

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കൊപ്പം ക്രിപ്‌റ്റോ കറന്‍സികളിലും സ്ത്രീ നിക്ഷേപകരുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്ന സ്ത്രീകളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചതായാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ജിയോട്ടസിന്റെ കണക്കുകള്‍. ഇന്ത്യയില്‍ മൊത്തം ക്രിപ്‌റ്റോ മാര്‍ക്കറ്റ് മൂല്യത്തില്‍ 15 ശതമാനം സ്ത്രീകളുടേതാണ്.
' വനിതകള്‍ കൂടുതലായി ക്രിപ്‌റ്റോയില്‍ ദീര്‍ഘകാല നിക്ഷേപമാണ് നടത്തുന്നത്. സ്ഥിരതയുള്ള ബിറ്റ്‌കോയിന്‍, എഥേറിയം പോലുള്ള കോയിനുകളിലാണ് കൂടുതലായി നിക്ഷേപിക്കുന്നത്. ശ്രദ്ധയോടെ, സമതുലിതമായ നിക്ഷേപം നടത്താനാണ് സ്ത്രീകള്‍ ശ്രദ്ധിക്കുന്നത്.'' ജിയോട്ടസ് വ്യക്തമാക്കി. വര്‍ധിക്കുന്ന സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ അവബോധം, നിക്ഷേപമെന്ന നിലയില്‍ ക്രിപ്‌റ്റോയോടുള്ള മാറിയ കാഴ്ചപ്പാട് തുടങ്ങിയവ കൂടുതല്‍ വനിതാ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
ചെറുപ്പക്കാര്‍ മാത്രമാണ് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതെന്ന ധാരണകളെ തെറ്റിക്കുന്നതുമാണ് കണക്കുകള്‍. ഇന്ത്യയില്‍ ക്രിപ്‌റ്റോ നിക്ഷേപകരില്‍ കൂടുതലും 36-50 പ്രായപരിധിയില്‍ പെടുന്നവരാണ്. മൊത്തം വിപണിയുടെ 32 ശതമാനമാണ് ഈ വിഭാഗം.
മ്യൂച്വല്‍ ഫണ്ട് മേഖലയിലേക്ക് കടന്നു വരുന്ന വനിതകളുടെ എണ്ണം ഗണ്യമായി ഉയരുകയാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീപങ്കാളിത്തം ഇരട്ടിയോളം വര്‍ധിച്ചെന്നാണ് അസോസിയേഷന്റെ കണക്കുകള്‍ കാണിക്കുന്നത്.
2024 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം വ്യക്തിഗത നിക്ഷേപകരുടെ മൊത്തം ആസ്തിയുടെ 33 ശതമാനവും വനിതകളില്‍ നിന്നാണ്. വനിതകളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം 2019ലെ 4.59 ലക്ഷം കോടിയില്‍ നിന്ന് 2024ല്‍ 11.25 ലക്ഷം കോടിയായി വര്‍ധിച്ചു. കേരളത്തിലും വനിതാ നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine