കാർഡ് പോക്കറ്റിലിരിക്കട്ടെ, കളി യു.പി.ഐയും ലോണും! ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരിൽ പകുതിയും യുവാക്കൾ

മെട്രോ നഗരങ്ങളെ മറികടന്ന് അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലകളില്‍ കുതിപ്പ്; ചെറിയ പേഴ്‌സണല്‍ ലോണുകളും യു.പി.ഐയും യുവാക്കളുടെ വായ്പാ ശീലങ്ങള്‍ മാറ്റുന്നു.
credit card transaction
Image: Canva
Published on

രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വന്‍ തലമുറമാറ്റമെന്ന് റിപ്പോര്‍ട്ട്. പുതുതായി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നവരില്‍ പകുതിയും മുപ്പത് വയസ്സോ അതില്‍ താഴെയോ പ്രായമുള്ള യുവാക്കളാണെന്ന് പ്രമുഖ ക്രെഡിറ്റ് ബ്യൂറോയായ ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. 'ബിയോണ്ട് ദി സൈ്വപ്പ് 2026' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗരംഗത്തെ ഈ നിര്‍ണായക മാറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉള്‍പ്പെടെയുള്ള അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലകളിലേക്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം അതിവേഗം വ്യാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഗ്രാമീണ വിപണിയില്‍ മുന്നേറ്റം

പുതിയ ഉപഭോക്താക്കളില്‍ 46 ശതമാനവും അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ്. 2022-ല്‍ ഇത് 42 ശതമാനം മാത്രമായിരുന്നു. 2026-ല്‍ രാജ്യത്തെ ആകെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 5.2 കോടി കടന്നു. 2016-ല്‍ ഇത് വെറും 1.4 കോടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 3.6 ഇരട്ടിയുടെ വളര്‍ച്ചയാണുണ്ടായത്. ഇതേ കാലയളവില്‍ ആക്ടീവ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2.1 കോടിയും കടന്ന് 5 ഇരട്ടി വളര്‍ന്ന് 10.7 കോടിയായി മാറി.

2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ കാര്‍ഡ് ഉടമകളില്‍ 50 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണ്. 2022 മാര്‍ച്ചില്‍ ഈ പ്രായപരിധിയിലുള്ളവര്‍ 43 ശതമാനമായിരുന്നു.

കടബാധ്യത കൂടി

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടിയതോടെ രാജ്യത്തെ ആകെ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ (2016-2026) കുടിശിക 8.3 ഇരട്ടി വര്‍ധിച്ച് 3.1 ലക്ഷം കോടി രൂപയിലെത്തി. ഒരു ഉപഭോക്താവിന്റെ ശരാശരി കാര്‍ഡ് ബാലന്‍സ് (ശരാശരി കുടിശ്ശിക) 31,000 രൂപയില്‍ നിന്നും 65,000 രൂപയായി ഉയര്‍ന്നു.

നിലവില്‍ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം 25 ശതമാനം മാത്രമാണ്. ഹോങ്കോംഗ് (98 ശതമാനം), യുകെ (70 ശതമാനം), കൊളംബിയ (62 ശതമാനം) തുടങ്ങിയ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇനിയും വലിയ വളര്‍ച്ചയ്ക്കുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.

പകരക്കാരനായി യു.പി.ഐയും പേഴ്സണല്‍ ലോണുകളും

ലോണ്‍ ശീലങ്ങളുടെ കാര്യത്തിലും ഉപഭോക്താക്കളുടെ രീതികള്‍ മാറിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് മാത്രം ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തരം ഉപഭോക്താക്കളുടെ എണ്ണം 2016-ലെ 50 ശതമാനത്തില്‍ നിന്നും 2026-ല്‍ 33 ശതമാനമായി കുറഞ്ഞു. ചെറുകിട വ്യക്തിഗത വായ്പകള്‍ (Small-ticket perosnal loans), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകള്‍ എന്നിവയ്ക്കൊപ്പമാണ് പലരും ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ യു.പി.ഐ (UPI) അധിഷ്ഠിത ക്രെഡിറ്റ് പേയ്മെന്റുകള്‍ ജനപ്രിയമായതും പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡുകളുടെ കുത്തക കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

പകരം ക്രെഡിറ്റ് കാര്‍ഡിനൊപ്പം മറ്റ് വായ്പകളും ഒരേസമയം ഉപയോഗിക്കുന്നവര്‍ 16 ശതമാനത്തില്‍ നിന്നും 32 ശതമാനമായി ഉയര്‍ന്നു. മൂന്നോ അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെക്കുന്നവരുടെ എണ്ണം 12 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി മാറി.

പുതിയ തലമുറയുടെ വായ്പാ രീതികള്‍

മുന്‍കാലങ്ങളില്‍ യുവാക്കള്‍ ആദ്യമായി എടുക്കുന്ന വായ്പാ സൗകര്യം ക്രെഡിറ്റ് കാര്‍ഡുകളായിരുന്നെങ്കില്‍ ഇന്നത് മാറിയിട്ടുണ്ട്. 2024-ല്‍ ആദ്യമായി കാര്‍ഡ് എടുത്ത പുതിയ തലമുറ ഉപഭോക്താക്കളില്‍ 31 ശതമാനം പേര്‍ക്കും ഇതിനകം തന്നെ രണ്ടോ അതിലധികമോ മറ്റ് വായ്പാ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ കാര്‍ഡ് എടുത്തതിന് ശേഷം 12 മാസത്തിനുള്ളില്‍ മറ്റൊരു ക്രെഡിറ്റ് ഉല്‍പ്പന്നം കൂടി ഉപയോഗിക്കാന്‍ തുടങ്ങിയവര്‍ പുതിയ തലമുറയില്‍ 69 ശതമാനമാണ്. 2018-ല്‍ ഇത് വെറും 55 ശതമാനം മാത്രമായിരുന്നു.

രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണിയുടെ വളര്‍ച്ച കൂടുതല്‍ വിപുലവും സജീവവുമായ ഒരു ഉപഭോക്തൃ സമൂഹത്തെയാണ് കാണിക്കുന്നതെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ എംഡി & സിഇഒ ഭവേഷ് ജെയിന്‍ പറഞ്ഞു. അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഉണ്ടായ സ്വീകാര്യതയാണ് ബാങ്കുകള്‍ക്ക് ഈ മേഖലകളില്‍ പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

Digital payment shifts and small perosnal loans are transforming credit habits across semi-urban and rural India, according to the latest CIBIL report.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com