വാടക കെട്ടിടത്തിന് ആവശ്യക്കാരില്ല , ഒഴിയുന്നവരുടെ എണ്ണവും കൂടുന്നു, കെട്ടിട ഉടമകൾ പ്രതിസന്ധിയിൽ

കോവിഡ് രണ്ടാം തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സംസ്ഥാനത്തെ കെട്ടിട വാടക മേഖല. വാക്‌സിന്‍ ലഭ്യമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ തിരിച്ചടികളില്‍നിന്ന് കരകയറുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം കെട്ടിട വാടക മേഖല അപ്രതീക്ഷിതമായ തിരിച്ചടി നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനായി നിര്‍മിച്ച കെട്ടിടങ്ങളെടുക്കാന്‍ ആള്‍ക്കാരില്ലാത്തതിനാല്‍ തന്നെ ഡിമാന്‍ഡും കുത്തനെ കുറഞ്ഞു.

''മുന്‍വര്‍ഷങ്ങളില്‍ ഒരു കെട്ടിടം നിര്‍മിക്കുന്നതിനായി പ്ലാന്‍ തയാറായാല്‍ തന്നെ കട മുറികളെടുക്കാന്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരുന്ന കെട്ടിടങ്ങള്‍ പോലും ഒഴിയുകയാണ്. നിലവില്‍ ഈ മേഖലയില്‍ തീരെ ഡിമാന്‍ഡില്ല. ഇതോടെ കിട്ടുന്ന തുകയ്ക്ക് കെട്ടിടം വാടകയ്ക്ക് കൊടുക്കുമെന്ന സ്ഥിതിയിലാണ് കെട്ടിട ഉടമകള്‍'' സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി പറയുന്നു.
നിലവില്‍ സംസ്ഥാനത്ത് കെട്ടിട വാടകയ്ക്ക് എടുക്കുന്നതില്‍ ചെറിയൊരു ഭാഗവും ടൂറിസം ആന്‍ഡ് ട്രാവല്‍സ് സ്ഥാപനങ്ങളാണ്. എന്നാല്‍ ഈ മേഖലയ്ക്ക് വരുമാനം നിലച്ചതോടെ ഇവരില്‍നിന്നുള്ള വാടകയും കുറഞ്ഞു. പലരും കെട്ടിടങ്ങള്‍ ഒഴിഞ്ഞു. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വാടക മാത്രമാണ് നിലവില്‍ കെട്ടിട ഉടമകള്‍ക്ക് വീഴ്ചയില്ലാതെ ലഭിക്കുന്നതെന്നും ചാക്കുണ്ണി പറയുന്നു.
നേരത്തെ, ഒരു കെട്ടിടം നിര്‍മിക്കുന്നതിന് പ്ലാന്‍ നല്‍കിയാല്‍ തന്നെ ബാങ്കുകള്‍ വായ്പ അനുവദിക്കാറുണ്ടായിരുന്നു. ഇങ്ങനെ വായ്പകളെടുക്ക് വാണിജ്യാവശ്യങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവരാണ് ഭൂരിഭാഗവും. ഇവരാണ് നിലവിലെ പ്രതിസന്ധി കാരണം ഏറെ ദുരിതമനുഭവിക്കുന്നത്. മലബാറിലെ നിരവധി ഗള്‍ഫ് പ്രവാസികളും നിക്ഷേപിച്ചിരുന്നത് കെട്ടിട വാടക മേഖലയിലാണ്. നിലയ്ക്കാത്ത വരുമാനമായി കെട്ടിട വാടകയെ കരുതിയതിനാല്‍ ഈ രംഗത്തേക്ക് കടന്നുവന്നവര്‍ നിരവധിയാണ്. ഇവരും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
വാടകയ്ക്ക് ആളില്ലെങ്കില്‍ ഉടമയ്ക്ക് വലിയ ബാധ്യത
കെട്ടിടമെടുക്കാന്‍ ആളില്ലെങ്കില്‍ വലിയ ബാധ്യതയാണ് വാണിജ്യ കെട്ടിട ഉടമകള്‍ക്കുണ്ടാവുകയെന്ന് ചാക്കുണ്ണി പറയുന്നു. കെട്ടിടം ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ എന്നിവ കെട്ടിട ഉടമയാണ് അടയ്‌ക്കേണ്ടി വരുന്നത്. വരുമാനമില്ലാത്ത സമയത്ത് ഇത്തരം ബില്ലുകള്‍ ഉടമയ്ക്ക് കനത്ത ബാധ്യതയുണ്ടാക്കും. ഇതിന് പുറമെയാണ് കെട്ടിട നികുതി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായൊരു സമീപനമാണ് കെട്ടിട ഉടമകള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ പോലെ തന്നെ കെട്ടിട നികുതി ഒഴിവാക്കി ഉദാരനയം സ്വീകരിക്കണമെന്നാണ് ചാക്കുണ്ണി പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it