ലോണ്‍ കുരുക്കാവാതിരിക്കാന്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുത്തവര്‍ക്കും വായ്പ നല്‍കുന്നവര്‍ക്കും ഇത് അത്ര നല്ലകാലമല്ല. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തതുകൊണ്ടുള്ള കിട്ടാക്കടമാണ് വായ്പ നല്‍കിയവര്‍ക്ക് തലവേദന. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ വന്നതുകൊണ്ട് കടം വീട്ടാനാകാത്തതാണ് വായ്പ എടുത്തവരുടെ പ്രശ്‌നം.

കോവിഡ് മൂലം ബാങ്കുകള്‍ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കിയെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിട്ടും മിക്കവര്‍ക്കും വായ്പ അടയ്ക്കാന്‍ പറ്റുന്നില്ല. ഇത് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടം കൂട്ടുന്നുമുണ്ട്.
വായ്പ കെണിയാകാതിരിക്കാന്‍
കേരളത്തിലെ ധനകാര്യ സേവന രംഗത്ത് ഒട്ടേറെ സംരംഭകരുണ്ട്. വന്‍കിട ബാങ്കുകള്‍ മുതല്‍ പ്രാദേശിക അടിസ്ഥാനത്തിലുള്ള ചെറിയ സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെല്ലാം തന്നെ വായ്പ നല്‍കാന്‍ ഒരു മാനദണ്ഡമുണ്ടാകും.

നമ്മള്‍ എപ്പോഴാണ് വായ്പകള്‍ക്കായി ബാങ്കിനെയും മറ്റ് ധനകാര്യസ്ഥാപനങ്ങളെയും സമീപിക്കുന്നത്? പണത്തിന് അത്രയേറെ ആവശ്യം വരുമ്പോള്‍ അല്ലേ? അപ്പോള്‍ വായ്പാദാതാക്കള്‍ നമുക്ക് വായ്പ തരാനായി കുറേയേറെ രേഖകള്‍ ആവശ്യപ്പെടും. വായ്പ എടുക്കുന്നവര്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോ? തിരിച്ചടച്ചില്ലെങ്കില്‍ നല്‍കിയ പണം ഈടാക്കാന്‍ പറ്റുന്ന ഈടുണ്ടോ? എന്നൊക്കെ ബാങ്കിന്/ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വ്യക്തമാകാന്‍ വേണ്ടിയാണത്.

വായ്പ എടുക്കുന്നവര്‍ക്ക് ആവശ്യങ്ങള്‍ പലതാകും. അവരെടുക്കുന്ന വായ്പകളും പലതാകും. ചിലത് പേഴ്‌സണല്‍ ലോണാകും. ചിലപ്പോള്‍ ഭൂമി ഈട് നല്‍കിയുള്ള വായ്പയാകും. ചിലര്‍ വ്യവസായം നടത്താനാകാം. ഇവരെല്ലാം വായ്പ എടുക്കുമ്പോള്‍ അത് തിരിച്ചടയ്ക്കാനുള്ള വഴിയും മനസ്സില്‍ കണ്ടിരിക്കും. പക്ഷേ, കോവിഡ് പോലെ, നിപ്പ പോലെ, അല്ലെങ്കില്‍ പ്രളയം പോലെ അപ്രതീക്ഷിതമായ വലിയ സംഭവം വന്നാല്‍ തിരിച്ചടവ് മുടങ്ങുന്ന കാര്യം ആലോചിച്ചിട്ടുപോലുമുണ്ടാവില്ല.

ഇപ്പോള്‍ നമുക്ക് ഇത്തരം സംഭവങ്ങളെയും അതുമൂലമുണ്ടാകുന്ന ആഘാതത്തെയും കുറിച്ചെല്ലാം ഏകദേശ ധാരണയായി. ഇനി വായ്പ എടുക്കാന്‍ പോവുമ്പോള്‍, വായ്പ ലഭിക്കാനുള്ള രേഖകള്‍ തയ്യാറാക്കി കൊടുത്ത് ഏത് വിധേനയും വാങ്ങുക എന്നതിനപ്പുറം; മുന്‍ധാരണ പ്രകാരം തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നുകൂടി ഇടപാടുകാര്‍ ചോദിച്ചറിഞ്ഞിരിക്കണം.

വായ്പകള്‍ ഒരിക്കലും ഔദാര്യമല്ല. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ വായ്പകള്‍ നല്‍കണം. ഇടപാടുകാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പ അനിവാര്യമാണ്. ഇരുകൂട്ടര്‍ക്കും ഗുണകരമായ, സാമൂഹ്യപ്രസക്തിയേറെയുള്ള ഒന്നാണ് വായ്പ.

വായ്പ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍, നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആറ് അടിസ്ഥാനതത്വങ്ങളിലൂന്നി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

എഡ്യൂക്കേഷന്‍ (സാമ്പത്തിക വിദ്യാഭ്യാസം), എന്‍ഗേജ്‌മെന്റ് (ബദ്ധ ശ്രദ്ധയോടെ വ്യാപൃതരായിരിക്കല്‍), എംപതി (സഹാനുഭൂതി), ഈ മൂന്ന് മൂല്യങ്ങള്‍ സ്ഥാപനം ഇടപാടുകാരന് നല്‍കുന്ന കരുതലിന്റെ നിദര്‍്ശനങ്ങളാണെങ്കില്‍, ഏര്‍ളി (സമയത്തിനും നേരത്തിനും), എഫിഷ്യന്റ് (കാര്യക്ഷമത), എഫക്റ്റീവ് (ഫലപ്രദം) എന്നീ മൂല്യങ്ങള്‍ സ്ഥാപനത്തിന്റെ നടത്തിപ്പിലുള്ള ഗുണങ്ങളാണ്. ഈ ആറു മൂല്യങ്ങളെ ചേര്‍ത്ത് ആസ്തി നിലവാര ഷഡ്ബുജം (അസറ്റ് ക്വാളിറ്റി ഹെക്‌സ്ഗണ്‍) എന്നു പറയാം.
അറിയാം അടിസ്ഥാനതത്വങ്ങള്‍




  • എഡ്യൂക്കേഷന്‍ (സാമ്പത്തിക വിദ്യാഭ്യാസം)

ഇടപാടുകാര്‍ക്ക് ആവശ്യമായ സാന്പത്തിക വിദ്യാഭ്യാസം നല്‍കുക എന്നത് വളരെ പ്രധാനമാണ്. വായ്പ നല്‍കുന്ന സമയത്തു തന്നെ ഇത് നല്‍കണം. വായ്പ തവണ തുക, കാലാവധി, തിരിച്ചടവില്‍ വീഴ്ച വന്നാല്‍ എന്ത് സംഭവിക്കും, വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള വ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം തന്നെ വായ്പ നല്‍കുന്ന സമയത്ത് ഇടപാടുകാരോട് പറയണം. ഇങ്ങനെ ചെയ്താല്‍ വായ്പ തിരിച്ചടവ് സംബന്ധിച്ചു പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊക്കെ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഈ ഉത്തരവാദിത്വം വായ്പ നല്‍കുന്ന സമയത്തു മാത്രമായി ഒതുങ്ങുന്നതല്ല. വായ്പയുടെ കാലാവധിയാകെ ഈ വായ്പയുമായി ബന്ധപ്പെട്ടു മാറിവരുന്ന നിയമങ്ങളും സമയാസമയത്തു ഇടപാടുകാരനെ അറിയിച്ചാല്‍ ബാങ്കും ഇടപാടുകാരനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് മാത്രമല്ല വായ്പയുടെ തിരിച്ചടവ് യഥാസമയം നടക്കുകയും ചെയ്യും.

  • എന്‍ഗേജ്‌മെന്റ് (ബദ്ധ ശ്രദ്ധയോടെ വ്യാപൃതരായിരിക്കല്‍)

ഇടപാടുകാരുമായി ആവശ്യമനുസരിച്ചു ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. കണ്മുന്നിലില്ലെങ്കില്‍ മനസ്സിലുമില്ല എന്നാണ് പഴമൊഴി. ഈ ഡിജിറ്റല്‍ കാലത്തു കണ്മുന്നില്‍ തന്നെ വേണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മനസ്സില്‍ ഉണ്ടാകണം. അതിനു അനുയോജ്യമായ വാര്‍ത്തമിനിമയ രീതികള്‍ കണ്ടെത്തണം. ഇടപാടുകാരന്റെ ജോലിയിലും ബിസിനസ്സിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ അറിയണം. പണലഭ്യതയും വിനിയോഗവും അറിയണം. ആസ്തിയിലും കടത്തിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അറിയണം. വീട് പണിയുന്നതും താമസം മാറുന്നതും അറിയണം. ഫോണ്‍ നമ്പര്‍ മാറുന്നതും ഇ മെയില്‍ വിലാസം മാറുന്നതും അറിയുകയും രേഖപ്പെടുത്തുകയും വേണം. ഇടപാടുകാരെന്റെ യഥാര്‍ത്ഥമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും അത്തരം സാഹചര്യങ്ങളില്‍ അനുവദനീയമായ ആശ്വാസങ്ങള്‍ നല്‍കുകയും വേണം.

