പുതിയ കെട്ടിടങ്ങളുടെ പരസ്യത്തിൽ ക്യു. ആർ. കോഡ് നിർബന്ധം

റിയൽ എസ്റ്റേറ്റ് പ്രൊജക്ട് വിൽപനയ്ക്കായി പരസ്യപ്പെടുത്തുമ്പോൾ വിശദാംശങ്ങളിലേക്കുള്ള ക്യു.ആർ കോഡ് ഇനിമുതൽ നിർബന്ധം. സെപ്റ്റംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പുറത്തിറക്കി. പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ-റെറ രജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം തന്നെ വ്യക്തമായി ക്യു.ആർ കോഡ് പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.

പ്രമോട്ടർമാർക്ക് തങ്ങളുടെ പ്രൊജക്ടിന്റെ ക്യു.ആർ കോഡ് കെ-റെറ പോർട്ടലിലുള്ള പ്രൊമോട്ടേഴ്‌സ് ഡാഷ്‌ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കെ-റെറയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചേർത്ത റിയൽ എസ്റ്റേറ്റ് പ്രൊജക്ടിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഉപഭോക്താവിനു കാണാൻ സാധിക്കും. രജിസ്‌ട്രേഷൻ നമ്പർ, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോർട്ട്, അംഗീകൃത പ്ലാനുകൾ തുടങ്ങി പ്രൊജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ ഇതിൽപ്പെടും.


Related Articles
Next Story
Videos
Share it