ഭൂമി തരം മാറ്റലിനും വ്യാജന്‍മാര്‍

ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാം എന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐഎഎസ്. കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ (ഭേദഗതി) നിയമം പ്രകാരമുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാം എന്ന വാഗ്ദാനവുമായി ജില്ലയില്‍ പല ഇടങ്ങളിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ പോര്‍ട്ടല്‍ വഴി

ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ റവന്യൂ വകുപ്പിന്റെ revenue.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നല്‍കാവുന്നതാണ്.

ഇത്തരത്തില്‍ നല്‍കിയ അപേക്ഷയിലെ നടപടി വിവരങ്ങള്‍ അപേക്ഷകര്‍ക്ക് നിരീക്ഷിക്കാനും കഴിയും. ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനും സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഓണ്‍ലൈന്‍ ആയി തന്നെ കഴിയും. ഇവിടെ നടപടികള്‍ക്കായി ഏജന്റുമാരെ സമീപിക്കുകയോ നിയമാനുസൃതമല്ലാതെ ഫീസ് നല്‍കുകയോ ചെയ്യേണ്ടതില്ല.

നഷ്ടങ്ങള്‍ ഒഴിവാക്കുക

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെയുള്ള യാതൊരു എജന്‍സികളുടെയും സഹായമോ നടപടികളോ കൂടാതെയാണ് ഭൂമി തരം മാറ്റ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് എന്നിരിക്കെ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പരസ്യങ്ങളില്‍ വീണ് സാമ്പത്തിക, മാനസിക, സമയ നഷ്ടങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത് എറണാകുളം ജില്ലയില്‍ ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it