

പെട്ടെന്ന് പണം കൈയില്‍ കിട്ടാന്‍ സാധാരണയായി രണ്ട് വഴികളുണ്ട്. ഒന്നുകില്‍ സ്വര്‍ണം പണയം വെച്ച് ലോണ്‍ എടുക്കാം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് കാഷ് അഡ്വാന്‍സ് എടുക്കുകയും ചെയ്യാം. പക്ഷേ, രണ്ടും ഒരുപോലെയാണോ? ചെലവും റിസ്‌കും തികച്ചും വ്യത്യസ്തമാണ്.
ബാങ്കിലോ ഫിനാന്‍സ് സ്ഥാപനത്തിലോ പണയംവെച്ചാല്‍ സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ ഏകദേശം 75-85% വരെ ലോണ്‍ ലഭിക്കും. പണയം വെച്ചാലും അതിന്റെ ഉടമ നിങ്ങള്‍ തന്നെ. പക്ഷേ വായ്പ തീര്‍ക്കുന്നതുവരെ സ്ഥാപനത്തിന് കൈവശം. സുരക്ഷിതമായ വായ്പയാണ്. പലിശ കുറവാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യമെടുത്താലോ?
ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കാം. പക്ഷേ, തുക മുഴുവന്‍ സമയത്ത് അടച്ചില്ലെങ്കില്‍, ഉടന്‍ തന്നെ കഴുത്തറപ്പന്‍ പലിശയുടെ പിടിയില്‍ പെടും. ക്യാഷ് എളുപ്പം കിട്ടും എന്നതാണ് പ്രധാന ആകര്‍ഷണം.
ഗോള്‍ഡ് ലോണിന് സാധാരണയായി 8-15% വരെയാണ് പലിശയെങ്കില്‍, ക്രെഡിറ്റ് കാര്‍ഡിന് 30 ശതമാനം വരെയൊക്കെ പലിശ വരും. എന്നുവെച്ചാല്‍ ഒരേ തുക കടം വാങ്ങിയാലും, ക്രെഡിറ്റ് കാര്‍ഡില്‍ പലിശ ഇരട്ടിയോളം വരാം.
ഗോള്‍ഡ് ലോണില്‍ സ്വര്‍ണ്ണ മൂല്യം അനുസരിച്ച് കൂടുതല്‍ തുക ലഭിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു കിട്ടുന്നത് നിങ്ങളുടെ കാര്‍ഡ് ലിമിറ്റ് വരെ മാത്രം.
ക്രെഡിറ്റ് കാര്‍ഡില്‍ ക്യാഷ് അഡ്വാന്‍സ് ഫീ, ജിഎസ്ടി, ലേയ്റ്റ് ഫീ, കൂട്ടുപലിശ തുടങ്ങി ഒളിഞ്ഞിരിക്കുന്ന ചാര്‍ജ് പലതുണ്ട്. ഗോള്‍ഡ് ലോണില്‍ പ്രോസസിംഗ് ചാര്‍ജ് സാധാരണയായി വ്യക്തവും കുറഞ്ഞതുമാണ്.
സ്വര്‍ണപ്പണയം തന്നെ ഭേദം
അടിയന്തര ചികിത്‌സ, ബിസിനസില്‍ പൊടുന്നനെ വന്ന ക്യാഷിന്റെ പോരായ്മ, വലിയ പലിശയുള്ള വായ്പയുടെ തിരിച്ചടവ് തുടങ്ങി ഉയര്‍ന്ന പലിശയുള്ള കടം അടയ്ക്കാന്‍ തുടങ്ങി അത്യാവശ്യ ചെലവുകള്‍ക്ക് സ്വര്‍ണപ്പണയം തന്നെ ഭേദം. തിരിച്ചടക്കാന്‍ വ്യക്തമായ പ്ലാനില്ലാതെ ആഡംബരത്തിന് ചെലവിട്ടാല്‍ സ്വര്‍ണം ലേലത്തില്‍ പോകുമെന്ന് മനസിലാക്കണം.
ചെറിയ തുക മാത്രം മതിയെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ കുഴപ്പമില്ല. പക്ഷേ, അടുത്ത ബില്ലിങ് സൈക്കിളില്‍ മുഴുവന്‍ തുകയും അടയ്ക്കാമെന്ന ഉറപ്പു വേണം. ക്രെഡിറ്റ് കാര്‍ഡ് കടം എളുപ്പമാണെന്ന് തോന്നുമെങ്കിലും പുറത്തു കടക്കാന്‍ ബുദ്ധിമുട്ടാണ്. മാസങ്ങളോളം ബാലന്‍സ് ക്യാരി ഫോര്‍വേര്‍ഡ് ചെയ്താല്‍ കടക്കുഴിയിലേക്ക് തെന്നിവീഴും.
ഒന്നു ചോദിക്കട്ടെ: പണം വേഗം കൈയില്‍ കിട്ടുന്നതാണോ പ്രധാനം, എത്ര വേഗത്തില്‍ അതു തിരിച്ചു കൊടുക്കാന്‍ കഴിയുന്നു എന്ന് നോക്കുന്നതാണോ? രണ്ടാമത്തെ ചിന്ത നമുക്ക് മനസമാധാനവും സാമ്പത്തിക ഭദ്രതയും നല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine