നല്ല ശമ്പളമുണ്ടായിട്ടും പേഴ്സണൽ ലോൺ കിട്ടുന്നില്ലേ? ശ്രദ്ധിക്കാതെ പോകുന്ന 5 കാരണങ്ങൾ ഇതാ!

ഒരു വ്യക്തിക്ക് വായ്പയുടെ ഇ.എം.ഐ അടയ്ക്കാൻ നിലവിൽ ശേഷിയുണ്ടോ എന്നതു മാത്രമല്ല ബാങ്കുകൾ പരിശോധിക്കുന്നത്; മറിച്ച് ഭാവിയിലെ തിരിച്ചടവ് സാധ്യതയും അയാളുടെ സാമ്പത്തിക അച്ചടക്കവും ഒക്കെയാകുന്നു.
Personal loan
Image courtesy: Canva
Published on

ശരാശരിയിലും ഉയർന്ന സ്ഥിര വരുമാനവും കൃത്യമായി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതുമായ വ്യക്തികളുടെ പേഴ്സണൽ ലോൺ അപേക്ഷകൾ പോലും നിരസിക്കപ്പെടാറുണ്ട്. ഒറ്റനോട്ടത്തിൽ നിരാശ തോന്നാവുന്ന സാഹചര്യമാണിത്. മികച്ച ശമ്പളമുണ്ടായിട്ടും മുൻപ് കടബാധ്യതകളൊന്നും വരുത്തിയിട്ടില്ലാഞ്ഞിട്ടും എന്തുകൊണ്ട് ബാങ്ക് പേഴ്സണൽ ലോൺ നൽകുന്നില്ല എന്നതാണ് മിക്കവരുടെയും പ്രധാന ചോദ്യം.

യഥാർത്ഥത്തിൽ, ഒരു വ്യക്തിക്ക് വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) നൽകാൻ നിലവിൽ ശേഷിയുണ്ടോ എന്നതു മാത്രമല്ല ബാങ്കുകൾ പരിശോധിക്കുന്നത്; മറിച്ച് ഭാവിയിലെ തിരിച്ചടവ് സാധ്യതയും അയാളുടെ സാമ്പത്തിക അച്ചടക്കവും ഒക്കെയാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ പേഴ്സണൽ ലോൺ അപേക്ഷകൾ നിരസിക്കപ്പെടാൻ ഇടയാക്കുന്നതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ 5 പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ക്രെഡിറ്റ് ഹി​സ്റ്ററിയിലെ ചെറിയ വീഴ്ചകൾ

ക്രെഡിറ്റ് ഹിസ്റ്ററിയുടെ അഭാവം ലോൺ അപേക്ഷ തള്ളാൻ കാരണാമാകാറുണ്ട്. നേരത്തെ വായ്പകളൊന്നും എടുത്തിട്ടില്ലാത്തവരുടേയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവരുടേയും ഒക്കെ, തിരിച്ചടവ് ശീലം വിലയിരുത്താൻ ബാങ്കുകൾക്ക് കഴിയില്ല. ഇത് വായ്പ അപേക്ഷ നിഷേധിക്കാൻ കാരണമാകാം. അതുപോലെ സെറ്റിൽഡ് (Settled) ലോണുകളും കല്ലുകടിയാകും. പഴയ വായ്പകൾ പൂർണമായി അടച്ചുതീർക്കാതെ ബാങ്കുമായി ധാരണയിലെത്തി 'സെറ്റിൽ' ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി റിപ്പോർട്ടിൽ കറുത്ത പുള്ളിയായി അവശേഷിക്കും. സമാനമായി പഴയ ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കുന്നതിൽ വന്നിട്ടുള്ള ഏതാനും ദിവസത്തെ കാലതാമസം പോലും ബാങ്കുകൾ ഗൗരവമായി കണക്കിലെടുക്കാറുണ്ട്. ചുരുക്കത്തിൽ വായ്പ തിരിച്ചടവിൽ വലിയ കുടിശ്ശികകൾ വരുത്തിയിട്ടില്ല എന്നത് കൊണ്ടുമാത്രം ഒരാളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടണമെന്നില്ലെന്ന് സാരം.

2. വരുമാനവും കടബാധ്യതയും തമ്മിലുള്ള അനുപാതം

പ്രതിമാസ വരുമാനവും നിലവിലെ കടബാധ്യതയും തമ്മിലുള്ള അനുപാതം വായ്പ അപേക്ഷ വിലയിരുത്തുന്നതിന് ഉപയോ​ഗിക്കുന്ന നിർണായക ഘടകമാണ്. പ്രതിമാസ ശമ്പളം എത്രത്തോളം ഉയർന്നതാണെന്നതിനേക്കാൾ, അതിൽ എത്ര ഭാഗം ഇപ്പോൽ ചെലവായി പോകുന്നുണ്ടെന്നതാണ് ബാങ്ക് പ്രധാനമായും വിലയിരുത്തുന്നത്. നിലവിലുള്ള ഇൻഷുറൻസ് പ്രീമിയം, ഭവന/വാഹന വായ്പകൾ അല്ലെങ്കിൽ മറ്റ് ചെറിയ കടങ്ങൾ എന്നിവയ്ക്ക് ശേഷം വ്യക്തിയുടെ കയ്യിൽ മിച്ചം വരുന്ന തുക പുതിയൊരു വായ്പയുടെ ഇഎംഐ കൂടി താങ്ങാൻ പര്യാപ്തമല്ലെന്ന് കണ്ടാൽ ബാങ്ക് പിൻവാങ്ങും.

