
എല്ലാവര്‍ക്കും കോടീശ്വരന്‍മാര്‍ ആകണം എന്നുണ്ടെങ്കിലും ജനങ്ങളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ ആ നിലയില്‍ എത്താന്‍ കഴിയാറുള്ളൂ. അതിന് അവസരം കിട്ടിയില്ലെന്നാകും മിക്കവരും പറയുക. മറിച്ച് അതിനുള്ള വഴി തിന്മയുടേതാണെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും പറയുന്നവര്‍ ധാരാളമുണ്ടാകും. രണ്ടും തെറ്റാണ്. ഇത് എല്ലാവര്‍ക്കും അറിയാം. സമ്പന്നരാകാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അതിലെ തിന്മയുടെ പേരില്‍ സമ്പത്ത് സമാഹരിക്കാന്‍ നോക്കാത്തവരും കുറവാകും. സമ്പത്ത് വര്‍ധിപ്പിക്കാനുള്ള അവസരം ഉപയോഗിക്കാത്തവരാണ് ഏറെയും. അല്ലെങ്കില്‍ അവര്‍ വിപണിയില്‍ തെറ്റായ ഉപദേശം സ്വീകരിച്ച് കൈ പൊള്ളിയവരാകും.
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വലിയ നേട്ടമുണ്ടാക്കാന്‍ കുറച്ച് കാര്യം മാത്രം അറിഞ്ഞിരുന്നാല്‍ മതി. ഒപ്പം ചില പ്രലോഭനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള ദൃഢനിശ്ചയവും. ഓഹരി വിപണിയില്‍ നിക്ഷേപത്തിന് വരുന്ന മിക്കവരെയും ചതിയില്‍ പെടുത്തുന്ന ചില കാര്യങ്ങളുണ്ട്.
ഒന്ന്: നിക്ഷേപമാണ് ലക്ഷ്യം എന്നത് മറക്കുന്നു. പകരം പെട്ടെന്ന് ആകര്‍ഷകമായി തോന്നുന്ന വാങ്ങല്‍-വില്‍പ്പന ചക്രത്തിലേക്ക് മാറുന്നു.
പെട്ടെന്ന് സമ്പത്ത് ഉണ്ടാക്കാനുള്ള വഴിയല്ല നിക്ഷേപം. മറിച്ച് ക്രമമായ സമ്പാദ്യത്തിലൂടെ വലിയ സമ്പത്തിലേക്ക് എത്തിപ്പെടുന്നതാണ്. അതിന് കുറുക്കുവഴികളില്ല. ഒരുമാസം കൊണ്ടോ ആറ് മാസം കൊണ്ടോ ഇരട്ടിക്കുമെന്ന് കരുതാവുന്നവയില്‍ അല്ല പണം നിക്ഷേപിക്കേണ്ടത്. വര്‍ഷങ്ങളോളം വളരും എന്ന് കരുതാവുന്നവയില്‍ നിക്ഷേപിക്കണം. ഓഹരിയെപ്പറ്റി ഉള്ള വിലയിരുത്തല്‍ പാടേ തിരുത്തേണ്ട സാഹചര്യം വരുന്നില്ലെങ്കില്‍ പോര്‍ട്ട്‌ഫോളിയോയില്‍ അഴിച്ചുപണി നടത്തരുത്.
രണ്ട്: ദീര്‍ഘദൂര ട്രെയിനിലോ ദീര്‍ഘദൂര ബസിലോ നടത്തേണ്ട യാത്ര പല ഹ്രസ്വദൂര ബസുകളില്‍ മാറിമാറി കയറി നടത്തിയാല്‍ നിങ്ങള്‍ യഥാസമയം ലക്ഷ്യത്തില്‍ എത്തില്ല.
അതുതന്നെയാണ് ഹ്രസ്വകാല നേട്ടം നല്‍കുന്നവയെ ഇടയ്ക്കിടെ വാങ്ങി മുന്നോട്ടു പോകുന്നത് വഴി സംഭവിക്കുന്നത്. ഏത് നിക്ഷേപത്തിലും മുതല്‍ (ക്യാപിറ്റല്‍) സംരക്ഷിക്കുന്നതാണ് പ്രധാനം. ഇടയ്ക്കിടെ മുതല്‍ നഷ്ടപ്പെടുത്തുന്ന ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് തിരിയുമ്പോള്‍ മുതല്‍ സംരക്ഷണം അസാധ്യമായി എന്നുവരാം. ദീര്‍ഘദൂര യാത്രയില്‍ നേരത്തേ എത്തുന്നതാണ് ലക്ഷ്യം. പല വണ്ടികള്‍ മാറിക്കയറുമ്പോള്‍ ആ ലക്ഷ്യം മറക്കും. വളരെ വൈകിയേ നാം ലക്ഷ്യം കാണുകയുള്ളൂ.
