വിപണി ഇടിഞ്ഞപ്പോഴും നേട്ടത്തിൽ; സമ്പന്ന നിക്ഷേപകർക്ക് തുണയായി ഹൈബ്രിഡ് SIF-കൾ; അതിവേ​ഗ വളർച്ച

വിപണി തിരുത്തലുകൾക്കിടയിലും ശരാശരി 5.5% നേട്ടം; നികുതിയിലെ കാര്യക്ഷമതയും വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങളും ഹൈബ്രിഡ് എസ്.ഐ.എഫ് സ്കീമുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുന്നു
Specialised Investment Funds
പ്രതീകാത്മക ചിത്രം (Image Source: Canva)
Published on

ഓഹരിയും സ്വർണവുമല്ല; ഇന്ത്യയിലെ സമ്പന്നരായ വ്യക്തി​ഗത നിക്ഷേപകർക്കിടയിൽ (HNI) തികച്ചും വ്യത്യസ്തമായ ഒരു പുതിയ നിക്ഷേപ രീതിയിലേക്കുള്ള പണമൊഴുക്ക് ശക്തമാകുന്നു. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI), 2025 സെപ്റ്റംബറിൽ അവതരിപ്പിച്ച സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ എസ്.ഐ.എഫ് (Specialised Investment Funds — SIF) എന്ന പുതിയ പ്രൊഡക്ട് ഫ്രെയിംവർക്കാണ് ഇപ്പോൾ വിപണിയിൽ തരംഗമാകുന്നത്.

2026 മേയ് 31-ലെ കണക്കനുസരിച്ച്, 25 എസ്.ഐ.എഫ് സ്കീമുകളിലായി മൊത്തം 13,814 കോടി രൂപയുടെ നിക്ഷേപം ഏതാനും മാസങ്ങൾക്കുള്ളിൽ ഒഴുകിയെത്തിക്കഴിഞ്ഞു. എന്നാൽ ഇതിൽ 12 എണ്ണവും ഹൈബ്രിഡ് ലോങ്-ഷോർട്ട് ഫണ്ടുകൾ (Hybrid long-short funds) ആണ്. നിലവിലുള്ള മൊത്തം എസ്.ഐ.എഫ് നിക്ഷേപത്തിന്റെ 70 ശതമാനവും (9,709 കോടി രൂപ) ഇപ്പോൾ ഹൈബ്രിഡ് എസ്.ഐ.എഫുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ഹൈബ്രിഡ് എസ്.ഐ.എഫ്?

പശ്ചിമേഷ്യൻ പ്രതിസന്ധികളും ക്രൂഡ് ഓയിൽ വിലക്കയറ്റവും കാരണം ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കിയ ഘട്ടത്തിലാണ് ഹൈബ്രിഡ് എസ്.ഐ.എഫുകൾ വിപണിയിലെത്തുന്നത്. മറ്റ് എസ്.ഐ.എഫ് വിഭാഗങ്ങൾ നേട്ടമുണ്ടാക്കാൻ പ്രയാസപ്പെട്ടപ്പോഴും ഹൈബ്രിഡ് ലോങ്-ഷോർട്ട് ഫണ്ടുകൾ 2026 ജൂൺ വരെയുള്ള വെറും മൂന്ന് മാസത്തിനിടെ ശരാശരി 5.5 ശതമാനം നേട്ടം (Return) നൽകിക്കൊണ്ട് ശ്രദ്ധേയമായി. വിപണിയിലെ തിരുത്തലുകൾ കൂടുതൽ അഗ്രേസീവായ മറ്റ് നിക്ഷേപ തന്ത്രങ്ങളെ (Aggressive strategy) ബാധിച്ചപ്പോൾ, ഹൈബ്രിഡ് എസ്.ഐ.എഫുകളുടെ ശക്തമായ പോർട്ട്ഫോളിയോ ഘടന ഇവയ്ക്ക് തുണയേകിയെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

മ്യൂച്വൽ ഫണ്ടുകൾക്കില്ലാത്ത സവിശേഷതകൾ

സാധാരണ മ്യൂച്വൽ ഫണ്ടുകൾക്ക് ലഭ്യമാകാത്ത പല നിക്ഷേപ മാർ​ഗങ്ങളും ഹൈബ്രിഡ് എസ്.ഐ.എഫുകൾക്ക് വിവിധ രീതിയിൽ ഉപയോഗിക്കാം.

