പ്രവാസിമലയാളിയാണോ? ഈ മൂന്ന് ഇന്‍ഷുറന്‍സ് ഉറപ്പായും വേണം

തുടര്‍ച്ചയായുള്ള നിക്ഷേപങ്ങളും മികച്ച സമ്പാദ്യ പദ്ധതികളും മതിയോ, ഭാവിയിലേക്കുള്ള കരുതലായി ഇന്‍ഷുറന്‍സ് പോളിസികളും വളരെ വിലപ്പെട്ടതാണ് അതും അസുഖങ്ങള്‍, മാരകരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്‌കുകള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍. പ്രവാസി മലയാളികളും ഇവയെചെറുക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിരിക്കണം. ജോലിചെയ്യുന്ന സ്ഥലത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളതിനാല്‍ വിദേശമലയാളികള്‍ പലപ്പോഴും കേരളത്തില്‍ കവറേജ് എടുക്കാറില്ല. എന്നാല്‍, കുടുംബാംഗങ്ങള്‍ക്കുകൂടി സംരക്ഷണം നല്‍കുന്ന തരത്തില്‍ നാട്ടില്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റുമ്പോഴും പുറത്തെ ഇന്‍ഷുറന്‍സ് കവറേജ് മതിയാവില്ല.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
എല്ലാ വ്യക്തികളെയും പോലെ വിദേശ മലയാളികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. അസുഖങ്ങള്‍, മാരകരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നീ റിസ്‌കുകളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്. ചികിത്സാച്ചെലവുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പലപ്പോഴും ആശുപത്രിച്ചെലവുകള്‍ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്യാവുന്ന 'ഫാമിലി ഫ്‌ളോട്ടര്‍ പോളിസി'യാണ് വിദേശമലയാളികള്‍ക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ പോളിസി നിബന്ധനകള്‍ക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളില്‍ നാട്ടില്‍ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്.
പ്രീമിയം നിരക്ക് താരതമ്യേന കുറവുള്ള 'ആരോഗ്യസഞ്ജീവനി' പോളിസിയില്‍ ചികിത്സാച്ചെലവിന്റെ അഞ്ചു ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായിവരും. 30 വയസുള്ള ഗൃഹനാഥനും കുടുംബവുമാണെങ്കില്‍ 11,313 രൂപയും, 40 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 12,199 രൂപയും, 50 വയസായ ഗൃഹനാഥനും കുടുംബത്തിനും 16,677 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി അടയ്‌ക്കേണ്ടിവരിക. കൂടുതല്‍ റിസ്‌കുകള്‍ കവര്‍ ചെയ്യുന്ന വിവിധങ്ങളായ പോളിസികള്‍ ഇന്ന് വിപണിയില്‍ നിലവിലുണ്ട്. അത്തരം പോളിസികള്‍ക്ക് കൂടുതല്‍ പ്രീമിയം നല്‍കേണ്ടതായിവരും.
അപകട ഇന്‍ഷുറന്‍സ്
അപകടമരണം, അപകടത്തോടനുബന്ധിച്ചുള്ള അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങി വിവിധതരം റിസ്‌കുകള്‍ കവര്‍ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങള്‍ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്‌ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാനാകുക. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ റിസ്‌കുകള്‍ കവര്‍ ചെയ്യാന്‍ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാര്‍ഷിക പ്രീമിയം അടച്ചാല്‍മതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് ഇത്.
ടേം ഇന്‍ഷുറന്‍സ് (ലൈഫ്)
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാമെന്നിരിക്കെ ലൈഫ് കവറുകള്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് വലിയ ബാധ്യതകള്‍ ഉള്ളവര്‍ക്ക്. പഠനം, വിവാഹം, പ്രായമായ ആശ്രിതരുടെ ചെലവുകള്‍, ഇഎംഐ എന്നിവയൊക്കെ ഒരാളുടെ അഭാവത്തിലും കവര്‍ ചെയ്യപ്പെടുന്നതാണ് ഈ പോളിസികളുടെ പ്രത്യേകത. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. എങ്കില്‍, നിങ്ങള്‍ 'ടേം കവര്‍ പോളിസി' എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്‌കുകള്‍ കൂടുമെന്നതിനാല്‍ പ്രീമിയത്തിലും വര്‍ധന ഉണ്ടാവും. ഇന്‍ഷുര്‍ ചെയ്യുന്ന തുക, വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം. പ്രീമിയം നിരക്കുകൾ പ്രായവും ഇൻഷുർ ചെയുന്ന തുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കും.

(വിവരങ്ങള്‍ക്ക് കടപ്പാട്: വിശ്വനാഥന്‍ ഒടാട്ട്, മാനേജിംഗ് ഡയറക്റ്റര്‍ & ഇന്‍ഷുറന്‍സ് വിദഗ്ധന്‍- എയിംസ് ഇന്‍ഷുറന്‍സ്, തൃശൂര്‍ )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it