പ്രധാന നഗരങ്ങളില്‍ കെട്ടിട വാടക കുറയുന്നു

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ കെട്ടിട വാടക കുറയുന്നുവെന്ന് അനറോക്ക് റിസര്‍ച്ച് നടത്തിയ പഠനം. തലസ്ഥാന നഗരിയടക്കമുള്ള നഗരങ്ങളിലെ തിരക്കു പിടിച്ച തെരുവുകളില്‍ പോലും വാടക കുറയുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റുകളിലൊന്നായ ന്യൂഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ 2020 ലെ ആദ്യ ത്രൈമാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 8-17 ശതമാനം വാടക കുറഞ്ഞുവെന്ന് അനറോക്ക് ഡാറ്റ വ്യക്തമാക്കുന്നു. ചതുരശ്രയടിക്ക് 1000-1100 രൂപയാണ് നിലവിലെ നിരക്ക്.
മുംബൈയിലെ കാല ഖോഡ, ബാന്ദ്ര ലിങ്കിംഗ് റോഡ് തുടങ്ങിയിടങ്ങളില്‍ 5-10 ശതമാനം വാടകയില്‍ കുറവുണ്ടായിട്ടുണ്ട്. കൊല്‍ക്കൊത്ത റാഷ് ബിഹാരി അവന്യുവില്‍ 160-220 രൂപ വരെയായി ചതുരശ്രയടിക്ക് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ 250-260 രൂപ വരെയായിരുന്നു നിരക്ക്.
അതേസമയം ഹൈദരാബാദ് ഗാച്ചിബൗളി, ബഞ്ചാര ഹില്‍സ്, ജൂബിലി ഹില്‍സ് തുടങ്ങിയിടങ്ങളില്‍ നേരിയ വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ മാര്‍ക്കറ്റുകളിലെല്ലാം ഏറിയും കുറഞ്ഞും വാടകയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് അനറോക്കിന്റെ കണ്ടെത്തല്‍.
കേരളത്തില്‍
അതേസമയം കേരളത്തില്‍ വാടക കുറഞ്ഞതല്ല കിട്ടാത്തതാണ് വലിയ പ്രശ്‌നമെന്ന് ഓള്‍ കേരള റെന്റല്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സുരേഷ് മേനോന്‍ അഭിപ്രായപ്പെടുന്നു. എല്ലാ മേഖലകളെയും പോലെ ഈ മേഖലയിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം മൂന്നു നാലു മാസത്തെ വാടക കെട്ടിട ഉടമകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവില്‍ വാടക കിട്ടാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂവെന്നും സുരേഷ് മേനോന്‍ പറയുന്നു. വായ്പയെടുത്ത് കെട്ടിടം നിര്‍മിച്ചവര്‍ വാടക ലഭിച്ചില്ലെങ്കില്‍ തിരിച്ചടക്കാനാവാതെ വരും. വായ്പ മൊറട്ടോറിയം കഴിഞ്ഞ തവണ ലഭിച്ചിരുന്നുവെങ്കിലും പലശയും കൂട്ടുപലിശയും സഹിതം പിന്നീട് തിരിച്ചടക്കേണ്ടി വന്നു. പലിശ ഒഴിവാക്കിക്കൊണ്ടുള്ള മൊറട്ടോറിയം പ്രഖ്യാപിക്കുകയും, ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുകയും വസ്തു നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്താലേ കെട്ടിട ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാകൂ എന്നും കെട്ടിട ഉടമകള്‍ പറയുന്നു.
ഒന്നര വര്‍ഷത്തിലേറെയായി തുറക്കാത്ത, വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ളവ വാടക നല്‍കാത്ത സാഹചര്യമുണ്ട്. ഒരു കെട്ടിടം മുഴുവനായോ വലിയൊരു ഭാഗമോ ഇത്തരത്തില്‍ നല്‍കിയ കെട്ടിട ഉടമകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
റീറ്റെയ്ല്‍ മേഖലയിലാണ് കോവിഡ് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാല്‍ പലരും കച്ചവടം നിര്‍ത്തിപോകുന്ന സ്ഥിതിയും ഉണ്ടെന്ന് സുരേഷ് മേനോന്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it