

ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ ആശങ്കാജനകമാം വിധം ഉയരുകയാണ്. തിരിച്ചടവ് മുടങ്ങുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുകള്‍ 44.34 ശതമാനം ഉയര്‍ന്നതായി ഗവേഷണ സ്ഥാപനമായ സി.ആര്‍.ഐ.എഫ് (Centre for Research in International Finance) ജൂലൈ അവസാന വാരം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 91 ദിവസം മുതല്‍ 360 ദിവസം വരെയുള്ള വിഭാഗത്തില്‍ 33,886 കോടി രൂപയാണ് ബാങ്കുകള്‍ക്ക് തിരിച്ചടവില്‍ കുടിശികയായുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 23,475 കോടി രൂപയായിരുന്നു. എവിടെയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പിഴവ് സംഭവിക്കുന്നത്?, എങ്ങനെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ മികച്ച രീതിയില്‍ പരിപാലിച്ചു കൊണ്ടുപോകുന്നത്? പരിശോധിക്കാം.
ഒരുവിധം എല്ലാ പര്‍ച്ചേസുകളും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ചെയ്യാറുളളതെന്ന് ആറ് കാര്‍ഡുകള്‍ സ്വന്തമായുളള ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ലിവിന്‍ ജേക്കബ് സജീവ് പറയുന്നു. പണമായി കാശ് ഉണ്ടെങ്കില്‍ അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ പലിശ കിട്ടും. ക്രെഡിറ്റ് കാര്‍ഡ് ആണെങ്കില്‍ ഒന്നര മാസം വരെ പലിശ കൂടാതെ ക്രെഡിറ്റ് എടുക്കാം. സേവിംഗ്സ് അക്കൗണ്ടിലെ പൈസ അധികമായി ഉപയോഗിക്കാതെ കൂടുതലും ചെലവ് ചെയ്യുന്നത് കാര്‍ഡുകള്‍ ഉപയോഗിച്ചാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്ത ശേഷം സമയപരിധിക്ക് മുമ്പായി പെയ്മെന്റ് നടത്തുമ്പോള്‍ ഉപയോക്താവ് എത്രത്തോളം തുക ചെലവഴിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഇതിലൂടെ ക്രെഡിറ്റ് പരിധിയും ഉയര്‍ത്താന്‍ പറ്റും. കൂടാതെ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ക്യാഷ് ബാക്ക്, എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം തുടങ്ങിയ ഓഫറുകളും ലഭിക്കുന്നു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം കൊടുക്കുന്നതിനേക്കാള്‍ ഇത്തരത്തിലുളള മെച്ചങ്ങള്‍ കൂടി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനുണ്ട്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളുടെ കാര്‍ഡുകളും യു.പി.ഐ പെയ്മെന്റുകള്‍ക്കായി ഒരു റുപേ കാര്‍ഡുമാണ് തനിക്കുളളത്.
ക്രെഡിറ്റ് കാര്‍ഡിന് 50,000 രൂപയുടെ പരിധിയും അക്കൗണ്ടില്‍ പണമായി 40,000 രൂപയും ഉണ്ടെങ്കില്‍ എന്തെങ്കിലും അത്യാവശ്യത്തിന് ഈ പണം വിനിയോഗിക്കാന്‍ സാധിക്കും. ബാങ്കിലിട്ടാല്‍ ഇതിന്റെ പലിശയും ലഭിക്കും. നന്നായി ഉപയോഗിക്കുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനകരമാണെന്നും ലിവിന്‍ പറയുന്നു. എന്നാല്‍ നമ്മുടെ വരുമാനം 50,000 രൂപയാണ്. കാര്‍ഡ് ഉപയോഗിച്ച് 80,000 രൂപയോ 90,000 രൂപയോ ചെലവഴിച്ചാല്‍ ബാക്കി 40,000 രൂപ നമ്മള്‍ കണ്ടെത്തേണ്ടി വരും.
ക്രെഡിറ്റ് കാര്‍ഡ് പരിധിക്ക് അപ്പുറം ചെലവഴിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് ഇതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ചെലവഴിക്കുന്നത് മൂലം ക്രെഡിറ്റ് കാര്‍ഡ് ബില്ലടക്കാന്‍ പറ്റാത്ത സുഹൃത്തുക്കളുടെ അനുഭവം തനിക്കറിയാമെന്നും ലിവിന്‍ പറഞ്ഞു.
ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും സാമ്പത്തിക അച്ചടക്കമില്ലാത്തതാണ് (Financial discipline) ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ ജെ.ഡി.ഐ വെല്‍ത്തിന്റെ സ്ഥാപകയും സി.ഇ.ഒ യുമായ ധന്യ വി.ആര്‍ സി.എഫ്.പി പറയുന്നു. ആധുനിക കാലത്തെ ഉപഭോഗ സംസ്കാരത്തിന് കൂടുതലായി കീഴ്പ്പെടുന്നതും കടങ്ങള്‍ കുമിഞ്ഞ് കൂടാനുളള കാരണമാണ്. പലപ്പോഴും ചെലവ് ചെയ്തു കഴിഞ്ഞാണ് അതിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ആലോചിക്കുന്നത്. ഈ പ്രവണത കൂടി വരുന്നതും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ മുടങ്ങുന്നതിന്റെ കാരണമാണ്.
സാമ്പത്തികം അച്ചടക്കം വളര്‍ത്തിയെടുക്കുകയും സ്വന്തം ബഡ്ജറ്റ് വിലയിരുത്തി അത് പിന്തുടരുകയും ചെയ്താല്‍ മാത്രമാണ് ഈ പ്രവണത മാറ്റിയെടുക്കാന്‍ പറ്റുക. മാറ്റം തുടങ്ങേണ്ടത് ഓരോ വ്യക്തിയില്‍ നിന്നുമാണെന്നും ധന്യ ഓര്‍മിപ്പിക്കുന്നു.
ആക്സിഡന്റല്‍ ഷോപ്പിംഗിന് പലപ്പോഴും നമ്മുടെ കയ്യില്‍ ഫണ്ട് കാണില്ലെന്ന് പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പറയുന്നു. പെട്ടന്ന് കാണുമ്പോള്‍ വേണമെന്ന് തോന്നുന്ന നമ്മള്‍ പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇങ്ങനെയുളള കാര്യങ്ങള്‍ക്ക് നമ്മുടെ കയ്യില്‍ ഫണ്ട് കാണില്ല, അപ്പോള്‍ ആശ്രയിക്കാന്‍ സാധിക്കുക ക്രെഡിറ്റ് കാര്‍ഡുകളും പേഴ്സണല്‍ ലോണുകളും ആയിരിക്കും.
വാര്‍ഷിക ഫീസ് ഇല്ലാത്ത കാര്‍ഡുകളാണ് തന്റെ കൈയിലുളളതെന്ന് കോഴിക്കോട് സ്വദേശി അനില്‍ പറയുന്നു. അതുകൊണ്ട് വെറെ അധിക നിരക്കുകള്‍ ഒന്നും നല്‍കേണ്ടതായില്ല. ക്രെഡിറ്റ് പരിധി കൂടുന്തോറും നമുക്ക് ഉപയോഗിക്കാവുന്ന തുകയും വര്‍ധിക്കും.
