മലയാളികള്‍ക്ക് താല്‍പര്യം ₹90 ലക്ഷത്തിന് മുകളിലുള്ള വീടുകള്‍

കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ₹90 ലക്ഷത്തിന് മുകളിലുള്ള വീടുകൾക്ക് ഡിമാൻഡ് കൂടുന്നതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍. മുമ്പ് 60 ലക്ഷം മുതലുള്ള ഭവനങ്ങളാണ് കൂടുതലും വിറ്റ് പോയിരുന്നത്. ഇതാണ് ഇപ്പോള്‍ 90 ലക്ഷത്തിന് മുകളിലേക്ക് എത്തിയിരിക്കുന്നത്. മേഖലയിലെ പ്രമുഖ ഡെവലപ്പര്‍മാര്‍ പറയുന്നതനുസരിച്ച് വര്‍ധിച്ചുവരുന്ന വസ്തുവില, പലിശ നിരക്ക് വര്‍ധന തുടങ്ങിയ ആശങ്കകള്‍ക്കിടയിലും കേരളത്തിലെ മിഡ്, ഹൈ റേഞ്ച് വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്.

രാജ്യത്ത് മൊത്തത്തിലുള്ള കണക്ക്

അനറോക്കിന്റെ സര്‍വേ പ്രകാരം രാജ്യത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കണക്കെടുത്താല്‍ ഇന്ത്യയില്‍ 59% പേരും 45 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വിലയുള്ള വീടുകള്‍ വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്. ഈ ബജറ്റ് വിഭാഗത്തിലെ വീടുകളുടെ ആവശ്യകതയില്‍ 10% വര്‍ധന രേഖപ്പെടുത്തി. ഇതില്‍ ഏകദേശം 35% പേരും തിരഞ്ഞെടുക്കുന്നത് 45-90 ലക്ഷം രൂപ വിലയുള്ള വീടുകളാണ്. 4% പേര്‍ 90 ലക്ഷം മുതല്‍ 1.5 കോടി വരെ വിലയുള്ള വീടുകള്‍ വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്.

പ്രിയം മൂന്നു മുറികളോട്

രണ്ട് ബെഡ്‌റൂമുള്ള (2BHK) വീടുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെ മൂന്നു ബെഡ്‌റൂമുള്ള (3BHK) വീടുകള്‍ക്കാണെന്ന് അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരി പറയുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രമുഖ ഡെവലപ്പര്‍മാരുടെയും അഭിപ്രായം ഇതു തന്നെ. അനറോക്ക് റിപ്പോര്‍ട്ട് പ്രകാരം 2022 ആദ്യ പകുതിയില്‍ മൂന്നു ബെഡ്‌റൂമുള്ള വീടുകള്‍ ആവശ്യപ്പെട്ടിരുന്നത് ഏകദേശം 41% പേര്‍ ആയിരുന്നെങ്കിൽ 2023 ആദ്യ പകുതിയില്‍ ഇത് 48% ആയി.

Related Articles

Next Story

Videos

Share it