സമ്പദ്‌വ്യവസ്ഥയിൽ നിർമാണ മേഖലയുടെ വിഹിതം ഇനിയും വർധിക്കും
വീടുകള്‍, ഓഫീസുകള്‍, സംഭരണശാലകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ മെച്ചപ്പെട്ട വളര്‍ച്ചയില്‍ ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല 2047ഓടെ 4.75 കോടി രൂപയായി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ റിയല്‍ എസ്റ്റേറ്റ് വികസന കൗണ്‍സിലിന്റേയും നൈറ്റ് ഫ്രാങ്കിന്റെയും സംയുക്ത റിപ്പോര്‍ട്ട്.
വിഹിതം ഉയരും
മൊത്തം സാമ്പത്തിക ഉല്‍പ്പാദനത്തിലേക്ക് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 7.3% വിഹിതം നല്‍കുന്നുണ്ട്. 2047ഓടെ ഈ വിഹിതം 15.5ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി 'ഇന്ത്യ റിയല്‍ എസ്റ്റേറ്റ്: വിഷന്‍ 2047' എന്ന ഈ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ 2047ഓടെ 9.5% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 4.5 ലക്ഷം കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2047ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ വളര്‍ച്ച റിയല്‍ എസ്റ്റേറ്റ് വഴിയായിരിക്കുമെന്ന് ദേശീയ റിയല്‍ എസ്റ്റേറ്റ് വികസന കൗണ്‍സിലിന്റെ പ്രസിഡന്റ് രാജന്‍ ബന്ദേല്‍ക്കര്‍ പറഞ്ഞു.
23 കോടി ഭവനങ്ങള്‍
നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ കണക്കനുസരിച്ച് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 23 കോടി ഭവനങ്ങള്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. താങ്ങാനാവുന്ന വിലയിലെ ഭവനങ്ങള്‍ക്കാകും ആദ്യം ഡിമാന്‍ഡ് ഏറുക. പിന്നീട് ഇടത്തര വിഭാഗത്തിലേക്കും ആഡംബര ഭവനങ്ങളിലേക്കും മാറും. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ വിഹിതം നിലവിലുള്ള 43% ല്‍ നിന്ന് 2047 ല്‍ 9% ആയി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.