റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ്, വീട് വില്‍പ്പന കുത്തനെ ഉയര്‍ന്നു

റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകി വീട് വില്‍പ്പന കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ ത്രൈമാസ ഭവന വില്‍പ്പന 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. രാജ്യത്തെ ഏഴ് മുന്‍നിര നഗരങ്ങളിലായി കഴിഞ്ഞപാദത്തില്‍ 99,550 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 58,290 യൂണിറ്റുകളുടെ വില്‍പ്പനയെ അപേക്ഷിച്ച് 71 ശതമാനം വര്‍ധനവാണിത്. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, പുനെ, ബംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ (എംഎംആര്‍), നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍) എന്നീ ഏഴ് നഗരങ്ങളിലെ വീട് വില്‍പ്പനയാണ് കുത്തനെ ഉയര്‍ന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അനാറോക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നഗരങ്ങളില്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ (എംഎംആര്‍), നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍) എന്നിവിടങ്ങളിലെ വില്‍പ്പന കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഏഴ് നഗരങ്ങളില്‍ മാത്തം വില്‍പ്പനയുടെ 48 ശതമാനത്തിലധികം ഇവിടങ്ങളില്‍നിന്നാണ്. നാഷണല്‍ ക്യാപിറ്റല്‍ റീജിയണിലെ വില്‍പ്പന 114 ശതമാനത്തോളമാണ് ഉയര്‍ന്നത്. കൂടാതെ, ഏഴ് നഗരങ്ങളിലെ പുതിയ ലോഞ്ചുകളും 43 ശതമാനം വര്‍ധിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 62,130 യൂണിറ്റുകളില്‍ നിന്ന് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 89,150 യൂണിറ്റുകളായാണ് ഉയര്‍ന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it