ഇപ്പോള്‍ നിക്ഷേപിക്കാന്‍ 3 ബാങ്ക് ഓഹരികള്‍

വായ്പയില്‍ ശക്തമായ വളര്‍ച്ച തുടരുമെന്നതിനാല്‍ ബാങ്കുകളുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്നും വളര്‍ച്ചയ്ക്കായി സ്വന്തമായി മൂലധനം കണ്ടത്താനാകുമെന്നും ഐ.സി.ആര്‍.എ റേറ്റിംഗ്സ് അഭിപ്രായപ്പെടുന്നു. ക്രെഡിറ്റ് ചെലവുകള്‍ വായ്പയുടെ ഒരു ശതമാനായി 2023-24ലും തുടരുമെന്ന് കരുതുന്നു. പലിശ മാര്‍ജിന്‍ 0.25 ശതമാനം കുറഞ്ഞാലും ആസ്തിയില്‍ നിന്നുള്ള ആദായം ഒരു ശതമാനം നേടാന്‍ സാധിക്കും (മുന്‍ വര്‍ഷം 1.1%). ഓഹരിയില്‍ നിന്നുള്ള ആദായം 13-13.1% (നേരത്തെ 13.8%).

മൊത്തം നിഷ്‌ക്രിയ സ്തിയും അറ്റ നിഷ്‌ക്രിയ സ്തിയും മാര്‍ച്ച് 2024ഓടെ യഥാക്രമം 2.8-3.0%, 0.8-0.9 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ മൂന്ന് പ്രമുഖ ബാങ്ക് ഓഹരികളുടെ മുന്നേറ്റ സാധ്യതകള്‍ നോക്കാം:
1. എച്ച്.ഡി.എഫ്.സി ബാങ്ക് (HDFC Bank): എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയനത്തെ തുടര്‍ന്ന് അറ്റ പലിശ മാര്‍ജിന്‍ 3.7-3.8 ശതമാനമായി കുറഞ്ഞു (നേരത്തെ 4.1%). ബാലന്‍സ് ഷീറ്റിലെ അധിക പണലഭ്യത മൂലം അറ്റ പലിശ മാര്‍ജിന്‍ 0.30% വരെ ഇനിയും കുറയാം. അധികമുള്ള പണം വായ്പ നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയാല്‍ പലിശ മാര്‍ജിന്‍ വരും പാദങ്ങളില്‍ മെച്ചപ്പെടും. ലയനത്തെ തുടര്‍ന്ന് വായ്പയുടെ വാര്‍ഷിക വളര്‍ച്ച 18 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന പലിശയ്ക്ക് എടുത്ത കടങ്ങള്‍ തിരിച്ചടച്ച് പലിശ മാര്‍ജിന്‍ മെച്ചപ്പെടുത്തും. ഹോള്‍ സെയില്‍ വായ്പകള്‍ക്ക് പകരം കൂടുതല്‍ റീറ്റെയ്ല്‍ വായ്പകള്‍ നല്‍കുന്നതിലൂടെ ആദായം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം നിക്ഷേപങ്ങളുടെ 83% റീറ്റെയ്ല്‍ വിഭാഗത്തിലാണ്. ഹോള്‍ സെയില്‍ വിഭാഗത്തില്‍ പലിശ നിരക്കില്‍ മത്സരത്തിന് ബാങ്ക് മുതിരുന്നില്ല. 2023-24 മുതല്‍ 2025-26 കാലയളവില്‍ വായ്പയില്‍ 16% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില -1,935 രൂപ
നിലവില്‍ - 1,529.20 രൂപ
Stock Recommendation by Nirmal Bang Research.
2. കര്‍ണാടക ബാങ്ക് (Karnataka Bank: ) 1924ല്‍ ആരംഭിച്ച് കര്‍ണാടകയിൽ കൂടുതല്‍ സാന്നിധ്യം ഉള്ള പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കാണ് കര്‍ണാടക ബാങ്ക്. മൊത്തം 901 ശാഖകളില്‍ 575 എണ്ണം കര്‍ണാടകയിലാണ്. 2023-24ല്‍ വായ്പ വളര്‍ച്ച 17-18% പ്രതീക്ഷിക്കുന്നു. 