മൊബൈലില്‍ തിരിച്ചടവിനുളള നോട്ടിഫിക്കേഷന്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റുകള്‍ കൃത്യസമയത്ത് അടക്കാന്‍ സാധിക്കാറുണ്ടെന്ന് നാല് കാര്‍ഡുകള്‍ സ്വന്തമായുളള മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി സജിദേവ് പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് റിഫ്ലക്ട് ആകാന്‍ കുറച്ച് സമയം എടുക്കുന്നതിനാല്‍ സമയപരിധിയുടെ രണ്ട്, മൂന്ന് ദിവസം മുമ്പെങ്കിലും തിരിച്ചടവ് നടത്താറുണ്ട്.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് നമ്മള്‍ പിന്തുടരേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയൊക്കെ പരിഗണിക്കുന്നതിന് മുമ്പായി നമ്മള്‍ ആദ്യം അടിയന്തിര കാര്യങ്ങള്‍ക്കുളള ഒരു തുക (Emergency fund) സൃഷ്ടിക്കേണ്ടതുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും ഇതില്ല എന്നത് പോരായ്മയാണ്. എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തതിനാലാണ് നമ്മള്‍ എപ്പോഴും ലോണുകളിലേക്ക് പോകുന്നത്. സാമ്പത്തിക അച്ചടക്കത്തില്‍ അടുത്ത ഘട്ടം എന്ന രീതിയില്‍ ടേം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കൃത്യമായ റിട്ടയര്‍മെന്റ് പ്ലാനിംഗ്, ഇന്‍വെസ്റ്റ്മെന്റ് പ്ലാനിംഗ് എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
നമ്മുടെ വരുമാനത്തിന്റെ 30 ശതമാനത്തിന് താഴെ ഇഎംഐ നിര്‍ത്തുന്നതിനെ എഫ്.ഒ.ഐ.ആര്‍ (Fixed obligation to income ratio, FOIR) എന്നാണ് പറയുന്നത്. ഒരു വ്യക്തിക്ക് ബഡ്ജറ്റ് നല്ല രീതിയില്‍ പരിപാലിച്ചു കൊണ്ടു പോകുന്നതിന് ഈ അനുപാതം കൃത്യമായി പാലിക്കേണ്ടതുണ്ട്. ഈ അനുപാതം വരുമാനത്തേക്കാള്‍ കൂടുന്നു എന്നതാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകള്‍ക്കും സംഭവിക്കുന്നത്. ഇവിടെയാണ് വ്യക്തിയുടെ ബഡ്ജറ്റിന്റെ താളം തെറ്റുന്നത്. എഫ്.ഒ.ഐ.ആര്‍ 30 ശതമാനത്തില്‍ പരിപാലിച്ച് പോയാല്‍ മാത്രമാണ് നമുക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുക.
മിക്കവാറും ബാങ്കുകള്‍ ഇപ്പോള്‍ സൗജന്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൊടുക്കുന്നു. വിപണിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വളരെയധികം ലഭ്യമാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നമ്മുടെ വരവ് അറിഞ്ഞായിരിക്കണം ചെലവ് നടത്തേണ്ടതെന്ന കാര്യം ഒരു വ്യക്തി മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പൊതുവിപണിയില്‍ ഇപ്പോള്‍ എല്ലാ സാധനങ്ങളും ലഭ്യമാണ്. സാമ്പത്തിക അച്ചടക്കം വ്യക്തിയിലുണ്ടായെങ്കില്‍ മാത്രമാണ്, അവര്‍ക്കെതിനെ സ്വയം നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുകയുളളൂവെന്നും പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ പൈസ നമുക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. എഫ്.ഡി, ആര്‍.ഡി (Recurring Deposit) എല്‍.ഐ.സി തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങളാണ് സേവിംഗ്സ്, ഇന്‍വെസ്റ്റ്മെന്റിന് വേണ്ടി ഭൂരിഭാഗം ആളുകളും സ്വീകരിക്കുന്നത്. ഇവ കൂടാതെ കൃത്യമായി നിക്ഷേപം ആസൂത്രണം ചെയ്ത് ശരിയായ രീതിയില്‍ മുന്നോട്ടു പോയാല്‍ മാത്രമാണ് ഒരു വ്യക്തിക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കാനും പരിപാലിക്കാനും സാധിക്കൂവെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
ആളുകള്‍ക്ക് സമ്പാദ്യം സൃഷ്ടിക്കാന്‍ കഴിയാത്തത് ശരിയായ നിക്ഷേപം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്ന് ധന്യ വ്യക്തമാക്കുന്നു. സാമ്പത്തിക അച്ചടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശരിയായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ മികച്ച സമ്പാദ്യം സൃഷ്ടിക്കാന്‍ സാധിക്കും. ശരിയായ ആസൂത്രണത്തിലൂടെ കൂടുതല്‍ ക്രിയാത്മകമായ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് മികച്ച സമ്പാദ്യം സൃഷ്ടിക്കാനുളള മാര്‍ഗം.
Credit card debts surge by 44%, with ₹33,000 crore overdue. where are credit card users at fault?
Read DhanamOnline in English
Subscribe to Dhanam Magazine