ഓണ്‍ലൈനിലൂടെ ഭവനവായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിരവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ് ഭവന വായ്പ ഓഫറുകളുമായി ഉപഭോക്താക്കളെ സമീപിക്കുന്നത്. എളുപ്പത്തില്‍ വായ്പ ലഭിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പൊല്ലാപ്പാകും

വീട് വെക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും സ്വപ്‌നസാക്ഷാത്കാരമാണ്. ഏറെ നാളത്തെ ആഗ്രഹത്തിനു ശേഷം സഫലമാകുന്ന സ്വപ്നം. ഒരു നിക്ഷേപം എന്നതിലുപരി വൈകാരികമായ ബന്ധമാണ് വീടുമായി ഉള്ളത്. വീട് വെക്കുന്നതിനോ വാങ്ങുന്നതിനോ വലിയ തുക ആവശ്യമായി വരുന്നു എന്നതുകൊണ്ടു തന്നെ മിക്ക ആളുകളും ഏതെങ്കിലും വായ്പയെ ആശ്രയിക്കുന്നു. എന്നാല്‍ പഴയതു പോലല്ല കാര്യങ്ങള്‍, ബാങ്കുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തില്‍ വായ്പ ലഭ്യമാകുന്ന കാലമാണിത്. ഏതാനും ക്ലിക്കുകള്‍ കൊണ്ട് വായ്പാതുക നിങ്ങളുടെ എക്കൗണ്ടിലേക്കെത്തിയേക്കാം.
എന്നാല്‍ വായ്പ നല്‍കുന്ന നിരവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നല്ലതിനെ തെരെഞ്ഞെടുക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിതാ...
വായ്പാദാതാവിന്റെ വിശ്വാസ്യത
മിക്ക ഡിജിറ്റല്‍ ഹോം ലോണ്‍ പ്ലാറ്റ്‌ഫോമുകളും മികച്ച ബാങ്ക് ഓഫറുകള്‍ പരിചയപ്പെടുത്തുകയും നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച ബാങ്കിനെ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. അതിനു പുറമേ സ്വന്തം നിലയില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇടപാടുകാരും ബാങ്കുമായി 10 മുതല്‍ 30 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ബന്ധമാണ് ഭവനവായ്പയിലൂടെ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ വായ്പാദാതാവിന്റെ വിശ്വാസ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. ഐഎസ്ഒ 9001, ഐഎസ്ഒ 27001 അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ നല്‍കുന്ന ഡാറ്റകളുടെ സംരക്ഷണവും സുരക്ഷിതമായ ഇടപാടുകളും അത് ഉറപ്പു വരുത്തും.
കൂടുതല്‍ ഓപ്ഷനുകളുള്ള പ്ലാറ്റ്‌ഫോം തെരഞ്ഞെടുക്കാം
വിവിധ ബാങ്കുകളുടെ വായ്പ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ തെരെഞ്ഞെടുക്കാം. അതിലൂടെ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.
ഉപഭോക്താവിനോടുള്ള സമീപനം
ഉപഭോക്താവിന് മികച്ച പിന്തുണയും സഹായവും നല്‍കുന്ന പ്ലാറ്റഫോമുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മികച്ച പ്ലാറ്റ്‌ഫോമുകള്‍ പലിശ അടക്കാനുള്ള സമയത്തെ കുറിച്ച് ഇ മെയ്‌ലായും എസ്എംഎസ് വഴിയായുമൊക്കെ ഉപഭോക്താവിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ആവശ്യമെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ആളുകളെ നേരിട്ട് ബന്ധപ്പെടാനും വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണോ എന്നതും പരിഗണിക്കണം.
നിബന്ധനകളും ഉപാധികളും മനസ്സിലാക്കുക
പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍ മുഴുവന്‍ വായിക്കാനുള്ള ക്ഷമ നമ്മള്‍ കാട്ടാറില്ല. വായിച്ചു നോക്കാതെ തന്നെ 'എഗ്രീ' ബട്ടണ്‍ അമര്‍ത്തും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് വായിച്ചു നോക്കുകയും പലിശ നിരക്കും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണമെന്നത് നിര്‍ബന്ധമാണ്.


Related Articles

Next Story

Videos

Share it