3.5 വര്‍ഷം കൊണ്ട് ബിസിനസ് ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം. ഹ്രസ്വ കാലയളവില്‍ ഫണ്ട് ചെലവുകള്‍ വര്‍ധിക്കും എങ്കിലും കൂടുതല്‍ സര്‍ക്കാര്‍ ബിസിനസ് നേടിയും വായ്പ നിക്ഷേപ അനുപാതം 80 ശതമാനമാനത്തില്‍ നിറുത്തിയും സ്വര്‍ണ വായ്പയുടെ വിഹിതം മൊത്തം വായ്പയുടെ 8 ശതമാനമായി ഉയര്‍ത്തിയും മാര്‍ജിന്‍ 3.5 മുതല്‍ 3.7 ശതമാനം വരെ നിലനിര്‍ത്താന്‍ സാധിക്കും. വിതരണം, സാങ്കേതിക ശേഷി എന്നിവ മെച്ചപ്പെടുത്താനായി 200 കോടി രൂപ ചെലവഴിക്കും. ക്രെഡിറ്റ് ചെലവുകള്‍ മിതപ്പെടുന്നത് വഴി ആസ്തിയില്‍ നിന്നുള്ള ആദായം 1.2 ശതമാനം നേടാന്‍ സാധിക്കും. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 4.9 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.43%, ഇത് 1.2 ശതമാനമായി കുറയുമെന്ന് കരുതുന്നു. ഭാവി വളര്‍ച്ചക്കായി 1,500 കോടി രൂപയുടെ അവകാശ ഓഹരികള്‍ പുറത്തിറക്കുന്നു. അതില്‍ 3.34 കോടി ഓഹരികള്‍ 239.52 രൂപയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുക വഴി 800 കോടി രൂപ ലഭിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 285 രൂപ
നിലവില്‍ - 241.70 രൂപ
കാലയളവ്- 6-12 മാസം
Stock Recommendation by ICICI Direct Research.
3. പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank): പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 2023-24ല്‍ 12-13% വായ്പ വളര്‍ച്ച പ്രതീക്ഷിക്കുന്നു. അധിക പണ ദ്രവ്യത നേരിടാനായി കൂടുതല്‍ വായ്പകള്‍ നല്‍കും. സ്ഥിരതയുള്ള മാര്‍ജിന്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവുകള്‍ എന്നിവ കാരണം പ്രവര്‍ത്തന ലാഭം മെച്ചപ്പെടുമെന്ന് കരുതാം. ആസ്തിയില്‍ നിന്നുള്ള ആദായം 2023 -24ൽ 0.5%, 2024-25ൽ 0.8% എന്നിങ്ങനെ ലക്ഷ്യമിടുന്നു. 2023-24ല്‍ അറ്റ പലിശ മാര്‍ജിന്‍ 2.9-3.0% പ്രതീക്ഷിക്കുന്നു. 2020 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ 5.6 ലക്ഷം കോടി രൂപ വായ്പയായി നല്‍കി. വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയാകുന്നത് (slippage) 0.22 ശതമാനമാണ്. റീറ്റെയ്ല്‍, കൃഷി, എം.എസ്.എം.ഇ വിഭാഗത്തില്‍ വായ്പ വളര്‍ച്ച വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ അനൂകൂല്യങ്ങള്‍ക്കുള്ള ചെലവ് കൂടിയതിനാല്‍ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചിട്ടുണ്ട്. എങ്കിലും അത് വരും വര്‍ഷങ്ങളില്‍ കുറയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 86 രൂപ
നിലവില്‍ - 77.49 രൂപ
Stock Recommendation by Sharekhan by BNP Paribas

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it