ബിനാമി ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ ബിനാമി ഇടപാടുകള്‍ക്ക് (Benanami Deals) കേന്ദ്ര സര്‍ക്കാര്‍ പരിധി നിശ്ചയിച്ചേക്കും. പരിധി ലംഘിച്ചുള്ള ഇടപാടുകള്‍ റദ്ദാക്കാനും ഉള്‍പ്പെട്ട ആസ്തികള്‍ പിടിച്ചെടുക്കാനുമാണ് നീക്കം. നിലവിലെ നിയമം നടപടികള്‍ അനുവദിക്കുന്നില്ല. 2016ലെ ബിനാമി ഇടപാട് (നിരോധനം) ഭേദഗതി നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 50 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ ആണ് ഉയര്‍ന്ന മൂല്യമുള്ളവയായി കണക്കാക്കുന്നത്. ബിനാമി ഇടപാടില്‍ ഈ പരിധി ഉയര്‍ന്നേക്കും. ബിനാമി ഇടപാടിലൂടെയുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) കൊണ്ടുവരും.
കഴിഞ്ഞ ഓഗസ്റ്റില്‍ 2016ലെ ബിനാമി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത സുപ്രീംകോടതി 1988- 2016 കാലയളവില്‍ ഇടപാടുകളിലെ ക്രിമിനല്‍ നടപടികള്‍ റദ്ദ് ചെയ്തിരുന്നു. ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ ഉള്‍പ്പടെയുള്ളവ ഉള്‍പ്പെടുത്തിയ ഭേദഗതിയായിരുന്നു 2016ലേത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്. 2019ലെ കണക്കുകള്‍ പ്രകാരം 9,600 കോടിയുടെ 2100 ബിനാമി ഇടപാടുകളില്‍ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.