Begin typing your search above and press return to search.
ആളില്ലാതെ ഐ.ടി പാര്‍ക്കുകള്‍, വിറ്റഴിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം വില്‍ക്കാന്‍ രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തെ മൂന്ന് പ്രധാന ഐ.ടി പാര്‍ക്കുകളിലും അവയുടെ പ്രാദേശിക പാര്‍ക്കുകളിലുമായി 2 കോടി ചതുരശ്ര അടി കെട്ടിടവും 1,000 ഏക്കർ സ്ഥലവും ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. കൂടാതെ ഒരു കോടി ചതുരശ്ര അടിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നു. ഇവ ഒഴിഞ്ഞ് കിടക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായതിനെ തുടര്‍ന്നാണ് രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാരുടെ സഹായം തേടാന്‍ തീരുമാനിച്ചത്.
രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാര്‍ ഇടനില നിന്ന് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഏതെങ്കിലും കമ്പനിയുമായി കരാര്‍ ഉറപ്പിച്ചാല്‍ പാട്ട വാടകയില്‍ നിന്നും രണ്ട് മാസത്തെ പാട്ട വാടക ഫീസായി നല്‍കും. ഭൂമി പാട്ടത്തിനാണെങ്കില്‍, ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിക്ക് പാട്ട വാടകയായി നിശ്ചയിച്ചിട്ടുള്ള പാട്ട പ്രീമിയത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ ഫീസ് നല്‍കും.
കെട്ടിടം കൂടുതലും ഇന്‍ഫോപാര്‍ക്കില്‍
രാജ്യത്തെ ആദ്യത്തെ ഐ.ടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 766.86 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു, 106 ലക്ഷം ചതുരശ്ര അടി പൂര്‍ത്തിയാക്കിയ ബില്‍റ്റ്അപ്പ് സ്ഥലമാണുള്ളത്. 486 കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് ഒന്ന്, രണ്ട്, മൂന്ന്, ഫേസ് നാല് (ടെക്നോസിറ്റി), ടെക്നോ പാര്‍ക്ക് കൊല്ലം എന്നിങ്ങനെ അഞ്ച് കാമ്പസുകളുണ്ട്.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐ.ടി പാര്‍ക്കുകളുടെ പ്രധാന കാമ്പസുകളിലായി 380.29 ഏക്കര്‍ ഭൂമിയും 7,20,590 ചതുരശ്ര അടി ബില്‍റ്റ്അപ്പ് ഏരിയയും ആളില്ലാതെ കിടക്കുന്നു. 245.1 ഏക്കറുള്ള ടെക്നോപാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ഒഴിഞ്ഞ് കിടക്കുന്നത്. 5,12,522 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്‍ഫോപാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ബില്‍റ്റ്അപ്പ് ഏരിയ ഒഴിഞ്ഞു കിടക്കുന്നത്.
Next Story