യു.പി.ഐ വഴി പണമയച്ചത് തെറ്റായ ആള്‍ക്കോ? പണം തിരിച്ചുകിട്ടാന്‍ ഇതാ വഴി

ഗൂഗിൾ പേ വഴിയോ ഫോണ്‍ പേ വഴിയോ നിങ്ങള്‍ അയച്ച തുക മറ്റാര്‍ക്കെങ്കിലും മാറി പോയിട്ടുണ്ടെങ്കില്‍ അത് തിരികെ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരിച്ചു പിടിക്കാം

ഒരു ഉപ്പുസോഡ കുടിച്ചാലും യു.പി.ഐ വഴി കാശ് കൊടുക്കുന്നവരുടെ കാലമാണിത്. പല കടകളിലും ഗൂഗ്ള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവ വഴി പണമയക്കാന്‍ ക്യു.ആര്‍ കോഡ് വച്ചിട്ടുണ്ടാകും.

എന്നാല്‍, ചിലര്‍ സുഹൃത്തുക്കള്‍ക്കും മറ്റും യു.പി.ഐ വഴി പണമയക്കുന്നത് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്തായിരിക്കും. ഇങ്ങനെ പണമയക്കുമ്പോള്‍ മൊബൈല്‍നമ്പര്‍ ടൈപ്പ് ചെയ്തത് മാറിപ്പോയെന്നും വേറേ ആര്‍ക്കോ പണം തെറ്റായി അയച്ചെന്നും പരിതപിക്കുന്നവരുമുണ്ട്. എന്നാല്‍, ഇങ്ങനെ തെറ്റായി പണം അയച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല. പണം തിരികെപ്പിടിക്കാന്‍ വഴിയുണ്ട്.

രക്ഷകനായി എന്‍.പി.സി.ഐ

യു.പി.ഐ സംവിധാനത്തിലെ പിഴവുകള്‍ക്ക് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പോര്‍ട്ടലില്‍ ഔദ്യോഗിക പരാതി തന്നെ നല്‍കണം.

എന്‍.പി.സി.ഐ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങള്‍ക്ക് UPI ഇടപാടു വഴി വ്യക്തികളുമായുള്ള ഫണ്ട് കൈമാറ്റം, വ്യാപാരികളുമായുള്ള ഇടപാടുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്ക് രണ്ട് തരത്തില്‍ പരാതി നല്‍കാം.

npci.org.in എന്ന വെബ്സൈറ്റില്‍ കയറി 'Dispute Redressal Mechanism' ടാബില്‍ ക്ലിക്ക് ചെയ്താണ് പരാതി നല്‍കേണ്ടത്. ഈ ടാബ് ക്ലിക്ക് ചെയ്താല്‍ 'UPI Complaint' എന്ന സെക്ഷനില്‍ പരാതി നല്‍കേണ്ട ഫോം ലഭിക്കും.

പരാതിപ്പെടാനുള്ള കാരണമായി 'Incorrectly transferred to another account' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.

യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡി, വെര്‍ച്വല്‍ പേമെന്റ് അഡ്രസ്, ട്രാന്‍സ്ഫര്‍ ചെയ്ത തുക, തുക കൈമാറിയ തീയതി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് പരാതിയില്‍ നല്‍കേണ്ടത്. കൂടാതെ, അക്കൗണ്ടില്‍ പണം പോയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നല്‍കണം.

ഈ പരാതിയില്‍ നടപടിയായില്ലെങ്കില്‍ അടുത്തതായി ചെയ്യാനുള്ളത് പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുകയാണ്. പണം ലഭിച്ച വ്യക്തിക്ക് അത് തിരികെ അയച്ച ആളിലേക്ക് കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ആര്‍.ബി.ഐയ്ക്ക് കീഴിലുള്ള ബാങ്കുകളിലെ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതനായിട്ടാണ് ബാങ്കിംഗ് ഓംബുഡ്സ്മാന്‍ സ്‌കീം (ബി.ഒ.എസ്) നടപ്പിലാക്കിയിട്ടുള്ളത്.

പണം സ്വീകരിച്ച ബാങ്കിന്റെ ബ്രാഞ്ചില്‍ പോയും ആര്‍ക്കാണ് പണം പോയതെന്ന് കണ്ടെത്താന്‍ കഴിയാറുണ്ട്. ഈ വഴി സ്വീകരിക്കാം.

മറ്റ് മാർഗങ്ങൾ

https://cms.rbi.org.in എന്ന വെബ്സൈറ്റില്‍ പരാതികള്‍ ഓണ്‍ലൈനായും ഇ-മെയ്ല്‍ വഴിയും ഫയല്‍ ചെയ്യാം. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടര്‍ 17, ചണ്ഡിഗഢ്- 160017 എന്ന അഡ്രസിലേക്ക് 'സെന്‍ട്രലൈസ്ഡ് റസീപ്റ്റ് ആന്‍ഡ് പ്രോസസിംഗ് സെന്റര്‍' എന്നെഴുതി അയയ്ക്കാം. കൂടാതെ, 14448 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും പരാതിപ്പെടാം (രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:15 വരെ). ഹിന്ദിയിലും ഇംഗ്ലീഷിലും എട്ട് പ്രാദേശിക ഭാഷകളിലും പരാതി സമര്‍പ്പിക്കാം. ഇംഗ്ലീഷാണ് അഭികാമ്യം.

Related Articles
Next Story
Videos
Share it