ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകൾ പലവിധം, സുരക്ഷ എങ്ങനെ ഉറപ്പാക്കാം
ഡോ. ജുബൈർ ടി.
ഡെബിറ്റ് കാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്താല്‍ ഡെബിറ്റ് കാര്‍ഡുകള്‍ അങ്ങേയറ്റം സുരക്ഷിതമാണ്.
ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഒരുപാട് സുരക്ഷാ നടപടികള്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇത്തരം സുരക്ഷാ നടപടികള്‍ കൊണ്ടു മാത്രം സുരക്ഷ ഉറപ്പാക്കാനാവില്ല. കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ എടുത്തിരിക്കേണ്ട ഒരുപാട് മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളുമുണ്ട്.
എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ വളരെ പുറകിലാണ് എന്നാണ് ഈ മേഖലയില്‍ നടന്ന ഒരു ഗവേഷണ ഫലം കാണിക്കുന്നത്. ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുപാട് തട്ടിപ്പുകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ട് ഫ്രോഡുകള്‍ താഴെ കൊടുക്കുന്നു.
ഫിഷിങ്ങ്: ബാങ്കില്‍ നിന്ന് അല്ലെങ്കില്‍ മറ്റ് ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന് എന്ന് പറഞ്ഞുകൊണ്ട് ടെലിഫോണ്‍ കോളുകള്‍, ഇ മെയ്‌ലുകള്‍, എസ്.എം.എസ് മുതലായവയിലൂടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും ഡെബിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, സി.വി.വി നമ്പര്‍, ഒ.ടി.പി. മുതലായവ ആവശ്യപ്പെടുകയും ചെയ്യുന്നതിനെയാണ് ഫിഷിങ്ങ് എന്ന് പറയുന്നത്.
ഡെബിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, സി.വി.വി നമ്പര്‍, ഒ.ടി.പി എന്നിവ ആവശ്യപ്പെട്ടു കൊണ്ട് ബാങ്കില്‍ നിന്നോ മറ്റ് ഓഫീസുകളില്‍ നിന്നോ ആരും ഉപഭോക്താക്കളെ വിളിക്കില്ല എന്ന് എല്ലാവരും മനസിലാക്കുക. അങ്ങനെ വിളിക്കുകയോ മെസ്സേജ് ലഭിക്കുകയോ ചെയ്താല്‍ അത് ഹാക്കര്‍മാര്‍ എന്നറിയപ്പെടുന്ന ക്രിമിനലുകളാണ് എന്ന് മനസിലാക്കുകയും വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുക.
സ്‌കിമ്മിങ്ങ്: എ.ടി.എമ്മുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന സ്ഥലത്ത് വ്യാജ കാര്‍ഡ് റീ ഡറുകള്‍ രഹസ്യമായി ഘടിപ്പിച്ച് ഉപഭോക്താക്കള്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പിന്നീട് പണം അപഹരിക്കുന്ന രീതിയാണ് ഇത്. എ.ടി.എമ്മുകളില്‍ അസ്വാഭാവികമായി എന്തെങ്കിലും കാണുകയോ കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആ എ.ടി.എം ഉപയോഗിക്കാതിരിക്കുക എന്നുള്ളതാണ് സ്‌കിമ്മിങ്ങിന് ഇരയാകാതിരിക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്.
സുരക്ഷാ മുന്‍കരുതലുകള്‍
- ഡെബിറ്റ് കാര്‍ഡ് ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പുറകില്‍ ഉപഭോക്താവിന്റെ സിഗ്‌നേചര്‍ രേഖപ്പെടുത്താനുള്ള സ്ഥലത്ത് ഒപ്പിടുക.
- ജെനറേറ്റ് ചെയ്തെടുക്കുന്ന പിന്‍ നമ്പര്‍ 24 മണിക്കൂറിനുള്ളില്‍ മാറ്റുക.
- ആര്‍ക്കും പെട്ടെന്ന് ഊഹിച്ചെടുക്കാവുന്ന 1111, 1010, 1234 മുതലായ
- പിന്‍ നമ്പറുകള്‍ ഉപയോഗിക്കാതിരിക്കുക.
- പിന്‍ നമ്പര്‍ ഇടക്ക് മാറ്റിക്കൊണ്ടിരിക്കുക.
- പിന്‍ നമ്പര്‍ മനസില്‍ ഓര്‍ത്തു വെക്കുക. അത് മൊബീലില്‍ അടിച്ചു വെക്കുകയോ കാര്‍ഡിന്റെ കവറിലും മറ്റും എഴുതി വെക്കുകയോ ചെയ്യരുത്.
- എ.ടി.എമ്മിലും പി.ഒ.എസ് മെഷീനുകളിലും പിന്‍ നമ്പര്‍ അടിക്കുമ്പോള്‍ മറ്റുള്ളവര്‍ കാണാതെ കൈ കൊണ്ട് മറച്ച് പിടിക്കുക.
- ടെലിഫോണ്‍ കാളുകള്‍, എസ്.എം.എസ്., ഇമെയ്ല്‍, വാട്‌സ് ആപ്പ് മുതലായവയിലൂടെയൊന്നും കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും നല്‍കാതിരിക്കുക.
- ഇടപാടുകള്‍ കഴിഞ്ഞാല്‍ ലഭിക്കുന്ന രസീതി, എസ്.എം.എസ്
- എന്നിവ പരിശോധിച്ച് തുക ശരിയാണെന്ന് ഉറപ്പു വരുത്തുക. കാര്‍ഡ് ഇടപാടുകള്‍ നടത്താത്ത സമയത്തുപോലും ബാങ്കുകളില്‍ നിന്ന് വരുന്ന എസ്.എം.എസുകള്‍ വായിച്ചു നോക്കുന്നത് നിങ്ങളറിയാതെ ഇടപാടുകള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സഹായകമായിരിക്കും.
- വിശ്വാസ്യതയുള്ള കടകളിലും സുരക്ഷിതമായ വെബ്‌സൈറ്റുകളിലും മാത്രം കാര്‍ഡുകള്‍ ഉപയോഗിക്കുക. കാര്‍ഡുകള്‍ നിങ്ങളുടെ സാന്നിധ്യത്തില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിക്കുകയും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ഉടന്‍ തന്നെ കാര്‍ഡുകള്‍ തിരിച്ചു വാങ്ങാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
- ബാങ്കില്‍ നിന്നാണ് എന്നെല്ലാം പറഞ്ഞുകൊണ്ടു വരുന്ന കോളുകള്‍, മെസേജുകള്‍ എന്നിവയിലൂടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്.
- ഡെബിറ്റ് കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ക്കും പരാതികള്‍ക്കും ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അല്ലാത്ത നെറ്റില്‍ കാണുന്ന നമ്പറുകളില്‍ വിളിക്കുകയോ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്.
- ഇന്റര്‍നെറ്റ് കഫേകള്‍, പബ്ലിക് വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക.