റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം; കോവിഡിനിടയിലും വില്‍പ്പന 29 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്
കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി മെട്രോ നഗരങ്ങള്‍. രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങളില്‍ കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പ്പനയില്‍ 29 ശതമാനം വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലടക്കം ചില സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയതും ബില്‍ഡര്‍മാര്‍ ഡിസ്‌കൗണ്ട് അനുവദിച്ചതും ഭവന വായ്പ നിരക്ക് കുറഞ്ഞതുമെല്ലാം വില്‍പ്പന കൂടാന്‍ കാരണമായതായി പറയുന്നു. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 58290 വീടൂകള്‍ രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങളില്‍ വിറ്റുപോയതായാണ് കണക്ക്. 2020 ല്‍ ഇതേ കാലയളവില്‍ 45200 വീടുകളാണ് വിറ്റുപോയിരുന്നത്. പുതിയ പ്രോജക്റ്റുകളുടെ എണ്ണത്തിനും ഈ വര്‍ഷം മൂന്നു മാസത്തിനിടെ 51 ശതമാനം വര്‍ധനയുണ്ടായി.