കെട്ടിട വാടക ഒഴിവാക്കി, പതിവ് തെറ്റിക്കാതെ ചാക്കുണ്ണി

ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതെ പ്രതിസന്ധിയിലായ നൂറോളം വ്യാപാരികള്‍ക്ക് രണ്ടാമതും ആശ്വാസമായി ചാക്കുണ്ണി. തന്റെ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളുടെ വാടകയാണ് പാലക്കാട് ചാലിശ്ശേരി സ്വദേശിയായ സി.ഇ ചാക്കുണ്ണി ഒഴിവാക്കി നല്‍കിയത്. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണിലും സമാനമായി കെട്ടിട വാടക ഒഴിവാക്കി നല്‍കിയ വ്യാപാരികളുടെ സ്വന്തം ചാക്കുണ്ണിയേട്ടന്‍ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

ചാലിശ്ശേരിയില്‍നിന്നും കോഴിക്കോട്ടെത്തിയ ചാക്കുണ്ണിക്കും കുടുംബത്തിനുമായി മൊയ്തീന്‍പള്ളി റോഡ്, ബേബി ബസാര്‍, ചാലപ്പുറം, ഫ്രാന്‍സിസ് റോഡ്, കല്ലായി റോഡ് എന്നിവിടങ്ങളിലായാണ് നൂറോളം കെട്ടിടങ്ങളുള്ളത്. തുടര്‍ന്ന് വ്യാപാരികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മെയ് എട്ടുമുതലുള്ള കെട്ടിട വാടക ഒഴിവാക്കി നല്‍കിയത്.
എന്നാല്‍ ലോക്ക്ഡൗണ്‍ പ്രതിസന്ധികാലത്ത് കെട്ടിട വാടക പൂര്‍ണമായും ഒഴിവാക്കുന്നത് എല്ലാ ഉടമകള്‍ക്കും പ്രായോഗികമല്ലെന്നാണ് ചൂക്കുണ്ണി പറയുന്നത്. 'ഓരോ നാണയിത്തിനും ഇരുവശങ്ങളുമുണ്ടാകും, വായ്പയെടുത്ത് കെട്ടിടം നിര്‍മിച്ച് വാടകക്ക് നല്‍കുന്നവര്‍ക്ക് വാടക പൂര്‍ണമായും ഒഴിവാക്കി നല്‍കാനാവില്ല. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് രണ്ട് മൂന്ന് മാസത്തെ കെട്ടിട നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ ഉദാര നയം സ്വീകരിച്ചാല്‍ കൂടുതല്‍ പേര്‍ ഇത്തരം മാതൃകകള്‍ പിന്തുടരും' ചാക്കുണ്ണി പറയുന്നു.കൂടാതെ, മത-സംഘടനകളുടെയും ട്രസ്റ്റുകളുടെയും അസോസിയേഷനുകളുടെയും കീഴിലുള്ള കെട്ടിട്ടങ്ങളുടെ വാടക ഒഴിവാക്കി ഈ മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറയുന്നു. അതേസമയം സ്വന്തം കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നവരെ ചേര്‍ത്തുപിടിച്ച ചാക്കുണ്ണിയുടെ ഈ മാതൃകയ്ത്ത് കൈയടിക്കുകയാണ് വ്യാപാരികള്‍.
മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, എയര്‍പോര്‍ട്ട് ഉപദേശക സമിതിയംഗം, സ്റ്റേറ്റ് ജി.എസ്.ടി പരാതി പരിഹാര സമിതിയംഗം, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍, സിറ്റി ബാങ്ക്, ലാഡര്‍ ഡയറക്ടര്‍, ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍, സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി എന്നീ പദവികളും വഹിച്ചുവരികയാണ് ചാക്കുണ്ണി.


Related Articles

Next Story

Videos

Share it