കോവിഡ് രണ്ടാം തരംഗം; ഭവന വില്‍പ്പന 58 % ഇടിഞ്ഞതായി പഠനം

ഇന്ത്യയിലെ ഭവന വില്‍പ്പന രംഗം രണ്ടാം പാദത്തില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി പഠനം. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്‌സ്, ഗവേഷണ സ്ഥാപനമായ പ്രോപ്ക്വിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചതെങ്ങനെയെന്ന് വെളിവാക്കുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളമുള്ള കര്‍ശനമായ ലോക്ക്ഡൗണ്‍ ഭവന വില്‍പ്പനയെ ബാധിച്ചു, കാരണം ഭവന വായ്പ വിതരണത്തിന്റെ താമസവും ഭവന രജിസ്‌ട്രേഷന്‍ നിര്‍ത്തി വെച്ചതെല്ലാം മേഖലയില്‍ പ്രതിഫലിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, എംഎംആര്‍, എന്‍സിആര്‍, പുനെ എന്നീ നഗരങ്ങളില്‍ യഥാക്രമം 55%, 59%, 49%, 57%, 63%, 43%, 62%എന്നിങ്ങനെ ഇടിവുണ്ടായി. 2021 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പാദത്തിലെ ഇടിവാണിത്.
കൂടാതെ, പുതിയ ഹൗസിംഗ് യൂണിറ്റുകളുടെ വിതരണമോ പുതിയ ലോഞ്ചുകളോ കാര്യമായി നടന്നിട്ടില്ലെന്നും ഡേറ്റ ചൂണ്ടിക്കാട്ടുന്നു. ഇത് 54% കുറഞ്ഞ് 34053 യൂണിറ്റുകളായി. 74196 ആയിരുന്നു ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, എംഎംആര്‍, എന്‍സിആര്‍, പൂനെ എന്നിവയാണ് യഥാക്രമം 65%, 66%, 65%, 30%, 52%, 55%, 38% എന്നിങ്ങനെയാണ് പുതിയ യൂണിറ്റുകളുടെ വില്‍പ്പനയിടിഞ്ഞത്.
എന്നിരുന്നാലും, 2021 രണ്ടാം പാദത്തിലെ ഹൗസിംഗ് യൂണിറ്റുകളുടെ വില്‍പ്പനയില്‍ ഉണര്‍വ് കാണാം. ഇന്ത്യയിലെ മുന്‍നിര 7 നഗരങ്ങളില്‍ ഹൗസിംഗ് യൂണിറ്റുകളുടെ വില്‍പ്പനയില്‍ 51% വര്‍ധനവ് അല്ലെങ്കില്‍ അബ്‌സോര്‍പ്ഷന്‍ കാണാം. 2020 രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ 29,942 യൂണിറ്റുകള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 45,208 യൂണിറ്റായി. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, MMR, NCR & പൂനെ 33%, 65%, 138%, 14%, 38%, 98% & 39% ഭവന വില്‍പ്പനാ വര്‍ധനവ് രേഖപ്പെടുത്തിയ നഗരങ്ങള്‍.
പഠനത്തെക്കുറിച്ച് പ്രോപ് ഇക്വിറ്റി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ സമീര്‍ ജസുജ വിലയിരുത്തുന്നത് ഇങ്ങനെ- 'ലോക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സമയമാണിത്. കോവിഡ് -19 പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പതുക്കെ വീണ്ടെടുക്കലിന്റെ പാതയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല രണ്ടാം തരംഗത്തില്‍ തകര്‍ന്നു. മുന്നോട്ട് പോകുമ്പോള്‍, ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന്, മാര്‍ക്കറ്റിംഗ് ലീഡ് വഴിയുള്ള സ്‌കീമുകളും ഉത്സവ സീസണുമായി ബന്ധപ്പെട്ട് ഡെവലപ്പര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന വിലക്കിഴിവുകളും യൂണിറ്റുകളുടെയും പിന്തുണയോടെ മാറ്റങ്ങള്‍ വന്നേക്കാം.''
പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന നിരക്ക് (രണ്ടാം പാദത്തിലേത്)
ബെംഗളൂരു - ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളുരുവില്‍ രണ്ടാം പാദം ഭവന വില്‍പ്പനയില്‍ 55% ഇടിവ് നേരിട്ട് 5,487 ല്‍ എത്തി. പുതിയ ലോഞ്ചുകള്‍ 65% കുറഞ്ഞ് 3,203 യൂണിറ്റായി.
ചെന്നൈ - 2021 ല്‍ ഭവനവില്‍പ്പനയില്‍ 59% കുറവുണ്ടായി. പുതിയ ലോഞ്ചുകള്‍ 66% കുറഞ്ഞ് 1440 യൂണിറ്റായി.
ഹൈദരാബാദ് - ഭവന വില്‍പ്പന 2021 രണ്ടാം പാദത്തില്‍ 49% കുറഞ്ഞ് 1,603 യൂണിറ്റായി, പുതിയ ലോഞ്ചുകള്‍ 65% കുറഞ്ഞ് 5,016 യൂണിറ്റായി.
കൊല്‍ക്കത്ത - കൊല്‍ക്കത്തയിലെ ഭവന വില്‍പ്പനയില്‍ 63% കുറവുണ്ടായി. 1,603 യൂണിറ്റുകളാണ് ആകെ വിറ്റത്. 2021 രണ്ടാം പാദത്തില്‍ പുതിയ ലോഞ്ചുകള്‍ 30% കുറഞ്ഞ് 1,111 യൂണിറ്റായി.
എംഎംആര്‍ - സിറ്റി ഓഫ് ഡ്രീംസ് എന്നറിയപ്പെടുന്ന എംഎംആറില്‍ രണ്ടാം പാദ ഭവന വില്‍പ്പനയില്‍ 63% കുറഞ്ഞ് 15,562 യൂണിറ്റായി, പുതിയ ലോഞ്ചുകള്‍ 52% കുറഞ്ഞ് 11,515 യൂണിറ്റായി.
എന്‍സിആര്‍ - ഡല്‍ഹി എന്‍സിആര്‍ ഭവന വില്‍പ്പനയിലും പുതിയ ലോഞ്ചുകളിലും യഥാക്രമം 43% ഉം 55% ഉം കുറവുണ്ടായി.
പുനെ - പൂനെയില്‍ വില്‍പ്പനയില്‍ 58% ഇടിവ് സംഭവിച്ചു.
(പ്രോപ് ഇക്വിറ്റി പങ്കുവച്ച ഡേറ്റയില്‍ നിന്നും തയ്യാറാക്കിയത്. ഇന്ത്യയിലെ 44 ഓളം നഗരങ്ങളിലായി 34,217 ഡെവലപ്പര്‍മാരുടെ 1,18,010 പ്രോജക്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് പ്രോപ് ഇക്വിറ്റി. ഓരോ മാസവും ഏകദേശം 300 പദ്ധതികള്‍ ഇവര്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നു. ഇത് ഇന്ത്യയിലെ റിയല്‍റ്റി മേഖലയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒരു പ്രിമിയര്‍ ബിസിനസ് ഇന്റലിജന്‍സ് ഉല്‍പ്പന്നമാണ്. )


Related Articles

Next Story

Videos

Share it