കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപം: ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപങ്ങള്‍ ഇടാന്‍ തടസ്സമില്ല. കാലാവധി നിക്ഷേപവും തവണകളായി അടക്കുന്ന റെക്കറിംഗ് ഡെപ്പോസിറ്റും ചെയ്യാം.
കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപങ്ങള്‍ ചെയ്യുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. കാലാവധി നിക്ഷേപമാണെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ കാലാവധിക്ക് മുമ്പ് തന്നെ നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കുകള്‍ സമ്മതിക്കാറുണ്ട്. പലിശയില്‍ കുറവുണ്ടാകാമെന്നു മാത്രം. എന്നാല്‍ കുട്ടികളുടെ പേരില്‍ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ ഈ രീതിയില്‍ കാലാവധിക്ക് മുമ്പ് പിന്‍വലിക്കാന്‍ കഴിയില്ല.
അങ്ങനെ ചെയ്യണമെങ്കില്‍ നിക്ഷേപത്തിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് കുട്ടിക്ക് പതിനെട്ട് വയസ്സ് തികയണം. കുട്ടിക്ക് വേണ്ടി എന്തെങ്കിലും എമര്‍ജന്‍സി ആവശ്യത്തിന് നിക്ഷേപം കാലാവധിക്ക് മുമ്പ് തന്നെ തിരിച്ചു എടുക്കണമെങ്കില്‍, ബാങ്കുകള്‍ നിര്‍ദേശിക്കുന്ന കൂടുതല്‍ കടലാസ്സു പണികളും മറ്റും ചെയ്യേണ്ടിവരും.
ചിലപ്പോള്‍ അത് നടന്നില്ലെന്നും വരാം. അതിനാല്‍ കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നിരിക്കിലും കാലാവധി നിക്ഷേപങ്ങള്‍ കുട്ടികളുടെ പേരില്‍ ചെയ്യുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
വിദ്യാഭ്യാസ വായ്പ
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുമായി കരാറുകളില്‍ ഏര്‍പ്പെടുവാന്‍ കഴിയില്ല എന്നതിനാല്‍ മൈനര്‍ക്കു വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ വിദ്യാഭ്യാസ വായ്പ എടുക്കേണ്ടേ? ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയോടൊപ്പം മാതാപിതാക്കളോ മറ്റു മുതിര്‍ന്നവരോ കൂടെ വായ്പ ഇടപാടില്‍ കക്ഷി ചേരണം എന്ന് പറയുന്നതിന്റെ യുക്തി ഇതാണ്. കുട്ടികള്‍ക്ക് പതിനെട്ടു വയസ്സാവുമ്പോള്‍ ബാങ്കില്‍ ഈ വായ്പ സംബന്ധിച്ച് മറ്റു ചില രേഖകളും കൂടെ നല്‍കേണ്ടിവരുന്നതും ഇതുകൊണ്ടാണ്.
കുട്ടികളുടെ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശക്ക് നികുതി നല്‍കണോ?
അക്കൗണ്ട് തുടങ്ങാന്‍ മൈനര്‍ക്ക് PAN വേണമെന്നില്ല. മാതാപിതാക്കളുടെയോ / രക്ഷാധികാരിയുടെയോ ജഅച മതിയാവും. അല്ലെങ്കില്‍ ഫോം 60 കൊടുത്താല്‍ മതി. മൈനര്‍മാരുടെ പേരില്‍ ഉള്ള അക്കൗണ്ടുകളില്‍ ലഭിക്കുന്ന പലിശ മാതാവിന്റെ / പിതാവിന്റെ / രക്ഷാധികാരിയുടെ വരുമാനമായാണ് കണക്കാക്കുക. അതിന്റെയെല്ലാം നികുതിഭാരം മാതാവിന് / പിതാവിന് / രക്ഷാധികാരിക്കാണ്.
ചെറുതല്ല കുട്ടി അക്കൗണ്ടുകള്‍
ചെറുപ്രായത്തില്‍ തന്നെ പണത്തിന്റെയും പണമിടപാടുകളുടേയും ബാലപാഠങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതാണ് ബാങ്ക് അക്കൗണ്ടുകള്‍. അവരില്‍ നിക്ഷേപശീലം വളര്‍ത്താനും ഇത് ഉപകരിക്കും. ബാങ്കുകളാവട്ടെ കുട്ടികളുടെ അക്കൗണ്ടുകള്‍ വളരെ താല്‍പ്പര്യത്തോടെയാണ് കാണുന്നത്. തങ്ങളുടെ ഭാവി ഇടപാടുകാരെയാണ് ബാങ്കുകള്‍ കുട്ടികളില്‍ കാണുന്നത്.
(ലേഖകൻ : കെ എ ബാബു, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (റിട്ട), ഫെഡറല്‍ ബാങ്ക് )