സമ്പാദ്യവും നിക്ഷേപവും തമ്മില്‍ എന്താണ് വ്യത്യാസം?

സേവിംഗ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ്. ഈ രണ്ട് വാക്കുകളും നിത്യജീവിതത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്നവരാണ്. പക്ഷേ പലപ്പോഴും ഇവ രണ്ടും അതിന്റെ ശരിയായ അര്‍ത്ഥത്തിലാവില്ല ഉപയോഗിക്കുന്നതെന്ന് മാത്രം. പേഴ്‌സണല്‍ ഫിനാന്‍സില്‍ ഈ രണ്ട് വാക്കുകള്‍ക്കും തികച്ചും വ്യത്യസ്തമായ നിര്‍വചനമാണ് ഉള്ളത്.

പിന്നീടുള്ള ആവശ്യത്തിന് പണം നീക്കിവെയ്ക്കുന്നതിനെയാണ് സേവിംഗ്‌സ് എന്നു പറയുന്നത്. അതായത് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒക്കെയുള്ള എക്കൗണ്ടില്‍ പണമിടുന്നതിനെ സേവിംഗ്‌സ് എന്ന് പറയാം.നിശ്ചിത കാലാവധിയില്‍ മൂല്യം കൂടുമെന്ന പ്രതീക്ഷയില്‍ ഒരു ആസ്തി വാങ്ങുന്നതിനെയാണ് നിക്ഷേപം എന്ന് പറയുന്നത്. ഉദാഹരണം: ഓഹരി വാങ്ങുന്നത്, സ്ഥലം വാങ്ങുന്നത്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിവ.

സേവിംഗ്‌സ് സുരക്ഷിതമായ കാര്യമാണ്. പക്ഷേ നാണ്യപ്പെരുപ്പത്തെ മറികടക്കുന്ന മൂല്യവര്‍ധന നമ്മുടെ സേവിംഗ്സിനു ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സുപ്രധാന കാര്യമാണ്. ബാങ്ക് സ്ഥിരനിക്ഷേപം പോലുള്ളവ നാണ്യപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ നേട്ടം മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ.

ലിക്വിഡിറ്റി (എളുപ്പത്തില്‍ പണമാക്കാനുള്ള കഴിവ്), റിസ്‌ക് എന്നിവ ഓരോ ആസ്തികളിലെ നിക്ഷേപത്തിനും വ്യത്യസ്തമായിരിക്കും. ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപത്തില്‍ നിന്നുള്ള നേട്ട സാധ്യതയും ഉയര്‍ന്നതായിരിക്കും. അതുപോലെ തന്നെ മൂലധനം നഷ്ടമാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമുണ്ട്, ഏറ്റവും ഉയര്‍ന്ന റിസ്‌ക് എടുത്തതുകൊണ്ട് ഏറ്റവും ഉയര്‍ന്ന നേട്ടം ഉറപ്പാക്കപ്പെടുന്നില്ല.

നിക്ഷേപം നടത്തും മുമ്പ്

നിക്ഷേപം നടത്തും മുമ്പ് എല്ലാവരും ഉറപ്പാക്കേണ്ട കാര്യമുണ്ട്; നിക്ഷേപിക്കുന്ന തുക സുരക്ഷിതമായിരിക്കണം.ഉയര്‍ന്ന റേറ്റിംഗുള്ള കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവയൊക്കെ മാത്രമേ നിക്ഷേപത്തിന് തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. ഇനി സമ്പാദ്യമാര്‍ഗമായി ചിട്ടി തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനികളെ മാത്രം സമീപിക്കുക.

സെബി അംഗീകൃത സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഇന്റര്‍മീഡിയറികള്‍ എന്നിവയുടെ മാത്രം സേവനങ്ങള്‍ തേടുക. ഒരു അടിസ്ഥാനവുമില്ലാത്ത വിധത്തില്‍ ഉയര്‍ന്ന നേട്ടം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളെ സംശയത്തോടെ തന്നെ നോക്കുക. അവയില്‍ നിന്ന് അകലം പാലിക്കുക. പ്രധാനപ്പെട്ട നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുമ്പ് ആ രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുക. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക.

നമ്മള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിച്ച് നല്ല നേട്ടമുണ്ടാക്കാന്‍ കൃത്യമായ ആസൂത്രണവും ആഴത്തിലുള്ള ഗവേഷണവും ശരിയായ റിസ്‌ക് മാനേജ്‌മെന്റും വേണം. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അപ്പോള്‍ അതെന്താണെന്ന് ആദ്യം അറിയണം. എത്രമാത്രം റിസ്‌ക് എടുക്കാനാകുമെന്നതിനെ കുറിച്ച് ധാരണ വേണം.

നിക്ഷേപ കാലാവധിയെ കുറിച്ചും വ്യക്തത വേണം. ഇതൊക്കെ അറിഞ്ഞ ശേഷമാകണം നിക്ഷേപം. വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപം നടത്തുന്നതും കൃത്യമായ ഇടവേളകളില്‍ അവയുടെയെല്ലാം പ്രകടനം വിലയിരുത്തുന്നതും വിജയകരമായ നിക്ഷേപത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. നിങ്ങളുടെ നിക്ഷേപ തന്ത്രം രൂപകല്‍പ്പന ചെയ്യുന്നതിന് കൃത്യമായ സാമ്പത്തിക ലക്ഷ്യം അനിവാര്യമാണ്. വരും മാസങ്ങളില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളും നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി വിശകലനം ചെയ്യാം.

Related Articles

Next Story

Videos

Share it