ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിക്കുന്ന നിക്ഷേപമാര്‍ഗം
ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മികച്ച നിക്ഷേപ മാര്‍ഗം നിര്‍ദേശിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 8.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്ന എന്‍.എച്ച്.എ.ഐ (NHAI) ഇന്‍വിറ്റ് ബോണ്ടുകളില്‍ നിക്ഷേപിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.5.5% മുതല്‍ 7.5% വരെയാണ് സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്.
സ്ഥിര വരുമാനം തേടുന്നവര്‍ക്ക്
കേന്ദ്രത്തിന്റെ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനിനെ (NMP) പിന്തുണയ്ക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റാണ് എന്‍.എച്ച്.എ.ഐ ഇന്‍വിറ്റ്. ഈ ബോണ്ടുകളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്. എന്‍.എച്ച്.എ.ഐ ഇന്‍വിറ്റ് ബോണ്ടുകളുടെ പ്രധാന നേട്ടം പലിശ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും നേരിട്ട് ലഭിക്കുന്നു എന്നതാണ്. കൂടാതെ ഓരോ 15 ദിവസത്തിലും നിക്ഷേപത്തിനായി ബോണ്ടുകള്‍ തുറന്നിരിക്കും. ഇത് നിക്ഷേപങ്ങളില്‍ നിന്ന് സ്ഥിര വരുമാനം തേടുന്ന വ്യക്തികള്‍ക്ക് ലാഭകരമായ അവസരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എച്ച്.എ.ഐ ഇന്‍വിറ്റ് ബോണ്ടുകള്‍ക്ക് രണ്ട് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് AAA യുടെ ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപമാണെന്ന സൂചനയാണ് ക്രെഡിറ്റ് റേറ്റിംഗ് നല്‍കുന്നത്. ഈ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകര്‍ ഇന്ത്യയുടെ ദേശീയ പാത ശൃംഖലയുടെ വികസനത്തിലേക്കായി സംഭാവന ചെയ്യുന്നു. ഉയര്‍ന്ന പലിശയും പ്രതിമാസ വരുമാനവും നല്‍കുന്ന സുരക്ഷിത നിക്ഷേപം ലക്ഷ്യമിടുന്ന വ്യക്തികള്‍ക്കുള്ള ആകര്‍ഷകമായ നിക്ഷേപ ഓപ്ഷനാണ് എന്‍.എച്ച്.എ.ഐ ഇന്‍വിറ്റ് ബോണ്ടുകള്‍.