  • ആർബിട്രേജ് (Arbitrage), ഫിക്സഡ് ഇൻകം നിക്ഷേപങ്ങൾ.

  • കവേർഡ് കോളുകൾ (Covered calls), ഓപ്ഷൻസ് തന്ത്രങ്ങൾ, ഷോർട്ട് സെല്ലിംഗ് (Short-selling).

  • കമ്പനികളുടെ ബൈബാക്ക് (Buyback), ഓപ്പൺ ഓഫർ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ മുതലെടുക്കാനുള്ള അവസരം.

നികുതി ആനുകൂല്യം: പരമ്പരാഗത ഡെറ്റ് ഫണ്ടുകളെപ്പോലെ (Debt Fund) സ്ലാബ് നിരക്കിലല്ല ഇതിന് നികുതി ഈടാക്കുന്നത്. ഒരു വർഷത്തിന് ശേഷം പിൻവലിക്കുമ്പോൾ ഇക്വിറ്റി നിക്ഷേപങ്ങൾക്ക് സമാനമായി 12.5 ശതമാനം നിരക്കിലുള്ള ദീർഘകാല മൂലധന നേട്ട നികുതി (LTCG) മാത്രമാണ് ഇതിനുള്ളത്.

മറ്റ് ഫണ്ടുകളുടെ തിരിച്ചടി ഇവർക്ക് തുണയായി

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) കേന്ദ്ര സർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് ആകർഷണീയത നഷ്ടപ്പെട്ട ആർബിട്രേജ് ഫണ്ടുകൾക്കും നികുതി ആനുകൂല്യം ഇല്ലാതായ ഡെബ്റ്റ് ഫണ്ടുകൾക്കും പകരമായിട്ടാണ് വലിയൊരു വിഭാ​ഗം നിക്ഷേപകർ ഹൈബ്രിഡ് എസ്‌.ഐ.എഫുകളെ കാണുന്നതെന്ന് വിപണി വിദ​ഗ്ധർ വ്യക്തമാക്കുന്നു. കൂടുതൽ നികുതി ബാധ്യതകളില്ലാതെ മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ (Risk-adjusted returns) നൽകാൻ ഇവയ്ക്ക് സാധിക്കുന്നുമുണ്ട്.

കൺസർവേറ്റീവ്, മോഡറേറ്റ്, അഗ്രസീവ് എന്നിങ്ങനെ വിവിധ റിസ്ക് വിഭാഗങ്ങളിൽ ഹൈബ്രിഡ് എസ്‌.ഐ.എഫ് സ്കീമുകൾ ലഭ്യമാണ്. എന്നിരുന്നാലും, ഈ നിക്ഷേപ വിഭാഗത്തിന് വെറും ഒൻപത് മാസത്തെ ചരിത്രം മാത്രമേയുള്ളൂ. 10 ലക്ഷം രൂപ എന്ന ഉയർന്ന പ്രാരംഭ നിക്ഷേപ തുക (Entry threshold) ഉള്ളതിനാൽ സമ്പന്നരായ വ്യക്തി​ഗത നിക്ഷേപകർക്ക് മാത്രമാണ് നിലവിൽ ഹൈബ്രിഡ് എസ്‌.ഐ.എഫിൽ അവസരമുള്ളത്. വിപണിയിലെ ഏത് സാഹചര്യങ്ങളിലും നേട്ടമുണ്ടാക്കാൻ പറ്റിയ തന്ത്രമാണെന്ന് തെളിയിക്കാൻ ഇനിയും സമയമെടുക്കും.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും ഫണ്ടുകൾ വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com