ആഗോള വിലയിടിവിലും കുലുങ്ങാതെ കേരള റബ്ബര്‍ വിപണി

സ്വാഭാവിക റബ്ബറിന്റെ വില രാജ്യാന്തര തലത്തില്‍ കുത്തനെ ഇടിഞ്ഞപ്പോഴും പിടിച്ചു നിന്ന് കേരള വിപണി. സാധാരണഗതിയില്‍ രാജ്യാന്തര വിലയേക്കാള്‍ കുറഞ്ഞ വിലയാണ് കേരളത്തില്‍ ലഭിക്കുന്നതെന്ന് കര്‍ഷകരുടെ പരാതിക്ക് ഇത്തവണ ഇടവരുത്തിയില്ല. ദി അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) തയാറാക്കിയ റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ ആദ്യ പകുതിയിലെ ആര്‍എസ്എസ്4 റബ്ബറിന്റെ വിലയിടിവ് പ്രതികൂലകാലമായിട്ടും കോട്ടയം വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. മികച്ച കാലാവസ്ഥയും കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതുമെല്ലാം സ്വാഭാവിക റബ്ബറിന്റെ ലഭ്യത വിപണിയില്‍ കൂടിയെങ്കിലും വിലയെ അത് ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആര്‍എസ്എസ് 4 ന്റെ വില കോട്ടയത്ത് ഓഗസ്റ്റിലെ രണ്ടാം പകുതിയെ അപേക്ഷിച്ച് സെപ്തംബര്‍ ആദ്യപകുതിയില്‍ 0.3 ശതമാനമാണ് കുറഞ്ഞത്. മറ്റു വിപണികളില്‍ 4 മുതല്‍ 6 ശതമാനം വരെ വിലയിടിവ് നേരിടുന്ന സ്ഥാനത്താണിത്.
രാജ്യാന്തര തലത്തില്‍ റബ്ബര്‍ വിലയെ സ്വാധീനിക്കുന്നത് പ്രധാനമായും റബ്ബര്‍ വിപണിക്കു പുറത്തുള്ള കാര്യങ്ങളാണ്. ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന്റെ വേഗം, ഓട്ടോമൊബീല്‍ വിപണിയിലെ ചലനങ്ങള്‍, ക്രൂഡ് ഓയ്ല്‍ വില തുടങ്ങിയവയൊക്കെയാണ് റബര്‍ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സീസണ്‍ തുടങ്ങുന്നതു കൊണ്ടു തന്നെ ഒക്ടോബറില്‍ റബ്ബര്‍ ലഭ്യത കൂടും. അതോടൊപ്പം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ മൂലം സപ്ലൈ കൂടുതല്‍ എളുപ്പമാകുകയും ചെയ്യുന്നത് രാജ്യാന്തര തലത്തില്‍ റബ്ബറിന്റെ വില കൂട്ടാനുള്ള സാധ്യതയും ഉണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it