നാട്ടിലിറങ്ങി വന്യമൃഗങ്ങള്‍, കൃഷിയൊഴിഞ്ഞ് കര്‍ഷകര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷി ചെയ്ത് കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്തിയ മലയോര കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ഭൂമി ഉപേക്ഷിച്ച് ചെറുപട്ടണങ്ങളില്‍ അഭയം തേടുന്നു. ഇക്കാലത്തിനിടയ്ക്ക് പെറ്റുപെരുകിയ വന്യജീവികള്‍ കൃഷി അസാധ്യമാക്കിയതോടെയാണ് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം ഉപേക്ഷിക്കേണ്ടി വന്നത്. മലയണ്ണാന്‍ മുതല്‍ ആനയും പുലിയുമെല്ലാം കൃഷി നശിപ്പിക്കുന്നതില്‍ മത്സരിക്കുന്നു. ഓരോ വര്‍ഷവും അവ കാടു വിട്ട് നാടുകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

വന്യമൃഗങ്ങള്‍ നാടുകളിലേക്ക്
പാലക്കാട് കളിച്ചാടിയിലെ 16 ഏക്കറില്‍ തെങ്ങും നെല്‍കൃഷിയും കവുങ്ങും റബ്ബറും മാറി മാറി പരീക്ഷിച്ച എം അബ്ബാസ് എന്ന കര്‍ഷകന്‍ വന്യജീവികളുടെ ശല്യം കാരണം രണ്ടു കിലോമീറ്റര്‍ മാറി നെന്മാറയ്ക്കടുത്ത് കരിമ്പന ജംഗ്ഷനിലേക്ക് താമസം മാറിയത് അടുത്തിടെയാണ്. എന്നാലിപ്പോള്‍ ഇവിടെയും വന്യജീവികള്‍ എത്തിത്തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
റബ്ബറിന് പ്രധാന ഭീഷണി മാനുകളാണ്. ചെറു തൈകളുടെ തൊലി കടിച്ചുതിന്ന് നശിപ്പിക്കുന്നു. എങ്ങനെയെങ്കിലും പൊതിഞ്ഞുകെട്ടി വളര്‍ത്തി വലുതാക്കിയാല്‍ ആനയുടെയും പുലിയുടെയും പന്നിയുടെയും ആക്രമണത്താല്‍ ടാപ്പിംഗ് ദുസ്സഹമാകുന്നു. കേരളത്തില്‍ പലയിടങ്ങളിലും ടാപ്പിംഗ് നടത്തുന്നതിനിടെ തൊഴിലാളികളെ മൃഗങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെങ്ങുകള്‍ക്ക് പ്രധാന ഭീഷണി ആനയും മലയണ്ണാനും കുരങ്ങുമൊക്കെയാണ്. രണ്ടു മലയണ്ണാനുകള്‍ ദിവസം 10-15 തെങ്ങുകളിലെ കരിക്കുകള്‍ നശിപ്പിക്കുന്നതായാണ് കണക്ക്. അവയ്ക്ക് ഏക്കറു കണക്കിന് തെങ്ങിന്‍ തോട്ടം ശൂന്യമാക്കാന്‍ ദിവസങ്ങള്‍ മതി. കുരങ്ങുകളും കൂട്ടമായെത്തി കരിക്ക് നശിപ്പിക്കുന്നു. മയിലും പന്നിയും മുള്ളന്‍പന്നിയും അടക്കം ഒട്ടുമിക്ക കാട്ടുമൃഗങ്ങളും കൃഷിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കൃഷിയുപേക്ഷിച്ച് കര്‍ഷകര്‍
കാട്ടാനക്കൂട്ടത്തെ പേടിച്ച് കേരളത്തിന്റെ മലയോര ഭാഗങ്ങളില്‍ വാഴകൃഷി തന്നെ നിര്‍ത്തിവെച്ച സ്ഥിതിയാണ്. തൃശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ഒരു കര്‍ഷകന്റെ 40,000 വാഴയാണ് ഒറ്റ ദിവസം കൊണ്ട് ആന നശിപ്പിച്ചത്. 40 ഏക്കര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കര്‍ഷനാണ് ഈ ദുര്‍വിധി. 30 പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന കര്‍ഷകന്‍ ഇന്ന് 48 ലക്ഷം രൂപയുടെ കടക്കെണിയിലാണെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് വര്‍ക്കി പറയുന്നു.
വന്യമൃഗങ്ങള്‍ ഓരോ വര്‍ഷവും നാടുകളിലേക്ക് കൂടുതല്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കാടിന് ഉള്‍ക്കൊള്ളാവുന്നതിലധികം പെറ്റുപെരുകിയാണ് മൃഗങ്ങളെ ഭക്ഷണത്തിനും വെള്ളത്തിനുമായി നാട്ടിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. കൃഷി നശിപ്പിക്കുകയും ആളുകളുടെ ജീവന് ഭീഷണിയാകുന്നതുമായ മൃഗങ്ങളെ പോലും കൊല്ലാനുള്ള അനുമതി ഇല്ലെന്ന പരാതിയാണ് കര്‍ഷകര്‍ക്കുള്ളത്. അതേസമയം, വനഭൂമിയില്‍ വനംവകുപ്പ് തേക്കും യൂക്കാലിപ്റ്റസും പോലുള്ള മരങ്ങള്‍ നട്ടുവളര്‍ത്തിയതോടെ പുല്ലു പോലും വളരാത്ത സ്ഥിതി ഉണ്ടായെന്നും ഈ സാഹചര്യത്തിലാണ് വാഴയും തെങ്ങും പുല്ലും വെള്ളവുമെല്ലാം യഥേഷ്ടം ലഭിക്കുന്ന കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ധാരളമായി ഇറങ്ങി വരുന്നതെന്നും ജോസ് വര്‍ക്കി അഭിപ്രായപ്പെടുന്നു.
ഭൂമി ആര്‍ക്കും വേണ്ട
ഈ ഭാഗങ്ങളില്‍ ഭൂമി വിറ്റൊഴിയാന്‍ വരെ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വാങ്ങാനാളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലമ്പൂര്‍ കരുവാരക്കുണ്ടില്‍ കൃഷിഭൂമിയുള്ള ഒരു കര്‍ഷകന്‍ അവിടേക്ക് പോയിട്ട് തന്നെ മാസങ്ങളായി. ഏകമകന്‍ വിദേശത്ത് ജോലിക്ക് പോയപ്പോള്‍ കൃഷിയിടത്തിലേക്കുള്ള യാത്ര എപ്പോഴെങ്കിലുമായി. അതോടെ കാടുപിടിച്ച സ്ഥലത്ത് വന്യമൃഗങ്ങള്‍ പതിവാക്കി. ഇപ്പോള്‍ സമീപത്തെ ആര്‍ക്കെങ്കിലും വിറ്റൊഴിയാനാണ് അവരുടെ ശ്രമം.
പലയിടങ്ങളിലും വലിയ തുക കൊടുത്ത് വാങ്ങിയ സ്ഥലങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിയാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തുന്നത്. എന്നാല്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. അങ്ങനെ ചെയ്യുമ്പോള്‍ അത് കാടുപിടിക്കുകയും വന്യമൃഗങ്ങള്‍ അതും കടന്ന് നാടുകളിലേക്ക് കൂടുതല്‍ എത്തുകയും ചെയ്യുന്നു.


Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it