മരിച്ചയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ശിക്ഷാര്‍ഹം; നടപടിക്രമങ്ങള്‍ അറിയാം

മരിച്ചയാളുടെ അക്കൗണ്ടുകള്‍ ആശ്രിതര്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലും കുരുക്കായേക്കും.
മരിച്ചയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ശിക്ഷാര്‍ഹം; നടപടിക്രമങ്ങള്‍ അറിയാം
Published on

മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കുടുംബത്തിലെ പ്രധാന വരുമാനദാതാവാണ് മരണപ്പെടുന്നതെങ്കിലോ? അത് ആ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തന്നെ ചിലപ്പോള്‍ തല്ലിക്കെടുത്തിയേക്കാം. ഇന്‍ഷുറന്‍സുകള്‍ എടുക്കുന്നതോടൊപ്പം സമ്പാദ്യങ്ങളിലെല്ലാം നോമിനിയെ ചേര്‍ക്കേണ്ടതിന്റെ പ്രധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്. പ്രത്യേകിച്ച് ഒരാള്‍ മരണപ്പെടുകയും അയാളുടെ അക്കൗണ്ടിലെ പണം ആശ്രിതര്‍ക്ക് ആവശ്യമായും  വരുമ്പോള്‍.

മരിച്ചത് മാതാപിതാക്കളാണെങ്കിലും എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് നിയമപരമല്ല. രക്ഷിതാവിന്റെ മരണശേഷം ആ വ്യക്തിയുടെ മരണത്തെക്കുറിച്ച് ബാങ്കിനെ അറിയിക്കാതെ ആരെങ്കിലും അത്തരമൊരു പിന്‍വലിക്കല്‍ നടത്തിയാല്‍, അത് പിന്നീട് ക്രിമിനല്‍ ശിക്ഷ വരെ അര്‍ഹിക്കുന്ന തെറ്റായി മാറിയേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനും കഴിയും.

ഈ അവസരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം:

നിങ്ങള്‍ ഒരു പവര്‍ ഓഫ് അറ്റോര്‍ണി അഥവാ അവകാശ രേഖ നേടിയിട്ടുണ്ടെങ്കില്‍, അത് ബാങ്കിനെ ബോധ്യപ്പെടുത്തിയതാണെങ്കില്‍ പിന്നീട് മരണപ്പെട്ടയാളുടെ അക്കൗണ്ട് ഉപയോഗിക്കാം, എന്നാല്‍ എടിഎം പിന്‍ നമ്പര്‍, പേര് എന്നിവ മാറ്റി കിട്ടിയതിനുശേഷം മാത്രമുപയോഗിക്കുന്നതാണ് സുരക്ഷിതം.

സാധാരണനിലയില്‍ പെന്‍ഷന്‍ വാങ്ങുന്നവരോ മറ്റോ ആണ് മരണപ്പെടുന്നതെങ്കില്‍ ഭാര്യയോ മക്കളോ ആയ നോമിനിയുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ടാകാം. ഇതിനാല്‍ പിന്നീട് പണം പിന്‍വലിക്കലിന് തടസ്സങ്ങള്‍ വരില്ല. പക്ഷെ നോമിനിയെ ചേര്‍ക്കാത്ത പക്ഷം മക്കള്‍, ഭാര്യ, അമ്മ , അച്ഛന്‍ തുടങ്ങിയവരുണ്ടെങ്കില്‍ അവരുടെ തുല്യ പങ്കാളിത്തത്തോടെ ബാങ്കില്‍ നിയമപരമായ രേഖകള്‍ (അവകാശം- വില്ലേജ് ഓഫീസിലും റേഷന്‍ കാര്‍ഡിലും മറ്റും രേഖപ്പെടുത്തിയവ) സമര്‍പ്പിച്ച് പണം തുല്യമായി ലഭിക്കുന്ന തരത്തിലാക്കാം. ഒരാളിലേക്കാണ് ഈ തുക എന്തുന്നതെങ്കില്‍ മറ്റുള്ളവരുടെ കണ്‍സെന്റ് ലെറ്റര്‍ അഥവാ സമ്മത പത്രം സമര്‍പ്പിച്ചിരിക്കണം.

അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ട നോമിനിയുടെ പേര്, ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ബാങ്കില്‍ വിളിച്ച് പുതുക്കുക. അപേക്ഷാ ഫോമും സമര്‍പ്പിക്കേണ്ടതായി വരും. മരണം സംഭവിച്ചാല്‍ ഉടന്‍ തന്നെ ബ്രാഞ്ചില്‍ വിളിച്ചു പറയുകയും വ്യക്തിയുടെ പേരിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നിശ്ചലമാക്കുകയും ചെയ്യണം.

മരിച്ചയാളുടെ പേരിലുളള പണം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ നേരത്തെ ചെക്കോ മറ്റോ ഒപ്പിട്ടു നല്‍കിയിട്ടുണ്ടെങ്കില്‍ അത് അപേക്ഷ നല്‍കി പിന്‍വലിക്കാം. പിന്‍വലിക്കല്‍ ഫോം (Withdrawal form ) വഴിയും പിന്‍വലിക്കാം.

  • ക്രിമിനല്‍ കുറ്റമാകുന്നത് 

അക്കൗണ്ട് ഉടമ മരിച്ച വിവരം ബാങ്കിനെ അറിയിക്കാതെ ആശ്രിതരോ നോമിനികളോ അല്ലാത്തവര്‍ പണം പിന്‍വലിച്ചതായി തെളിഞ്ഞാല്‍ ക്രിമിനല്‍ കുറ്റകൃത്യമാകും. ഈ പണം തിരികെ ലഭിക്കാനും തെറ്റ് ചെയ്തയാള്‍ക്ക് ശിക്ഷ ലഭിക്കാനും

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, സിസിടിവി ഫൂട്ടേജ് (സാധ്യമെങ്കില്‍), അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, മറ്റ് തെളിവുകള്‍ (പണം പിന്‍വലിക്കുമ്പോള്‍ എടിഎം കാര്‍ഡ് ഉണ്ടായിരുന്നതുപോലുള്ളവ) എന്നിവ ലഭിച്ചതിനുശേഷം നിങ്ങള്‍ ഒരു ക്രിമിനല്‍ പരാതി നല്‍കേണ്ടിവരും. ഉന്നയിച്ച ആരോപണങ്ങളെ ആശ്രയിച്ച്, ക്രിമിനല്‍ ശിക്ഷ ബാധകമാകും.

ചെയ്യേണ്ട കാര്യങ്ങള്‍

അക്കൗണ്ട് ഉടമകള്‍ നോമിനികളെ (ഒന്നോ രണ്ടോ) ചേര്‍ത്തിരിക്കുക. കെവൈസി അപ്‌ഡേറ്റ് ചെയ്യുക എന്നിവ ശ്രദ്ധിച്ചിരിക്കണം. നോമിനി ബാങ്കിലെത്തി മരണ സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെയുള്ളവ കാണിച്ച് നോമിനിയുടെ പേരിലേക്ക് അക്കൗണ്ട് മാറ്റാനോ പുതുതായി അക്കൗണ്ടി തുടങ്ങി അതിലേക്ക് പണം മാറ്റാനോ ശ്രദ്ധിച്ചിരിക്കണം.

മരിച്ചയാള്‍ വിദേശത്തോ മറ്റോ ആണെങ്കില്‍ അതാത് ബാങ്കിന്റെ തൊഴില്‍ ചെയ്യു്‌നന സ്ഥാപനം വഴി ബന്ധപ്പെട്ട് കൊണ്ട് അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യണം. കാര്‍ഡുകള്‍ മരവിപ്പിക്കണം.

(വിവരങ്ങള്‍ക്ക് കടപ്പാട് : രാഖി രാജു, ഡെപ്യൂട്ടി മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പനമ്പിള്ളി നഗർ )

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com