വില കൂടും, പുതു സാധ്യതകള്‍ തുറന്നുവരും; മാറുന്ന റിയല്‍ എസ്‌റ്റേറ്റ് പ്രവണതകളെക്കുറിച്ച് അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍

2022 ല്‍ സംഭവിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന കാര്യം നിര്‍മിത കെട്ടിടങ്ങളുടെ വില വര്‍ധനയാണ്. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില 28-30 ശതമാനം കൂടി. ഉത്തരേന്ത്യയില്‍ നമ്മള്‍ ചിന്തിക്കുന്നതിനപ്പുറമുള്ള മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ നിര്‍മാണങ്ങളാണ് നടക്കുന്നത്. 2024 വരെ അത് തുടരുമെന്ന് ഇപ്പോള്‍ നമുക്ക് പറയാനാകും. ഇതുകാരണം അവിടെ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറവാണ്.

തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തതും കൂലി വര്‍ധനയും കെട്ടിട നിര്‍മാണ ചെലവ് കുത്തനെ കൂട്ടും. അതുകൊണ്ട് തന്നെ ഏറെ നാളുകള്‍ക്ക് ശേഷം നിര്‍മിത കെട്ടിടങ്ങളുടെ വില ഏറ്റവും കുറഞ്ഞത് 10 ശതമാനം കൂടും. ലൊക്കേഷന്‍, ഡിമാന്റ് എന്നിവയെല്ലാം പരിഗണിച്ച് വില വര്‍ധന 20 ശതമാനം വരെയായാലും അത്ഭുതപ്പെടാനില്ല.
വില വര്‍ധന വരുന്നത് മുന്‍കൂട്ടി കണ്ട് തിരക്കിട്ട് വാങ്ങലുകള്‍ (Panic Buy) വിപണിയില്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, വാങ്ങല്‍ തീരുമാനങ്ങളെ ഇത് സ്വാധീനിച്ചേക്കും. അതുകൊണ്ട് വില്‍പ്പനയില്‍ ഉണര്‍വുണ്ടാകും. വലിയ വീട്, കൂടുതല്‍ സൗകര്യങ്ങള്‍, താങ്ങാവുന്ന വില നിലവാരം 2022ല്‍ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ഒരു പ്രവണത Bigger Home (വലിയ വീട്), Btteer ameneties (കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍) Affordable Pricing (താങ്ങാവുന്ന വിലനിലവാരം) എന്നതാകും.
വലിയ തോതില്‍ ജോലി മാറ്റം ഇപ്പോള്‍ നടക്കുന്നുണ്ട്. കൂടുതല്‍ വേതനം കിട്ടുന്ന, വരുമാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരതയുള്ള മാറ്റമാണ് പലരും നടത്തുന്നത്. ഇത് റെസിഡന്‍ഷ്യല്‍ വിപണിയില്‍ പോസിറ്റീവ് ചലനം സൃഷ്ടിക്കും.
ജിഡിപി വളര്‍ച്ചയാണ് മറ്റൊരു ഘടകം.
നമ്മള്‍ പ്രതീക്ഷിക്കും പോലെ 9.5 ശതമാനം ജിഡിപി വളര്‍ച്ച സംഭവിച്ചാല്‍ സാമ്പത്തികരംഗം ഉത്തേജിക്കപ്പെടും. വലിയതോതില്‍ പണം വിപണിയിലേക്ക് വരും. ഇതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാകും. ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ഐറ്റി രംഗത്തുണ്ടാകുന്ന വളര്‍ച്ചയാണ്.
കഴിഞ്ഞ 18 മാസത്തിനിടെ രാജ്യത്തെ ഐറ്റി കമ്പനികളുടെ നിയമനം പരിഗണിച്ചാല്‍ തന്നെ, അവരുടെ ടീമിനെ വിന്യസിക്കാന്‍ മാത്രം രാജ്യത്ത് 100 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സ്‌പേസ് വേണം. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഐറ്റി രംഗത്തുണ്ടാകുന്ന ഈ മുന്നേറ്റം പരോക്ഷമായും കേരളത്തിലെ റസിഡന്‍ഷ്യല്‍ വിപണിയെയും സ്വാധീനിച്ചേക്കും.
