൽകാൻ കഴിയുന്ന ഒരു പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന എൻ.ആർ.ഐ കൾക്ക് അനുയോജ്യമായ നിക്ഷേപങ്ങളാണ് മ്യൂച്വൽ ഫണ്ടുകൾ. പക്ഷെ വിദേശത്ത് താമസിക്കുമ്പോള്‍ ഇന്ത്യന്‍ വിപണി സംബന്ധിച്ച തത്സമയ വിവരങ്ങൾ എന്‍.ആര്‍.ഐ കള്‍ക്ക് ലഭിക്കാനുളള തടസങ്ങള്‍ ഒരു പരിമിതിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രൊഫഷണൽ ഫണ്ട് മാനേജ്മെൻ്റ് ടീമിന്റെ സേവനം ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്താം.
മ്യൂച്വൽ ഫണ്ട് നിക്ഷേപം: എൻ.ആർ.ഐ കളുടെ വെല്ലുവിളികള്‍
വൈദഗ്‌ധ്യത്തിലേക്കുള്ള പരിമിതമായ ആക്‌സസ്: വിദേശത്ത് താമസിക്കുന്ന മിക്ക എൻ.ആർ.ഐ കൾക്കും നിക്ഷേപ വിദഗ്ധരുമായി വെർച്വൽ മീറ്റിംഗുകളിലൂടെ സഹകരിച്ച് പ്രവർത്തിച്ച് ഇഷ്ടാനുസൃതമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നത് വെല്ലുവിളിയായി മാറുന്നുണ്ട്.
സേവന പിന്തുണ: കെ.വൈ.സി രജിസ്‌ട്രേഷൻ, ബാങ്ക് വിശദാംശങ്ങളുടെ അപ്‌ഡേറ്റുകൾ, ഇൻവെസ്റ്റ്‌മെൻ്റ് പോര്‍ട്ട് ഫോളിയോകളിലെ നോമിനി അപ്‌ഡേറ്റുകൾ പോലുള്ള എൻ.ആർ.ഐ ഡോക്യുമെൻ്റേഷൻ്റെ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച സേവന പിന്തുണ നൽകുന്ന ഒരു നിക്ഷേപ പ്ലാറ്റ്‌ഫോം എൻ.ആർ.ഐ കൾക്ക് പ്രദാനം ചെയ്യുന്ന നിക്ഷേപ അനുഭവം വലുതാണ്.
തടസങ്ങളില്ലാത്ത നിക്ഷേപ പ്ലാറ്റ്‌ഫോം: എപ്പോഴും ആശ്രയിക്കാവുന്ന കാര്യക്ഷമമായ നിക്ഷേപ പ്ലാറ്റ്‌ഫോം എൻ.ആർ.ഐ കൾ തിരഞ്ഞെടുക്കേണ്ടതാണ്. ഇത് നിക്ഷേപ പ്രക്രിയയെ ലളിതമാക്കുകയും തടസങ്ങളില്ലാത്ത ഇടപാട് അനുഭവം നൽകുകയും ചെയ്യുന്നു. ഡോക്യുമെൻ്റേഷൻ, ഇടപാടുകൾ, പോർട്ട്ഫോളിയോ റീബാലൻസിംഗ് തുടങ്ങിയ പ്രക്രിയകൾ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതായിരിക്കണം പ്ലാറ്റ്ഫോം.
എൻ.ആർ.ഐ കൾക്കുള്ള നിയന്ത്രണങ്ങൾ
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പായി എന്‍.ആര്‍.ഐ കൾ നികുതി നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികൾക്ക് തുല്യമായ ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ട നികുതികൾ എന്‍.ആര്‍.ഐ കള്‍ക്കും ബാധകമാണ്. ഇക്വിറ്റി ഫണ്ടുകൾക്ക് ദീർഘകാല മൂലധന നേട്ട നികുതി 12.5 ശതമാനവും ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി 20 ശതമാനവുമാണ്. വ്യക്തിയുടെ നിലവിലുള്ള ആദായ നികുതി സ്ലാബ് അനുസരിച്ചാണ് ഡെറ്റ് ഫണ്ടുകൾക്ക് നികുതി ചുമത്തുന്നത്.
