Begin typing your search above and press return to search.
വര്‍ക്ക് ഫ്രം ഹോം മാറി, സ്‌കൂളുകളും തുറക്കുന്നു; സംസ്ഥാനത്ത് വാടക വീട് ഡിമാന്റ് ഉയര്‍ന്നു, ഒപ്പം തുകയും
വര്‍ക്ക് ഫ്രം ഹോം (Work From Home) സംവിധാനം മാറി ഓഫീസ് സജീവമായി, സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളെ തറവാട്ട് വീടുകളിലോ നാട്ടിലോ നിര്‍ത്താനാവില്ല, ജോലി ചെയ്യുന്ന ഓഫീസിനടുത്ത് തന്നെ നല്ലൊരു വീട് വാടകയ്‌ക്കെടുത്ത് കുടുംബത്തെ കൊണ്ടുവരണം... ഈ ചിന്തയിലാണോ നിങ്ങള്‍? എന്നാല്‍ പഴയ പോലെയല്ല കാര്യങ്ങള്‍. നല്ലൊരു വീട് വാടകയ്ക്ക് കിട്ടണമെങ്കില്‍ ഒന്ന് കാര്യമായി തന്നെ അന്വേഷിച്ചിറങ്ങേണ്ടിവരും. അതും കൂടുതല്‍ തുക വാടകയായും നല്‍കേണ്ടിരും.
നേരത്തെ, കോവിഡ് (Covid19) സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറെ തിരിച്ചടി നേരിട്ട രംഗമാണ് സംസ്ഥാനത്തെ വാടക മേഖല. കൂടുതല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് പോയപ്പോള്‍ വാടകയ്ക്ക് വീടുകള്‍ നല്‍കിയിരുന്നവര്‍ക്ക് അവരുടെ വരുമാനം പോലും പൂര്‍ണമായും നഷ്ടമായി. എന്നാല്‍ വന്‍തിരിച്ചുവരവാണ് ഈ മേഖലയിലുള്ളതെന്നാണ് ബ്രോക്കര്‍മാറും മറ്റും പറയുന്നത്.
''വാടകയ്ക്ക് വീണ്ട് അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. കോവിഡ് കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 10-15 ശതമാനത്തോളം വര്‍ധനവാണുണ്ടായിട്ടുള്ളത്. വാടകയ്ക്ക് കൂടാതെ ലീസിനും വീടുകള്‍ ചോദിച്ചെത്തുന്നുണ്ട്. ഒന്ന് കാര്യമായി അന്വേഷിച്ചിറങ്ങിയാല്‍ മാത്രമേ ഇപ്പോള്‍ നല്ലൊരു വീട് വാടകയ്ക്ക് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ'' കണ്ണൂര്‍ നഗരത്തില്‍ 30 വര്‍ഷത്തിലധികമായി ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ശിവരാമന്‍ ധനത്തോട് പറഞ്ഞു.
കൊച്ചിയില്‍ വാടക വീടുകളുടെ ഡിമാന്റ് (Rental Home Demand) ഗണ്യമായാണ് ഉയര്‍ന്നത്. ''ഇപ്പോള്‍ കൊച്ചി നഗരത്തില്‍ ഒരു വീട് വാടകയക്ക് കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ രണ്ടു മാസമായി വാടക വീടുകളുടെ ഡിമാന്റ് കുത്തനെ ഉയര്‍ന്നു. ഇതിന്റെ പ്രധാന കാരണം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കിയതും സ്‌കൂളുകള്‍ തുറക്കാനായതോടെ പലരും കുടുംബത്തെ ഇങ്ങോട്ട് കൂട്ടാന്‍ തുടങ്ങിയതുമാണ്്'' കൊച്ചിയില്‍ ഒമ്പത് വര്‍ഷമായി ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ജിയോബയുടെ ഉടമ ജെന്‍സണ്‍ പറഞ്ഞു. സമാനമായി വീടുകള്‍ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ രക്ഷാധികാരി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയും പറയുന്നു.
