70 വയസ്സുവരെ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാം; അറിയേണ്ടതെല്ലാം

എന്‍പിഎസ് പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി ഉയര്‍ത്തിയതോടൊപ്പം ഫണ്ടിന്റെ 50 ശതമാനം ഇക്വിറ്റി നിക്ഷേപത്തിലേക്ക് മാറ്റാനുള്ള സൗകര്യവും ഉപയോഗിക്കാം.
70 വയസ്സുവരെ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാം; അറിയേണ്ടതെല്ലാം
Published on

എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 വയസ്സായി ഉയര്‍ത്തി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തുവിട്ട അറിയിപ്പ് പ്രകാരം 18 വയസ്സ് മുതല്‍ 70 വയസ്സുവരെ പ്രായപരിധിയുള്ള ആധാര്‍ കാര്‍ഡില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എന്‍പിഎസില്‍ ചേരാം.

എന്തൊക്കെയാണ് എന്‍പിഎസിന്റെ പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും എന്നു നോക്കാം:-
  • പദ്ധതി പ്രകാരം പെന്‍ഷന്‍ സ്‌കീമിലേക്ക് എത്തുന്ന തുക ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങി വിവിധ നിക്ഷേപോപാധികളിലാണ് നിക്ഷേപിക്കപ്പെടുന്നത്. എന്നാല്‍ ഇനിമുതല്‍ നിക്ഷേപകര്‍ക്ക് അവരുടെ ഫണ്ടിന്റെ 50 ശതമാനം വരെ ഇക്വിറ്റികളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നതാണ്. ഓട്ടോ ചോയ്‌സ് ഓപ്ഷന്‍ തെരഞ്ഞെടുത്തവര്‍ക്ക് ഇത് 15 ശതമാനമാണ്.
  • ഇക്വിറ്റിയോ മറ്റ് ഇന്‍വസ്റ്റ്മെന്റ് ഇന്‍സ്ട്രുമെന്റാണോ വേണ്ടതെന്ന് നിക്ഷേപകര്‍ക്ക് തീരുമാനിക്കാം.
  • എന്‍പിഎസിന് കീഴില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കും നിക്ഷേപം നടത്താം.
  • എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപ വരെയുമാണ് എന്‍പിഎസ് നിക്ഷേപകന് നികുതി ഇളവ് ലഭിക്കുക.
  • 65 വയസ്സുവരെയായിരുന്നു ഇതുവരെ എന്‍പിഎസ് എന്നതിനാല്‍ പലരും പദ്ധതി അവസാനിപ്പിച്ചിരുന്നു. ഇവര്‍ക്ക് വീണ്ടും ചേരാനുള്ള സൗകര്യമുണ്ട്. പ്രായപരിധി 70 കഴിയരുതെന്ന് മാത്രം. പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയുമായി പോസ്റ്റ് ഓഫീസില്‍ എത്തിയാലും എന്‍പിഎസില്‍ ചേരാം.
  • പിഒപി അഥവാ പോയിന്റ് ഓഫ് പ്രസന്‍സ് എന്ന പേരില്‍ രാജ്യമെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന സേവന കേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസ് ഇടപാടുകള്‍ ജനങ്ങളിലേക്കെത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകളും പിഒപി കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
  • അടിസ്ഥാന അക്കൗണ്ടായ ടയര്‍ 1 ല്‍ മിനിമം നിക്ഷേപം 500 രൂപയാണ്. വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 6,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതായുണ്ട്.
  • പിഎഫ്ആര്‍ഡിഎയുടെ അംഗീകാരമുള്ള എട്ട് ഫണ്ട് മാനേജ്മെന്റ് സ്ഥാപനങ്ങളാണ് എന്‍പിഎസ് നിക്ഷേപം കൈകാര്യം ചെയ്തുവരുന്നത്. LIC, UTI, SBI, ICICI പ്രൂഡന്‍ഷ്യല്‍, ബിര്‍ള സണ്‍ലൈഫ്, ഒഉഎഇ, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവരാണ് ഈ ഫണ്ട് മാനേജര്‍മാര്‍.
  • എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ച് 70 ാമത്തെ വയസില്‍ എത്തിച്ചേരുമ്പോള്‍ നിശ്ചിത തുകയുടെ 60 ശതമാനം നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം. മിച്ചം വരുന്ന 40 ശതമാനം തുക ഇന്‍ഷുറന്‍സ് കമ്പനികളിലെ ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കുകയും ജീവിതാവസാനം വരെ പ്രതിമാസ പെന്‍ഷന്‍ ആയി സ്വീകരിക്കുകയും ചെയ്യാം.
  • കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണമെങ്കില്‍ എഴുപതാമത്തെ വയസില്‍ സ്വരൂപിക്കപ്പെട്ട തുകയുടെ 60 ശതമാനം പിന്‍വലിക്കാതെ മുഴുവന്‍ തുകയും ആന്വിറ്റിയായി അഥവാ പ്രതിമാസ പെന്‍ഷന്‍ തുകയായി വാങ്ങിക്കൊണ്ടേയിരിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com