റെറ; രജിസ്റ്റര്‍ ചെയ്തത് 63,583 പ്രോജക്റ്റുകള്‍ 65539 കേസുകളില്‍ പരിഹാരം

രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് റഗൂലേറ്ററി അഥോറിറ്റി (റെറ) നിലവില്‍ വന്നിട്ട് നാല് വര്‍ഷം പിന്നിടുന്നു. റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് റെറ രൂപീകരിച്ചത്. നാലു വര്‍ഷത്തിനിടയില്‍ 65539 കേസുകള്‍ ഇതിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഭവന-നഗര കാര്യ വകുപ്പ് മന്ത്രാലയത്തിന്റെ കണക്ക്. 2021 ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്.

ഇതില്‍ ഏകദേശം 40 ശതമാനവും (26510) ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഹരിയാന (13269), മഹാരാഷ്ട്ര (9265) എന്നിവയാണ് തൊട്ടു പിന്നില്‍. കേരളത്തില്‍ ആകെ ലഭിച്ചത് 702 പരാതികളാണ്. ഇതില്‍ 237 എണ്ണം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു. 80 നഷ്ടപരിഹാര പരാതികളിലും 232 മറ്റു പരാതികളിലും പരിഹാരം കണ്ടെത്താന്‍ റെറയ്ക്ക് സാധിച്ചതായി റെറ കേരള ചെയര്‍മാന്‍ പി എച്ച് കുര്യന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ എണ്ണത്തിലും ഓരോ വര്‍ഷവും വര്‍ധനയുണ്ടാകുന്നുണ്ട്. രാജ്യത്ത് 63583 പ്രോജക്റ്റുകളും 50256 റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 ആയപ്പോള്‍ 40,155 പ്രോജക്റ്റുകളും 29208 റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്ുമാരുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേരളത്തില്‍ 539 പ്രോജക്റ്റുകളാണ് മാര്‍ച്ച് വരെ റെറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഓണ്‍ലൈനായി നാലു പ്രോജക്റ്റുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 69 പുതിയ പ്രോജക്റ്റുകളും 470 ഓണ്‍ഗോയിംഗ് പ്രോജക്റ്റുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 139 റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ പരാതികളിലായി 9.30 കോടി രൂപ നഷ്ടപരിഹാരമായി റെറ അനുവദിച്ചിട്ടുണ്ട്. വിവിധ പെനാല്‍ട്ടികളില്‍ നിന്നായി 25.6 ലക്ഷം രൂപയും റെറ സമാഹരിച്ചു.

Related Articles
Next Story
Videos
Share it