

രാത്രി വൈകി അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അനുമതിയില്ലാതെ പണം പിൻവലിക്കപ്പെട്ടതായി മെസേജ് ലഭിച്ചാൽ, ബാങ്ക് ശാഖ തുറക്കുന്നതുവരെയോ നേരം പുലരുന്നതുവരെയോ കാത്തിരിക്കരുത്. അർദ്ധരാത്രിയിലും ഇത്തരം വ്യാജ ഇടപാടുകൾ (Fraudulent transactions) റിപ്പോർട്ട് ചെയ്യാൻ ആർ.ബി.ഐ (RBI) നിർദ്ദേശപ്രകാരം 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ബാങ്കുകൾ നൽകേണ്ടതുണ്ട്.
ബാങ്കിനെ ഉടനടി അറിയിക്കുക: ബാങ്കിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അനുമതിയില്ലാത്ത ഇടപാടിനെക്കുറിച്ച് പരാതിപ്പെടുക. മേൽനടപടികൾക്കായി പരാതി നമ്പർ (Complaint number) വാങ്ങി കൃത്യമായി സൂക്ഷിക്കുക.
സേവനങ്ങൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യുക: കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ ബാങ്കിംഗ് ആപ്പ് വഴിയോ ബാങ്കിനോട് ആവശ്യപ്പെട്ടോ കാർഡുകൾ, യു.പി.ഐ (UPI), മറ്റ് പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ ഉടനടി ബ്ലോക്ക് ചെയ്യുക.
1930 സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിളിക്കുക: ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ചോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ പരാതി നൽകുക. തുക മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അത് തടയാൻ പെട്ടെന്നുള്ള റിപ്പോർട്ടിംഗ് സഹായിക്കും.
ബാങ്കിന്റെ ഭാഗത്തുനിന്നുള്ള തകരാറുകൾ മൂലമാണ് പണം നഷ്ടപ്പെട്ടതെങ്കിൽ ഉപഭോക്താവിന് പൂർണമായും സാമ്പത്തിക ബാധ്യതയില്ല. എന്നാൽ, ഒ.ടി.പി (OTP) അല്ലെങ്കിൽ യു.പി.ഐ പിൻ (UPI PIN) പങ്കുവെച്ചതിലൂടെയാണ് തട്ടിപ്പ് നടന്നതെങ്കിൽ, പരാതി നൽകുന്നത് വരെയുള്ള നഷ്ടം ഉപഭോക്താവ് സഹിക്കേണ്ടിവരും. എന്നാൽ പരാതി നൽകിയതിന് ശേഷം ഉണ്ടാകുന്ന കൂടുതൽ നഷ്ടങ്ങൾ ബാങ്ക് വഹിക്കേണ്ടി വരുമെന്നാണ് ആർ.ബി.ഐ നിയമം.
ബാങ്ക് ഹെൽപ്പ് ലൈൻ ലഭിച്ചില്ലെങ്കിൽ ബാങ്കിംഗ് ആപ്പ്, ഇൻഫർമേഷൻ എസ്.എം.എസ് ഓപ്ഷനുകൾ എന്നിവ ഉപയോഗിക്കുകയും കോൾ റെക്കോർഡുകളും സ്ക്രീൻഷോട്ടുകളും സൂക്ഷിക്കുകയും ചെയ്യുക. അടുത്ത ദിവസം രാവിലെ ബാങ്കിന്റെ ആക്നോളജ്മെന്റ് ഉറപ്പാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്യാം.
Read DhanamOnline in English
Subscribe to Dhanam Magazine