റിസര്‍വ് ബാങ്ക് വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്തുകൊണ്ട്? കൂടുതല്‍ ബാധ്യത ആര്‍ക്കൊക്കെ?

റിസര്‍വ് ബാങ്ക് വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നതില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ വായ്പയെടുത്തവരെല്ലാം ആശങ്കയിലാണ്. 35 മുതല്‍ 40 വരെ ബേസിസ് പോയിന്റുകള്‍ ആര്‍ബിഐ (Reserve Bank of India) ഉയര്‍ത്തിയേക്കാമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളില്‍ വര്‍ധനവ് പ്രതീക്ഷിച്ചേക്കാമെന്നാണ് അറിയുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 100 ബേസിസ് പോയിന്റുകളോളം സെന്‍ട്രല്‍ ബാങ്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു വന്ന വാര്‍ത്തകള്‍. നിലവില്‍ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് നിര്‍ത്തിയിട്ടുള്ളതെങ്കിലും 5.15 ശതമാനമെന്ന കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് എത്തിയേക്കാമെന്നാണ് ക്രിസില്‍ അടക്കമുള്ള റേറ്റിംഗ് ഏജന്‍സികളുടെ അനുമാനം.
പണപ്പെരുപ്പം സംബന്ധിച്ച അനിശ്ചിതത്വമാണ് ആര്‍ബിഐയെ വലയ്ക്കുന്നത്. ക്രിസിലില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് പറയുന്നതുപോലെ, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായും പണപ്പെരുപ്പം മാറും.
മൂന്ന് വര്‍ഷമായി, CPI ബന്ധിത പണപ്പെരുപ്പം RBI നിശ്ചയിച്ചിട്ടുള്ള ടാര്‍ഗറ്റിന്റെ മധ്യഭാഗമായ 4 ശതമാനത്തിന് മുകളില്‍ നിലനിന്നിരുന്നെങ്കിലും 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.3 ശതമാനമായി. ഇപ്പോള്‍ നടക്കുന്ന ഉക്രെയ്ന്‍ യുദ്ധം, വിതരണത്തിലെ തടസ്സങ്ങള്‍, അസംസ്‌കൃത എണ്ണയിലെ ചാഞ്ചാട്ടം, ഗോതമ്പ് പോലുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ ലോകമെമ്പാടുമുള്ള പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നു.
'റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗോതമ്പ്, പഞ്ചസാര (ഇന്ത്യയുടെ പ്രധാന കയറ്റുമതി), സസ്യ എണ്ണകള്‍ (ഒരു പ്രധാന ഇറക്കുമതി) എന്നിവയുടെ വില കുതിച്ചുയര്‍ന്നു. ഇന്തോനേഷ്യ ഈയിടെ പാം ഓയില്‍ കയറ്റുമതി നിരോധിച്ചത് ഇതിനകം വിലകൂടിയ ഭക്ഷ്യ എണ്ണകള്‍ കൂടുതല്‍ ചെലവേറിയതാക്കും,'' ക്രിസില്‍ പറയുന്നു.
നിരക്ക് ബാധ്യതയാകുന്നതെവിടെ
എച്ച്ഡിഎഫ്‌സി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരില്‍ നിന്നും വായ്പയെടുത്തവര്‍ക്കാകും അധിക ബാധ്യതയാകുക. കാരണം ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) ഉള്‍പ്പെടെയുള്ള ഈ ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി. ഇത്തവണ 5 ബേസിസ് പോയിന്റ് ആണ് അധികമാക്കിയത്. ജൂണ്‍ 1 മുതല്‍ എച്ച് ഡി എഫ് സി ലോണുകള്‍ക്ക് ഇത് ബാധകമാകും. ആര്‍ബിഐ കഴിഞ്ഞ തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം കഴിഞ്ഞ മാസം 30 ബേസിസ് പോയിന്റ് നിരക്ക് ഇവര്‍ ഉയര്‍ത്തിയിരുന്നു.
നിലവിലെ 5 ബേസിസ് പോയിന്റ് വര്‍ധനയോടെ 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 7.15 ശതമാനം പലിശയായി. 30 ലക്ഷം രൂപയ്ക്ക് മുകളിലും 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 7.4 ശതമാനം പലിശയുണ്ടാകും. കൂടാതെ, 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 7.5 ശതമാനം പലിശ ആകും.
ഐസിഐസിഐയും 5 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. നിലവിലെ 5 ബേസിസ് പോയിന്റ് വര്‍ധനയോടെ 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 7.15 ശതമാനം പലിശ ലഭിക്കും. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 75 ലക്ഷം രൂപ വരെ പലിശ നിരക്ക് 7.4 ശതമാനമായിരിക്കും. കൂടാതെ, 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും.
ജൂണ്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കും എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. പരിഷ്‌കരണത്തോടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നേരത്തെയുള്ള 7.25 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി ഉയര്‍ത്തി. ഓവര്‍നൈറ്റ്, ഒരു മാസം, മൂന്ന് മാസം എന്നീ എംസിഎല്‍ആര്‍ യഥാക്രമം 6.75 ശതമാനം, 6.80 ശതമാനം, 6.90 ശതമാനം എന്നിങ്ങനെ വര്‍ധിപ്പിച്ചപ്പോള്‍ ആറ് മാസത്തെ എംസിഎല്‍ആര്‍ 7.10 ശതമാനമായി ഉയര്‍ന്നു. അതേസമയം, മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍ 0.15 ശതമാനം വര്‍ധിച്ച് 7.70 ശതമാനമായി.
ജൂണ്‍ 1 മുതല്‍ ബാങ്ക് ഓഫ് ഇന്ത്യയും ചില കാലയളവുകളില്‍ എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചു. വനിതാ ഉപഭോക്താക്കള്‍ക്ക്, പല ബാങ്കുകളിലും നിലവിലെ എല്ലാ സെഗ്മെന്റിലും നിരക്കുകള്‍ 5 ബേസിസ് പോയിന്റ് കുറവായിരിക്കും.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it