റിയല്‍ എസ്റ്റേറ്റില്‍ പുത്തനുണര്‍വ്; പുതിയ പദ്ധതികളില്‍ 39% വളര്‍ച്ച

ഉയര്‍ന്ന നികുതിഭാരം, ഫീസ്, നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം പുത്തനുണര്‍വ് നേടുന്നതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (കെ-റെറ) രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ചില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും നിന്നായി കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുത്തന്‍ പദ്ധതികള്‍ 50 എണ്ണമാണ്. 2022 ജനുവരി-മാര്‍ച്ചിലെ 36 എണ്ണത്തേക്കാള്‍ 38.88 ശതമാനം അധികം.

2021ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ പുതിയ പദ്ധതികള്‍ 114 ആയിരുന്നു. 2022ല്‍ ഇത് 159 ആയി. 2022ലെ മൊത്തം പുതിയ പദ്ധതികളുടെ 31.44 ശതമാനം 2023ന്റെ ആദ്യപാദത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നതും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വ് വ്യക്തമാക്കുന്നു.
മുന്നില്‍ തിരുവനന്തപുരം, ഉണര്‍വോടെ പാലക്കാട്
ഈ വര്‍ഷം ജനുവരി-മാര്‍ച്ചില്‍ ഏറ്റവുമധികം പുതിയ പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തിരുവനന്തപുരത്താണ് - 13. 2022 ജനുവരി-മാര്‍ച്ചിലും തിരുവനന്തപുരത്ത് 13 പുതിയ പദ്ധതികളുണ്ടായിരുന്നു. എറണാകുളത്തെ പദ്ധതികള്‍ 13ല്‍ നിന്ന് 12 ആയി കുറഞ്ഞു. പാലക്കാട് (7), തൃശൂര്‍ (7), കോഴിക്കോട് (5), കോട്ടയം (2), ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്ന് ഒന്നുവീതം എന്നിങ്ങനെയും പുതിയ പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂരില്‍ 2022 ജനുവരി-മാര്‍ച്ചില്‍ ഒരു പുതിയ പദ്ധതിയേ ഉണ്ടായിരുന്നുള്ളൂ. ഇക്കുറിയത് ഏഴായി. രണ്ടില്‍ നിന്നാണ് പുതിയ പദ്ധതികളുടെ എണ്ണം ഏഴായി പാലക്കാട് ഉയര്‍ത്തിയത്. കണ്ണൂരില്‍ പുതിയവയുടെ എണ്ണം മൂന്നില്‍ നിന്ന് ഒന്ന് ആയി കുറഞ്ഞു.
ഡിമാന്‍ഡും വില്‍പനയും
റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉപഭോക്തൃ സൗഹൃദമാക്കാനും വില നിര്‍ണയം, പദ്ധതിയുടെ വിതരണം എന്നിവ കൃത്യവും കാര്യക്ഷമവുമാക്കാനുമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കപ്പെട്ടത്. ഓരോ പുതിയ പദ്ധതിയും കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍മ്മാണം മുതല്‍ വിതരണം വരെ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം.
ഡിമാന്‍ഡിനനുസരിച്ചാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിലനില്‍പ്പെന്നതിനാല്‍ പുതിയ പദ്ധതികളുടെ എണ്ണത്തിലെ വളര്‍ച്ച വ്യക്തമാക്കുന്നത് ഡിമാന്‍ഡും ഉയരുന്നുണ്ടെന്നതാണെന്ന് ക്രെഡായ് കേരള മുന്‍ ചെയര്‍മാന്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.
ആകെ പദ്ധതികള്‍ 58
സംസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്നവ ഉള്‍പ്പെടെ മൊത്തം പുതിയ പദ്ധതികള്‍ ജനുവരി-മാര്‍ച്ചില്‍ 58 എണ്ണമാണ്. 2022 ജനുവരി-മാര്‍ച്ചില്‍ 57 ആയിരുന്നു. ഇക്കുറി ജനുവരി-മാര്‍ച്ചിലെ പുതിയ പദ്ധതികളില്‍ 35 എണ്ണവും പാര്‍പ്പിട (റെസിഡന്‍ഷ്യല്‍) പദ്ധതികളാണ്. 15 വില്ലകളും ഉള്‍പ്പെടുന്നു. രണ്ടെണ്ണം പ്ലോട്ടുകളും മൂന്നെണ്ണം വാണിജ്യ (കൊമേഴ്‌സ്യല്‍) പദ്ധതികളുമാണ്. 2022 ജനുവരി-മാര്‍ച്ചില്‍ പാര്‍പ്പിട പദ്ധതികള്‍ 27 എണ്ണവും വില്ലകള്‍ 5 എണ്ണവുമായിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it