3. ഉയർന്ന ക്രെഡിറ്റ് കാർഡ് വിനിയോഗം

ഒരുപക്ഷേ ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുടങ്ങിപ്പോകാതെ നിങ്ങൾ കൃത്യമായി അടയ്ക്കുന്നുണ്ടാകാം. എന്നിരുന്നാലും, കാർഡിൽ അനുവ​ദിച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റ് മുഴുവനായി (ഉദാഹരണത്തിന് 80-90%) എല്ലാ മാസവും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ, അത് നിങ്ങളെ കുറിച്ച് ബാങ്കിന് മുമ്പാകെ നെഗറ്റീവ് സൂചനയാകും നൽകുക. നിങ്ങൾ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നുണ്ടെന്നും സാമ്പത്തികമായി വലിയ സമ്മർദ്ദത്തിലാണെന്നും ഇതിലൂടെ വിലയിരുത്തപ്പെടുന്നു. എപ്പോഴും കാ‌ർഡിൽ അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

4. തൊഴിൽ സ്ഥിരതയും സ്വഭാവവും

പേഴ്സണൽ ലോൺ എന്നത് യാതൊരു ഈടുമില്ലാതെ നൽകുന്ന (Unsecured Loan) വായ്പയായതിനാൽ അപേക്ഷകന്റെ തൊഴിൽ സ്ഥിരത നിർണ്ണായക ഘടകമാണ്. ആറുമാസത്തിനിടെ ഒന്നിലധികം തവണ ജോലി മാറിയവർക്ക് ലോൺ കിട്ടാൻ പ്രയാസമാണ്. അതുപോലെ പുതിയ ജോലിയിൽ പ്രവേശിച്ച ഉടനെ ലോണിന് അപേക്ഷിക്കുന്നത് തിരിച്ചടിയാകും. കുറഞ്ഞത് 6 മാസമെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ള ചരിത്രമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.

5. ഒരേസമയം പല ലോൺ അപേക്ഷിക്കുന്നത്

ലോൺ കിട്ടുമോ എന്ന് അറിയാൻ ഒരേ സമയം നാലോ അഞ്ചോ ബാങ്കുകളിൽ അപേക്ഷ നൽകുന്നത് നിങ്ങളുടെ സാമ്പത്തിക നിലയെ കുറിച്ച് സംശയം ജനിപ്പിക്കാൻ കാരണമാകാം. നിങ്ങൾ നൽകുന്ന ഓരോ അപേക്ഷയും ക്രെഡിറ്റ് ബ്യൂറോകളിൽ 'ഹാർഡ് എൻക്വയറി' (Hard Enquiry) ആയി രേഖപ്പെടുത്തും. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി ഹാർഡ് എൻക്വയറികൾ വരുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ കാരണമാകും.

ബാങ്കുകൾ പ്രതീക്ഷിക്കുന്നത് എന്ത്?

പേഴ്സണൽ ലോൺ എന്നത്, നിങ്ങൾ സാമ്പത്തിക സമ്മർദങ്ങളെ എങ്ങനെ മറികടക്കും എന്നതിന്റെ അളവുകോലാണ്. അത് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള പരീക്ഷണമല്ല. ലോൺ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി

  • ക്രെഡിറ്റ് കാർഡ് ഉപയോഗം പരിമിതപ്പെടുത്തുക.

  • നിലവിലുള്ള ചെറിയ കടങ്ങൾ [മൊബൈൽ ഇഎംഐ, ബൈ നൗ പേ ലേറ്റർ (BNPL)] ഒക്കെ അടച്ചുതീർക്കുക.

  • ഒരു ലോൺ അപേക്ഷ നിരസിക്കപ്പെട്ടാൽ ഉടൻ തന്നെ അടുത്ത ബാങ്കിനെ സമീപിക്കാതെ, കുറഞ്ഞത് 3-6 മാസമെങ്കിലും കാത്തിരിക്കുക.

ചുരുക്കത്തിൽ, സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് വഴി നിങ്ങളുടെ ലോൺ അപേക്ഷകൾ കൂടുതൽ വേഗത്തിൽ അംഗീകരിക്കപ്പെടാൻ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com