

പി. അനില്‍കുമാര്‍
നമ്മുടെ ഉപഭോക്തൃ സംസ്‌കാരം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഉപഭോക്തൃ സമൂഹത്തില്‍ ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടക്കുക (Buy Now, Pay Later) എന്നത് വെറുമൊരു പരസ്യമല്ല, പലര്‍ക്കും ജീവിതരീതിയായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ മുതല്‍ വിദേശയാത്രകള്‍ വരെ ഇഎംഐ വ്യവസ്ഥയില്‍ ലഭിക്കുമ്പോള്‍, നാം ഒരു വലിയ സാമ്പത്തിക കെണിയിലേക്കാണ് പോകുന്നതെന്ന് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ടു തന്നെ മാറുന്ന ഉപഭോഗ സംസ്‌കാരവും അതില്‍ മറഞ്ഞിരിക്കുന്ന കടക്കെണികളും ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍, കടബാധ്യതകളില്ലാത്ത ഒരു ജീവിതം, അഥവ 'Zero EMI Life' എന്നത് വെറുെമാരു ആഗ്രഹമല്ല, മറിച്ച് ഓരോ വ്യക്തിയും തന്റെ കുടുംബത്തിന്റെ സുരക്ഷക്കായി നേടിയെടുക്കേണ്ട സാമ്പത്തിക അച്ചടക്കമാണ്.
Zero% EMIയുടെ ആകര്‍ഷകമായ ഓഫറുകളില്‍ മയങ്ങി അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ഇന്ന് ഏറിവരികയാണ്. പക്ഷേ അത് ഒരിക്കലും സൗജന്യമല്ല. പലിശയില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും പ്രോസസിംഗ് ഫീ എന്ന പേരിലും ഇന്‍ഷുറന്‍സ് ചാര്‍ജുകള്‍ എന്ന പേരിലും ബാങ്കുകളും മറ്റും അതില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകളിലൂടെ ലാഭമുണ്ടാക്കുന്നു.
ഉദാ: നിങ്ങള്‍ 1,00,000 രൂപയുടെ ഒരു സ്മാര്‍ട്ട്ഫോണ്‍ 'Zero% EMI' വഴി വാങ്ങുന്നു. ഫോണിന്റെ വില നേരിട്ട് പണമായി നല്‍കിയാല്‍ 10,000 രൂപയോളം ഡിസ്‌കൗണ്ട് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇഎംഐ എന്ന മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഈ ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. കൂടാതെ 2,000 രൂപ പ്രോസസിങ് ഫീസും നല്‍കണം. ഫലത്തില്‍ പലിശയില്ലെന്ന് പറയുമ്പോഴും നിങ്ങള്‍ 12,000 രൂപ അധികമായി നല്‍കുകയാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍, നമ്മുടെ കൈവശമില്ലാത്ത പണം മുന്‍കൂട്ടി ചെലവാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സൈക്കോളജിക്കല്‍ കെണിയാണിത്.
കടമില്ലാത്ത ജീവിതം നല്‍കുന്ന ഏറ്റവും വലിയ നേട്ടം മനഃസമാധാനമാണ്. ഓരോ മാസവും ലഭിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇഎംഐ അടക്കാന്‍ വിനിയോഗിക്കേണ്ടി വരുമ്പോള്‍, ആ മാസത്തിന്റെ ബാക്കി ദിവസങ്ങളിലെ ചെലവിനായി കടം വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും. അത് വീണ്ടും ബാധ്യതയായി മാറുകയും ചെയ്യും. കടം വാങ്ങുന്നത് ക്രമേണ ഒരു ശീലമായി മാറുന്നു. ഇത് മാനസിക സമ്മര്‍ദ്ദം കൂട്ടും. അതേസമയം ഇഎംഐ ഇല്ലാതെ, കിട്ടുന്ന ശമ്പളത്തിന് അനുസൃതമായ ചെലവുകള്‍ ക്രമീകരിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മനസമാധാനത്തോടെയുള്ള ജീവിതം നയിക്കാന്‍ കഴിഞ്ഞേക്കാം. ഭാവിയിലേക്കുള്ള സമ്പാദ്യത്തിനും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇത് സഹായിക്കും.
നിലവില്‍ വലിയ കടബാധ്യതയുള്ളവര്‍ക്ക് അത് വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ രണ്ട് പ്രധാന മാര്‍ഗങ്ങള്‍ അവലംബിക്കാം.