കൂടാതെ വാടക വീടുകളുടെ ഡിമാന്റ് വര്‍ധിച്ചതിനൊപ്പം ഓഫീസ് സ്‌പെയ്‌സുകള്‍ക്കും ആവശ്യക്കാരുണ്ട്. ''കാര്യമായ രീതിയിലുള്ള വര്‍ധനവുണ്ടായിട്ടില്ലെങ്കിലും ഓഫീസ് സ്‌പെയ്‌സ് വാടകയ്‌ക്കെടുക്കുന്നവരുടെ എണ്ണവും ഏകദേശം 10 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ജനങ്ങളൊക്കെ ശുഭാപ്തി വിശ്വാസത്തിലാണ്. അതിന്റെ മാറ്റം കാണാനുണ്ട്. നിരവധി പേരാണ് പുതിയ സംരംഭങ്ങളുമായി രംഗത്തുവരുന്നത്. ഇതിന്റെ പ്രതിഫലനം ഓഫീസ് സ്‌പെയ്‌സ് ഡിമാന്റിലുമുണ്ടായിട്ടുണ്ട്'' സി.ഇ ചാക്കുണ്ണി ധനത്തോട് പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഓഫീസ് സ്‌പെയ്‌സിന് ആവശ്യക്കാരേറെയുള്ളത്. നേരത്തെ, പൂട്ടിക്കിടന്ന പല ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഈ മേഖലയ്ക്ക് പുത്തനുണര്‍വായിട്ടുണ്ട്.
വാടക വിലയും ഉയര്‍ന്നു
വാടക ഡിമാന്റ് (Rent Demand) കുത്തനെ ഉയര്‍ന്നതോടെ വാടക തുകയും ഉടമകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 10-20 ശതമാനത്തോളം വര്‍ധനവാണ് വീടുകളുടെ വാടകയിലുണ്ടായിട്ടുള്ളത്. '' കണ്ണൂര്‍ നഗരത്തിന് സമീപമായി നേരത്തെ 15,000 രൂപയ്ക്ക് നല്ലൊരു വീട് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 20,000-25,000 കൊടുക്കേണ്ടിവരും. 10-20 ശതമാനത്തോളം വര്‍ധനവാണ് വീടുകളുടെ വാടകയിലുണ്ടായിട്ടുള്ളത്'' ശിവരാമന്‍ പറഞ്ഞു.
കോവിഡ് സമയത്തെ വാടക വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയിലെ വാടക നിരക്കും കുത്തനെ ഉയര്‍ന്നു. ''കോവിഡ് സമയത്ത് കലൂരില്‍ 16,000 രൂപയ്ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു വീടിന് ഇപ്പോള്‍ ചോദിക്കുന്നത് 26,000 രൂപയാണ്, എല്ലാ സ്ഥലത്തും ഇതാണ് സ്ഥിതി. വീടുകളുടെ വാടക കുത്തനെ ഉയര്‍ത്തി'' ജെന്‍സണ്‍ പറയുന്നു. എന്നാല്‍ ഓഫീസ് സ്‌പെയ്‌സിന് ആവശ്യക്കാര്‍ വര്‍ധിച്ചെങ്കിലും കൊച്ചിയില്‍ വാടക തുകയില്‍ വര്‍ധനവുണ്ടായിട്ടില്ല. വാടക വീടുകളുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഓഫീസ് വാടക വില കുത്തനെ കുറച്ചു. നേരത്തെ 75000 രൂപയ്ക്ക് വാടക കൊടുത്തിരുന്ന സ്‌പെയ്‌സുകള്‍ ഇപ്പോള്‍ 50,000 രൂപയ്ത്ത് പോലും ലഭ്യമാണ് - ജെന്‍സണ്‍ ഈ രംഗത്തെ മാറ്റത്തെ കുറിച്ച് ധനത്തോട് പറഞ്ഞു.
കൂടാതെ, രാജ്യത്തെ പ്രധാന നഗരങ്ങളായ ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെയും വടക വീടുകളുടെ ഡിമാന്റ് ഉയര്‍ന്നിട്ടുണ്ട്. കോവിഡ് കാലത്തേക്കാള്‍ 10-20 ശതമാനം വര്‍ധനവാണ് ഇവിടെയുണ്ടായതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Next Story
Videos