50 ലക്ഷം വരെ വിവാഹ വായ്പ; പ്രായ പരിധി 60

കല്യാണ നിശ്ചയം കഴിഞ്ഞാല്‍ കല്യാണ ചെലവുകള്‍ക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നാണ് ആശങ്ക. കല്യാണ സാരി, സദ്യ, സ്വീകരണ ചടങ്ങുകള്‍, ആഭരണങ്ങള്‍, ഓഡിറ്റോറിയം ബുക്കിംഗ്, ഫോട്ടോ, വീഡിയോ, അതിഥികള്‍ക്കുള്ള താമസം തുടങ്ങി എല്ലാത്തിനും ചെലവുകള്‍ വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഭാരിച്ച കല്യാണ ചെലവുകള്‍ നേരിടാന്‍ സഹായഹസ്തവുമായി വാണിജ്യ ബാങ്കുകളും, ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) രംഗത്ത് എത്തിയിട്ടുണ്ട്.

പ്രായപരിധിയും മാസ വരുമാനവും

50,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വിവാഹ വായ്പയായി ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് കല്യാണ ആവശ്യങ്ങള്‍ക്കും കൂടി ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിച്ചാണ്. ആക്സിസ് ബാങ്ക് വിവാഹ വായ്പക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21 മുതല്‍ 60 വയസു വരെയാണ്. വിവാഹ വായ്പ അപേക്ഷകര്‍ക്ക് വേണ്ട കുറഞ്ഞ മാസ വരുമാനം 15,000 രൂപയാണ്. പലിശ നിരക്ക് 10.49 ശതമാനം മുതലാണ്.

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കും വിവാഹ വായ്പകള്‍ നല്‍കുന്നുണ്ട്. ഈട് വെക്കാതെ ലഭിക്കുന്ന ഇത്തരം വ്യക്തിഗത വായ്പകള്‍ക്ക് പലിശ കൂടുതലായിരിക്കും. എച്ച്.ഡി.എഫ്.സി എക്കൗണ്ട് ഉള്ളവര്‍ക്ക് കുറഞ്ഞത് 25,000 രൂപ മാസ വരുമാനം വേണം. വാര്‍ഷിക പലിശ നിരക്ക് 10.5 ശതമാനം മുതല്‍ 20.40 ശതമാനം വരെയാണ്. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി.

ഐ.സി.ഐ.സി ബാങ്ക് (10.5% പലിശ), കോട്ടക് മഹിന്ദ്ര ബാങ്ക് (പലിശ നിരക്ക് 10.55%) തുടങ്ങിയ ബാങ്കുകളും വിവാഹ വായ്പകള്‍ നല്‍കുന്നുണ്ട് പ്രമുഖ എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാന്‍സ് വിവാഹ വായ്പകള്‍ നല്‍കുന്നുണ്ട്. പലിശ നിരക്ക് 14.5 ശതമാനം മുതല്‍. ബജാജ് ഫൈനാന്‍സ് വിവാഹ വായ്പകള്‍ നല്‍കുന്നത് 13.5 ശതമാനം പലിശ നിരക്കിലാണ്.

ഇവയ്‌ക്കെല്ലാം ഉപയോഗിക്കാം

വിവാഹ വായ്പകള്‍ വിവാഹവുമായി ബന്ധപ്പെട്ട പല ചെലവുകള്‍ക്ക് ഉപയോഗപ്പെടുത്താം. ഓഡിറ്റോറിയം ബുക്കിംഗ്, അലങ്കാരങ്ങള്‍, സമ്മാനങ്ങള്‍, കേറ്ററിംഗ്, വധുവിനുള്ള വസ്ത്രം, കേശാലങ്കാരം, ബ്രൈഡല്‍ മെയ്ക് അപ്പ്, യാത്ര, അതിഥികളുടെ താമസം, സംഗീതം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ക്ഷണിക്കാനുള്ള ചെലവുകള്‍ തുടങ്ങിയവ. വ്യക്തിഗത വായ്പകളെ പോലെ വളരെ ചുരുങ്ങിയ സമയം, കുറഞ്ഞ പേപ്പര്‍ വര്‍ക്ക് എന്നിവയാണ് വിവാഹ വായ്പകളുടെ സവിശേഷത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it