കോ വര്‍ക്കിംഗ്, ഫ്ളെക്സിബ്ള്‍ ഓഫീസ് സ്പേസുകള്‍ക്ക് ആവശ്യക്കാര്‍ കൂടും വലിയ തോതില്‍ സംരംഭകത്വം ഇപ്പോള്‍ പ്രാത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
കേരളത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണുള്ളത്. ശൈശവാവസ്ഥയിലുള്ള സംരംഭങ്ങള്‍ക്ക് വന്‍തോതില്‍ കോ വര്‍ക്കിംഗ്, ഫെക്‌സിബ്ള്‍ ഓഫീസ് സ്‌പേസുകള്‍ വേണ്ടിവരും. അതുകൊണ്ട് കേരളത്തിലും ഇവയ്ക്ക് സാധ്യതയുണ്ടാകും.
'ഇ' എന്ന പുതുമന്ത്രം, വെയര്‍ഹൗസുകളുടെ രൂപവും ഭാവവും മാറും
ഇ - ലേണിംഗ്, ഇ - കോമേഴ്‌സ്, ഇ - മെഡിസിന്‍ എന്നുവേണ്ട എല്ലാ രംഗത്തും 'ഇ' ആണ് താരം. അസറ്റ് ഹോംസ് തന്നെ ഉപയോക്താക്കളുടെ വീടുകളില്‍ ചികിത്സാ സേവനം എത്തിക്കുന്നതിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറുമായി ചേര്‍ന്ന് അസറ്റ് ഹോംസിന്റെ വീടുകളില്‍ ആസ്റ്റര്‍ @ ഹോം സേവനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അത്രമാത്രം 'ഇ' യ്ക്ക് പ്രാധാന്യം കൂടിവരികയാണ്.
നിലവില്‍ രാജ്യത്തെ വെയര്‍ഹൗസുകളിലൂടെയുള്ള കൈമാറ്റത്തിന്റെ 30 ശതമാനത്തോളമാണ് ഇ - കോമേഴ്‌സ് മേഖലയുടേത്. 2023 ഓടെ ഇത് 36 ശതമാനമാകുമെന്നാണ് കണക്ക്. ഇ - കോമേഴ്‌സ് വളരുമ്പോള്‍ വെയര്‍ഹൗസുകളുടെ മേഖലയില്‍ വലിയ അവസരങ്ങള്‍ വരും.
അത്യാധുനിക സൗകര്യങ്ങളുള്ള, മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടക നിശ്ചയിക്കപ്പെടുന്ന നൂതന വെയര്‍ഹൗസുകള്‍ വരും.
മാത്രമല്ല ലോജിസ്റ്റിക് മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അവിടെയും ഐറ്റിയും സോഫ്റ്റ് വെയറുകളുമെല്ലാം തന്നെയാണുണ്ടാവുക. വെയര്‍ഹൗസ് മാനേജ്‌മെന്റൊക്കെ വലിയ മേഖലയായി വരും. മികച്ച വേതനം കിട്ടുന്ന തൊഴിലുകള്‍ കൂടുന്നത് റെസിഡന്‍ഷ്യല്‍ മേഖലയ്ക്കും ഗുണം ചെയ്യും.
ഡാറ്റ സെന്ററുകള്‍ പുതിയ സാധ്യത
നമ്മുടെ തീരദേശത്ത് ഡാറ്റ സെന്ററുകള്‍ക്ക് വലിയ തോതില്‍ സാധ്യത കാണുന്നുണ്ട്. രാജ്യാന്തര കേബിള്‍ ഹൈവേയുടെ ഏറെ അടുത്താണ് നമ്മുടെ തീരപ്രദേശം. വൈപ്പിന്‍, ചെറായി, ചാവക്കാട് തുടങ്ങി തീരദേശത്ത് ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ വന്‍ കമ്പനികളുടെ അന്വേഷണം നടക്കുന്നുണ്ട്. കെട്ടിട സൗകര്യമാണ് കമ്പനികള്‍ക്ക് വേണ്ടത്. അവര്‍ അത് ദീര്‍ഘകാല പാട്ടത്തിനാണ് പൊതുവേ എടുക്കുക. പക്ഷേ നമ്മുടെ തീരദേശത്ത് ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കടമ്പകള്‍ പലതാണ്. ഇഞദ ചട്ടങ്ങള്‍, മതിയായ റോഡ് സൗകര്യമില്ലാത്തത് എന്നിവയെല്ലാം വിലങ്ങുതടിയാവാറുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it