  • എംപതി (സഹാനുഭൂതി)
ഏതൊരു ധനകാര്യസ്ഥാപനത്തിന്റെയും മുഖ്യ വരുമാനം വായ്പയില്‍ നിന്ന് ലഭിക്കുന്ന പലിശയാണ്. ഇതിന്റെ സ്രോതസ്സ് വായ്പയെടുക്കുന്ന ഇടപാടുകാരാണ്. അതുകൊണ്ടുതന്നെ നല്ല ബാങ്കുകള്‍ വായ്പാ ഇടപാടുകാരുമായി എപ്പോഴും ഊഷ്മളമായ ബന്ധം നിലനിര്‍ത്തും. ഒരു ഇടപാടുകാരനും, പൊതുവെ, കരുതിക്കൂട്ടി വായ്പ തിരിച്ചടക്കാതിരിക്കില്ല. അപ്രതീക്ഷിതമായി വന്നെത്തുന്ന ദുരിതങ്ങളാണ് പലപ്പോഴും വായ്പ തിരിച്ചടവിന് തടസ്സമായി നില്‍ക്കുന്നത്. ഈ വിഷമാവസ്ഥകള്‍ മനസ്സിലാക്കി ഇടപാടുകാരനെ അനുചിതമായ ഉപദേശങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയും പിന്തുണക്കുമ്പോള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ഏറ്റവും അടുത്ത സ്‌നേഹിതനും പാര്‍ട്ണറും ആയി മാറുന്നു.
  • ഏര്‍ളി (സമയത്തിനും നേരത്തിനും)

ആവശ്യമായ വിവരങ്ങള്‍ ഏറ്റവും നേരത്തെ തന്നെ ഇടപാടുകാര്‍ക്ക് കൊടുക്കുവാന്‍ സുസ്ഥിരമായ സംവിധാനം ബാങ്കിന് ഉണ്ടാകണം. തിരിച്ചടവ് എന്ന് തുടങ്ങണമെന്നും തവണ തുക എത്രയെന്നും അടുത്ത തവണ തീയതി ഏതെന്നും മറ്റും മുന്‍കൂട്ടിത്തന്നെ ഇടപാടുകാരനെ അറിയിച്ചാല്‍ അതനുസരിച്ചു തയ്യാറായിരിക്കാനും പ്രവര്‍ത്തിക്കുവാനും അവര്‍ക്കു സാധിക്കും. വായ്പയുടെ പലിശ അടക്കേണ്ട സമയവും പുതുക്കേണ്ട സമയവും നേരത്തെ അറിയിക്കാവുന്നതാണ്. ഏതു സമയത്താണ് ഇടപാടുകാരനെ ബന്ധപ്പെടേണ്ടതെന്നും ഏതു ആശയമിനിമയ മാര്‍ഗ്ഗമാണ് ഓരോരുത്തര്‍ക്കും അനുചിതമെന്നും തീരുമാനിക്കുവാനും ഡാറ്റ മൈനിങ്, ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് തുടങ്ങിയ നൂതനവും കാലോചിതവുമായ ആശയങ്ങളും സാങ്കേതികവിദ്യയും സ്ഥാപനങ്ങളെ സഹായിക്കും.

  • എഫിഷ്യന്റ് (കാര്യക്ഷമത)