സ്നോബോള്‍ മെത്തേഡ് (Snowball Method): ചെറിയ തുക കടമായിട്ടുള്ളത് ആദ്യം വീട്ടുക. ഉദാഹരണത്തിന്, സുഹൃത്തിനോട് വാങ്ങിയ 2,000 രൂപ ആദ്യം കൊടുത്തുതീര്‍ക്കുക. ഇത് നല്‍കുന്ന ആവേശം വലിയ കടങ്ങള്‍ വീട്ടാന്‍ നിങ്ങളെ സഹായിക്കും.
-അവലാഞ്ച് മെത്തേഡ് (Avalanche Method): പലിശ നിരക്ക് ഏറ്റവും കൂടുതലുള്ള വായ്പകള്‍ ആദ്യം തീര്‍ക്കുക. ഇതുവഴി പലിശയിനത്തില്‍ നിങ്ങള്‍ക്ക് വലിയൊരു തുക ലാഭിക്കാം.
കടം വാങ്ങി ശീലിച്ച ഒരു ശൈലിയില്‍ നിന്ന് പെട്ടെന്ന് മാറുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ താഴെ പറയുന്ന പ്രായോഗിക രീതികളിലൂടെ ഇത് സാധ്യമാക്കാം:
എമര്‍ജന്‍സി ഫണ്ട്: പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്കായി കുറഞ്ഞത് ആറ് മാസത്തെ ചെലവിനുള്ള തുക മാറ്റിവെക്കുക.
ആവശ്യവും ആഗ്രഹവും ഒന്നല്ല: സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ പിന്തുടര്‍ന്ന് പുതിയ വസ്ത്രമോ ഷൂവോ വാങ്ങുന്നത് ആഗ്രഹമാണ്. നിങ്ങളുടെ പഠനത്തിനോ ജോലിക്കോ വേണ്ടിയുള്ള കാര്യങ്ങള്‍ ആവശ്യമാണ്.
24 മണിക്കൂര്‍ നിയമം: ഓണ്‍ലൈനില്‍ ഒരു വസ്ത്രം കണ്ട് പെട്ടെന്ന് ഓര്‍ഡര്‍ ചെയ്യുന്നതിന് പകരം 24 മണിക്കൂര്‍ സമയം കാത്തിരിക്കുക. പലപ്പോഴും അടുത്ത ദിവസം അത് വേണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നും.
ക്രെഡിറ്റ് കാര്‍ഡ് നിയന്ത്രണം: ക്രെഡിറ്റ് കാര്‍ഡ് പരിധി നിങ്ങളുടെ വരുമാനമല്ല എന്ന് തിരിച്ചറിയുക. കയ്യിലുള്ള പണം മാത്രം ചെലവാക്കാന്‍ ശീലിക്കുക.
സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട അടിസ്ഥാന പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പകര്‍ന്നുനല്‍കുക. കുടുംബത്തിലെ വരവ്-ചെലവുകളെക്കുറിച്ച് സംസാരിക്കുന്ന വേളയില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അവരും അറിയട്ടെ.
ആഡംബരങ്ങള്‍ കാണിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിനേക്കാള്‍ മൂല്യം കടമില്ലാത്ത സമാധാനപരമായ ജീവിതത്തിനുണ്ട്. കടം വാങ്ങി സമ്പന്നനായി അഭിനയിക്കുന്നതിനേക്കാള്‍ അഭിമാനം കടങ്ങളില്ലാതെ സമാധാനമായി ഉറങ്ങാന്‍ കഴിയുന്ന 'സീറോ ഇഎംഐ' ജീവിതത്തിനാണ്. വരുംതലമുറക്ക് നാം നല്‍കേണ്ടത് വലിയ വീടുകളോ കാറുകളോ അല്ല, കടബാധ്യതകളില്ലാത്ത ഒരു സാമ്പത്തിക അടിത്തറയാണ്. സാമ്പത്തികമായി ആസൂത്രണം ചെയ്യുക, കടങ്ങളില്‍ നിന്ന് അകലം പാലിക്കുക. ലളിതമായി ജീവിക്കാം, രാജാവായി വാഴാം!
ശ്രദ്ധിക്കുക: ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ശുപാര്‍ശകളല്ല.
(ലേഖകന്‍ കേരള ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടിസ്രെകട്ടറിയാണ്)
Read DhanamOnline in English
Subscribe to Dhanam Magazine