റിയല്‍ എസ്റ്റേറ്റുകാരേ, പ്രതീക്ഷയോടെ കാത്തിരുന്നോളൂ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്ന് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വളര്‍ച്ചയുടെ പാതയില്‍. ഈ മേഖലയിലെ വളര്‍ച്ച നടപ്പു വര്‍ഷം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കിടയിലും 2021 ല്‍ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിരോധശേഷിയും സ്ഥിരമായ വളര്‍ച്ചയും പ്രകടമാക്കുന്നത് തുടര്‍ന്നിരുന്നു. കോവിഡിന്റെ ആരംഭത്തോടെ ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗം പാടെ സ്തംഭിച്ചെങ്കിലും 2020-ന്റെ അവസാന പാദത്തില്‍ പാര്‍പ്പിട സ്ഥലങ്ങളുടെ ആവശ്യകത വര്‍ധിച്ചതോടെയാണ് വിപണി തിരിച്ചുകയറാന്‍ തുടങ്ങിയത്. തുടര്‍ന്ന്, കോവിഡ് രണ്ടാം തരംഗത്തിലും റിയല്‍ എസ്‌റ്റേറ്റ് മേഖല പിടിച്ചുനിന്നു. വാക്‌സിനേഷനും പുരോഗമിച്ചതോടെ വിപണിയില്‍ ശുഭാപ്തിവിശ്വാസം പകര്‍ന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഈ മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

2021ല്‍ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ച ഈ പാദത്തിലും തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജെഎല്‍എല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ലെ മൂന്നാം പാദത്തില്‍ റെസിഡന്‍ഷ്യല്‍ വില്‍പ്പന 65 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ചില സംസ്ഥാനങ്ങള്‍ ഡ്യൂട്ടി ഇളവുകള്‍ പ്രഖ്യാപിച്ചതും, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയതും കുറഞ്ഞ പലിശനിരക്കും ഈ രംഗത്തിന് പ്രയോജനമേകി.

2022 ല്‍ മുന്നേറും

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല 2022-ല്‍ റെസിഡന്‍ഷ്യല്‍ സെഗ്മെന്റില്‍ ഏകദേശം 5 ശതമാനം മൂലധന മൂല്യ വളര്‍ച്ച കൈവരിക്കും. ഭാവിയില്‍ വീട് വാങ്ങുന്നവര്‍ വലിയ വീടുകള്‍ തിരഞ്ഞെടുക്കുന്നത് തുടരുമെന്നതിനാല്‍ 2022-ല്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഓഫീസുകളില്‍ ജോലി പുനരാരംഭിക്കുമ്പോള്‍, വാണിജ്യ മേഖലയിലെ വീണ്ടെടുപ്പും ഫ്‌ലൈറ്റ്-ടു-ക്വാളിറ്റി പ്രവണതയും 2022-ല്‍ വാടക നിരക്ക് സ്ഥിരമായി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ആഡംബര ഭവന വിപണി വരും വര്‍ഷത്തില്‍ പുതിയ ഉയരങ്ങളിലേക്കെത്തും.

2022-23 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രയോജനകരമാകും. സര്‍ക്കാര്‍ താങ്ങാനാവുന്ന ഭവന വിഭാഗത്തിന് മുന്‍ഗണന നല്‍കുന്നത് തുടരുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്ക് പണലഭ്യത നല്‍കുന്നതിന് നിലവിലുള്ള ധനസഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ പരിശോധിച്ചുവരികയാണ്. പ്രധാന ഗ്രാമീണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമിന് 2.17 ലക്ഷം കോടി രൂപ നല്‍കുമെന്ന് കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. 2.95 കോടി വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഫണ്ട് അധികമായി നല്‍കും.

2030 ഓടെ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല 1 ട്രില്യണ്‍ ഡോളറിന്റെ വിപണി വലുപ്പത്തില്‍ എത്തുമെന്നും 2025-ഓടെ ഇന്ത്യയുടെ ജിഡിപിയുടെ 13 ശതമാനം വരും എന്നും നിതി ആയോഗ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന മൂന്നാമത്തെ വലിയ മേഖലയാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായം.

(ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it