വായ്പ തിരിച്ചടവിനായി പ്രവര്‍ത്തിക്കുന്ന സുദൃഢമായ ഒരു സംവിധാനം ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവണം. ലളിതവും സുഗമവുമായ തിരിച്ചടവ് മാര്‍ഗങ്ങള്‍, അടവ് തുക ഒരുമിച്ചോ കയ്യിലാവുന്ന മുറക്കോ അടക്കാനുള്ള സൗകര്യം എന്നിവ ഇടപാടുകാര്‍ക്ക് ഒരുക്കിക്കൊടുക്കുകയും അത് വേണ്ടവിധം അവരെ അറിയിക്കുകയും ചെയ്യണം. വായ്പ് തിരിച്ചടവിന്റെ കാലതാമസവും ആവര്‍ത്തനസ്വഭാവവും മറ്റും അനുസരിച്ചു വായ്പകള്‍ തരം തിരിക്കുവാനും റിസ്‌ക് പ്രൊഫൈലിങ് ചെയ്യുവാനും കഴിയണം. ഇടപാടുകാരുമായി ബന്ധപ്പെടുവാന്‍ ഇന്ന് വളരെ മിടുക്കരായ റോബോട്ടുകള്‍ ലഭ്യമാണ്. ഭാഷയിലും ശൈലിയിലുമുള്ള മാറ്റങ്ങള്‍ പോലും മനസ്സിലാക്കി സ്വയം സമ്പന്നമാകാനും ആര്‍ജിച്ചെടുത്ത ഇന്റലിജന്‍സ് കൊണ്ട് സ്വയം മെച്ചപ്പെടുത്തുവാനും ഇവക്കു കഴിയും. ഇടപാടുകാരുടെ ശബ്ദവും, എന്തിന്, സംസാരത്തിലെ നീട്ടലും, കുറുക്കലും, മൂളലും വരെ പിടിച്ചെടുത്ത് സാധാരണ മനുഷ്യരെപ്പോലെ റോബോട്ടുകള്‍ വര്‍ത്തമാനം പറയും. ഇടപാടുകാര്‍ക്ക് നേരിട്ട് തങ്ങളുടെ വായ്പയുടെ വിവരങ്ങള്‍ അറിയുവാനും ഓരോ തവണ അടക്കുമ്പോഴും ക്രെഡിറ്റ് സ്‌കോറുകള്‍ എങ്ങനെ മാറുന്നു എന്നറിയുവാന്‍ പോലുമുള്ള ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്.

  • എഫക്റ്റീവ് (ഫലപ്രദം)
ഏതു സംവിധാനവും എത്ര ഫലപ്രദമാണ് എന്ന് നിശ്ചയിക്കുന്നത് അത് ഉന്നം വെക്കുന്ന ലക്ഷ്യം എത്രത്തോളം കൈവരിക്കുന്നു എന്നതിനെ അനുസരിച്ചാണ്. അതിനാല്‍ വായ്പ തിരിച്ചടവിനായി പ്രവര്‍ത്തിക്കുന്ന സംവിധാനം എത്ര ശക്തമാണെന്നിരിക്കലും അതിന്റെ പ്രയോജനം എത്രയെന്നു കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതുണ്ട്. മൊത്തം വായ്പയിന്മേലുള്ള മുടക്കു സമ്മര്‍ദ്ദം, ക്രെഡിറ്റ് കോസ്റ്റ്, വായ്പകളുടെ ഗുണനിലവാരം എന്നിവ ഈ സംവിധാനത്തിന്റെ ഉറപ്പും കാര്യക്ഷമതയും കാണിച്ചു തരും. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ചടുലതയോടെ വരുത്തുവാന്‍ ബാങ്കുകള്‍ക്ക് കഴിയണം.

തിരിച്ചടവിന്റെ സമ്മര്‍ദമോ, കിട്ടാക്കടമോ ഇല്ലാത്തതോ / കുറഞ്ഞതോ ആയ വായ്പകള്‍ പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളുടെ സ്വപ്നമാണ്. അതെ സമയം ധനകാര്യസ്ഥാപനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്. വായ്പ തിരിച്ചടക്കാഞ്ഞാല്‍ പകരം ഒരു പൗണ്ട് മാംസം ചോദിക്കുന്ന ഷൈലോക്കുമാര്‍ക്കു ഇന്ന് പ്രസക്തിയില്ല (മെര്‍ച്ചന്റ് ഓഫ് വെനീസ് - ഷേക്‌സ്പിയര്‍). ഷഡ്ബുജങ്ങളെ ഏറ്റവും മെച്ചമായ വിധത്തില്‍ സംയോജിപ്പിച്ചു കൊണ്ടുപോകുവാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ മാറിവരുന്ന പ്രതിബന്ധങ്ങളെ വിജയപൂര്‍വ്വം തരണം ചെയ്യും. മഴയും കൊടുംകാറ്റും മഹാമാരിയും അവര്‍ അതിജീവിക്കും.

ഈ സ്ഥാപനങ്ങള്‍ കാലത്തെ വകഞ്ഞു മാറ്റി സുദീര്‍ഘമായി സഞ്ചരിക്കും. അവര്‍ക്കൊപ്പം സംതൃപ്തരായ ഇടപാടുകാര്‍ എന്നും ഉണ്ടാവും.


Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it