മൂന്ന്: ഓഹരി വിപണിയില്‍ വലിയ നേട്ടം ഉണ്ടാക്കിയിട്ടുള്ള നിക്ഷേപകരാരും ഹ്രസ്വകാല വ്യാപാര നേട്ടങ്ങളില്‍ അഭിരമിച്ചിട്ടുള്ളവരല്ല. അവരെല്ലാം സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുത്ത കുറേ ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപകരായി മാറി സമ്പന്നരായവരാണ്. കമ്പനിയുടെ ചെറിയ വീഴ്ചകളിലോ ഒരു പാദത്തിലെ നഷ്ടത്തിലോ ഭയന്ന്, വിറ്റ് മാറിയവരുമല്ല. ഡോട്ട് കോം കുമിള പൊട്ടിയപ്പോള്‍ ഇന്‍ഫോസിസിലും ടിസിഎസിലും നിന്ന് അത്തരക്കാര്‍ മാറിയില്ല. ആഗോള മാന്ദ്യവും (2008-09) കോവിഡും അവരെ നിരാശരാക്കിയില്ല. പോളിസ്റ്റര്‍ നിര്‍മാണ-വസ്ത്ര നിര്‍മാണ കമ്പനിയില്‍ നിന്ന് പെട്രോകെമിക്കല്‍സ് സമുച്ചയമായി വളര്‍ന്ന റിലയന്‍സിലെ നിക്ഷേപകര്‍ കമ്പനി വിഭജിച്ചപ്പോഴോ ആഗോള മാന്ദ്യത്തിലോ കോവിഡിലോ ഒന്നും മുകേഷ് അംബാനിയുടെ കമ്പനിയെ വിട്ടില്ല. ഇങ്ങനെ ഉറച്ചുനിന്നവര്‍ അവകാശ ഓഹരികളും ബോണസ് ഓഹരികളുമൊക്കെ വഴി തങ്ങളുടെ സമ്പാദ്യം വലുതാക്കി. ആപ്പിളില്‍ വലിയ ഭാവി കണ്ടെത്തി നിക്ഷേപത്തിന്റെ വലിയ ഭാഗം അതില്‍ നിക്ഷേപിച്ച വാറന്‍ ബഫറ്റിന് എന്താ കുഴപ്പമെന്ന് അന്വേഷിച്ചാണ് പലരും ഗവേഷണം നടത്തിയത്. ഗവേഷകര്‍ കടന്നുപോയി. 94 വയസ് കഴിഞ്ഞപ്പോള്‍ വൃദ്ധനായി എന്ന തോന്നലില്‍ കമ്പനിയുടെ ദൈനംദിന സാരഥ്യം വെടിഞ്ഞ ബഫറ്റ്, ആപ്പിള്‍ ഓഹരികളില്‍ നല്ല പങ്ക് കഴിഞ്ഞ രണ്ടു വര്‍ഷം വിറ്റൊഴിഞ്ഞപ്പോഴും വലിയ നേട്ടമാണ് തന്റെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത്.
സ്ഥിരമായി നിക്ഷേപം നടത്തി മുന്നോട്ടു പോകുന്നവരാണ് ശരിയായ നിക്ഷേപ വിജയം നേടുന്നത്. വിപണിയില്‍ ഇറങ്ങുമ്പോള്‍ സന്ദേഹങ്ങളും സംശയങ്ങളും വര്‍ധിക്കും. കേട്ടതിലേറെ കേള്‍ക്കാനുണ്ടെന്ന് മനസിലാക്കും. അതിനിടെയാണ് കുറുക്കുവഴികളുമായി പലരും വരുന്നത്. കുറുക്കുവഴികള്‍ ഇല്ലാത്ത വഴിയാണ് യഥാര്‍ത്ഥ സമ്പാദ്യത്തിന്റേത് എന്ന് പറഞ്ഞാല്‍ ഈ കുറുക്കുവഴിക്കാര്‍ സമ്മതിക്കില്ല. അവരില്‍ നിന്ന് ഓടിയകലുന്നത് അത്ര എളുപ്പവുമല്ല.
സമ്പാദ്യപാതയില്‍ മുന്നേറാന്‍ ധാരാളം അവസരങ്ങളുണ്ട് എന്നതാണ് സത്യം. പക്ഷേ അത് ഉപയോഗപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് മടിയാണ്. സാഹസിക ചൂതാട്ടങ്ങളിലൂടെ വെട്ടിപ്പിടിക്കുന്ന ലോകങ്ങളാകും അവരുടെ മനസില്‍. മികച്ച സൂചികകളോടു ബന്ധിച്ചുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (സിപ്) വഴി അവയില്‍ ക്രമമായി നിക്ഷേപിക്കുന്നതാണ് നിക്ഷേപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാവുന്ന അപകടം കുറഞ്ഞ കാര്യം. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രയാസമില്ല, അപകടവുമില്ല. സ്ഥിരമായി നിശ്ചിത തുക അടയ്ക്കുകയും അതിന്റെ പുരോഗതി വിലയിരുത്തി മുന്നേറുകയും ചെയ്യുമ്പോള്‍ നിക്ഷേപത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാനും കഴിയും. കുറച്ചുകാലം കഴിയുമ്പോള്‍ പവര്‍ ഓഫ് കോമ്പൗണ്ടിംഗിന്റെ വലിയ നേട്ടം നിക്ഷേപകന് ലഭിക്കും. ഉപദേഷ്ടാക്കള്‍ക്ക് പിന്നാലെ പോയി തനിയേ നിക്ഷേപം നടത്തിയാല്‍ ഇത്രയും മികച്ച നേട്ടം ഉണ്ടാകില്ലെന്ന് തിരിച്ചറിയാന്‍ അപ്പോള്‍ വലിയ വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അമേരിക്കയിലെ ജനങ്ങളില്‍ 18 ശതമാനം പേര്‍ കോടീശ്വരന്മാരാണ്. ഇവരില്‍ മഹാഭൂരിപക്ഷവും ആ നിലയില്‍ എത്തിയത് ക്രമമായ നിക്ഷേപ ശൈലിയിലൂടെ ആണ്. ആ ശൈലി സ്വീകരിച്ചാല്‍ ഇന്ത്യയിലും ഡോളര്‍ മില്യണയര്‍മാരുടെ എണ്ണം അനേക കോടികള്‍ ഉണ്ടാകും.
(This article was originally published in Dhanam Business Magazine June 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine