പുതിയ പ്രോജക്ടുകള്‍ കുറഞ്ഞു, പക്ഷേ ഭവന വില്‍പ്പന ഉയര്‍ന്നു - സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ട്രെന്‍ഡ് ഇങ്ങനെ

കോവിഡ് മഹാമാരിയെ തുടര്‍ന്ന് താഴ്ചകളിലേക്ക് വീണ സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖല തിരിച്ചുവരവിന്റെ പാതയില്‍. കേരളത്തിലെ ഭവന വില്‍പ്പന കോവിഡിന് മുമ്പുള്ള നിലയിലേക്കാണ് നീങ്ങുന്നത്. എന്നിരുന്നാലും പുതിയ പ്രോജക്ടുകളുടെ എണ്ണം കുറഞ്ഞതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. ''നിലവില്‍ സംസ്ഥാനത്തെ ഭവന വില്‍പ്പന കോവിഡിന് മുമ്പുള്ളതിന്റെ 80 ശതമാനത്തോളം എത്തിയിട്ടുണ്ട്. ഭവന വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പക്ഷേ പുതിയ പ്രോജക്ടുകളുടെ എണ്ണം കുറവാണ്'' ക്രെഡായ് (The Confederation of Real Estate Developers' Associations of India) സംസ്ഥാന പ്രസിഡന്റ് രവി ജേക്കബ് ധനത്തോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള വലിയ കുറവാണ് പുതിയ പ്രോജക്ടുകളിലുള്ളത്. റെറയുടെ നിയന്ത്രണവും നിര്‍മാണച്ചെലവ് വര്‍ധിച്ചതുമാണ് പുതിയ പ്രോജക്ടുകളുടെ എണ്ണം കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത് പുതിയ പ്രോജക്ടുകള്‍ കുറയാന്‍ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭവന വില്‍പ്പനകളില്‍ ഇടത്തരം വിഭാഗത്തിലും ആഡംബര വിഭാഗത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ വീടുകളുടെ വിലയും ഉയര്‍ത്തി. നേരത്തെ 50-80 ലക്ഷമായിരുന്നു ഇടത്തരം വീടുകളുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 60 ലക്ഷം - ഒരു കോടി വരെയായി ഉയര്‍ന്നു. ഈ വിഭാഗത്തിലെ വില്‍പ്പന ഗണ്യമായി വര്‍ധിച്ചതായും രവി ജേക്കബ് പറഞ്ഞു. കുറച്ച് വാങ്ങലുകാര്‍ മാത്രമാണെങ്കിലും 2 - 4 കോടി വരെയുള്ള ആഡംബര വീടുകളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്.
''നഗരപ്രദേശങ്ങളിലാണ് ഭവന വില്‍പ്പന കൂടുതലായി നടക്കുന്നത്. സംസ്ഥാനത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ കൊച്ചിയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നവിടങ്ങളിലെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മന്ദഗതിയിലായിരുന്നു. ഭവന വില്‍പ്പന ഉയരുന്നതോടെ ഈ രംഗത്ത് നിക്ഷേപങ്ങള്‍ വരുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it