ചില രാജ്യങ്ങളില്‍ നിന്നുളള എന്‍.ആര്‍.ഐ നിക്ഷേപകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്, യു.എസിൽ നിന്നും കാനഡയിൽ നിന്നുമുള്ള എൻ.ആർ.ഐകൾക്ക് ചില പ്രത്യേക ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ചില മ്യൂച്വൽ ഫണ്ടുകൾ വ്യവസ്ഥകളോടെ നിക്ഷേപം അനുവദിക്കുകയും ഈ രാജ്യങ്ങളിലെ എൻ.ആർ.ഐ കൾക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.
എൻ.ആർ.ഐ കൾക്ക് അവര്‍ താമസിക്കുന്ന രാജ്യത്തേക്ക് ആദായം കൊണ്ടു പോകാന്‍ സാധിക്കുന്ന തരത്തിലോ, അല്ലാതെയോ മ്യൂച്വൽ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. എൻ.ആർ.ഇ അക്കൗണ്ട് വഴിയാണ് ഒരു വ്യക്തി നിക്ഷേപം നടത്തുന്നതെങ്കില്‍ വരുമാനം പൂർണമായും അയാള്‍ താമസിക്കുന്ന രാജ്യത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ എന്‍.ആര്‍.ഒ (നോൺ റസിഡൻ്റ് ഓർഡിനറി) അക്കൗണ്ട് വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍, ഇന്ത്യയിൽ ആ വ്യക്തി കൈവശം വച്ചിരിക്കുന്ന എല്ലാ എന്‍.ആര്‍.ഒ അക്കൗണ്ടുകളില്‍ നിന്നുമായി ആകെ ഒരു ദശലക്ഷം ഡോളര്‍ വരുമാനമാണ് ഒരു സാമ്പത്തിക വർഷം ആ വ്യക്തിക്ക് തിരികെ അയാള്‍ താമസിക്കുന്ന രാജ്യത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കുകയുളളു.
നിക്ഷേപ വിദഗ്ധൻ്റെ പ്രാധാന്യം
ഭൂരിഭാഗം ഓണ്‍ലൈന്‍ ഉപദേശക പ്ലാറ്റ്‌ഫോമുകളും എന്‍.ആര്‍.ഐ കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ഇടപാട് നടത്തുന്നതിനുളള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍.ആര്‍.ഐ കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച നിക്ഷേപങ്ങൾ ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്താന്‍ ചിലപ്പോഴൊക്കെ പരിമിതികള്‍ നേരിടുന്നുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച നിക്ഷേപ വിദഗ്ധരും വിശ്വസനീയമായ പ്രോസസ് ഉറപ്പു നല്‍കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കേണ്ടത് എന്‍.ആര്‍.ഐ കളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇടയ്‌ക്കിടെ പോർട്ട്‌ഫോളിയോ അവലോകനം ചെയ്ത് ലക്ഷ്യ നേട്ടത്തിനായി പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശുപാർശകൾ നൽകുന്നതായിരിക്കണം ഒരു വിശ്വസ്ത നിക്ഷേപ വിദഗ്‌ദ്ധൻ.
അതേസമയം, എന്‍.ആര്‍.ഐ കളുമായി വെർച്വലായി ബന്ധപ്പെട്ട് സേവന പിന്തുണ നൽകാനും പേപ്പർ രഹിത ഇടപാടുകൾ സുഗമമാക്കാനും കഴിയുന്ന വിദഗ്ധരെ നൽകാൻ മിക്ക നിക്ഷേപ പ്ലാറ്റ്‌ഫോമുകളും പരാജയപ്പെടുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. അതിനാല്‍ ഇന്ത്യയിൽ നിന്ന് അകലെ ജീവിക്കുന്ന എൻ.ആർ.ഐ കൾക്ക് അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുളള പോർട്ട്‌ഫോളിയോ തിരഞ്ഞെടുക്കുന്നതിലും പരിപാലിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യേണ്ട സന്ദര്‍ഭങ്ങളും ഉണ്ടാകുന്നു.
ഈ അടിസ്ഥാന ആവശ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നത് എന്‍.ആര്‍.ഐ കളുടെ നിക്ഷേപങ്ങളിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും കാര്യമായ വിഘാതങ്ങള്‍ക്ക് കാരണമാകുന്നു.
Next Story
Videos