റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ വിരല്‍ത്തുമ്പില്‍: വെബ്‌പോര്‍ട്ടല്‍ അവതരിപ്പിച്ചു

റെറ വെബ്‌പോര്‍ട്ടല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ വിരല്‍ത്തുമ്പില്‍: വെബ്‌പോര്‍ട്ടല്‍ അവതരിപ്പിച്ചു
Published on

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ വെബ് പോര്‍ട്ടലുമായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനിമുതല്‍ rera.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴി അറിയാനാകും. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇത്.

റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ ഇതില്‍ ലഭ്യമാക്കണം. ആരെങ്കിലും വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരുവിവരങ്ങളും മറ്റും പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ട്ടല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.

പദ്ധതിയുടെ പേര്, ഡെവലപ്പര്‍, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിലാണ് വിവരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും.

ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനചരിത്രം, അവര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമായതിനാല്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും ചതിക്കുഴിയില്‍ വീഴാതിരിക്കാനും കഴിയും. ഇതുവരെ 582 പദ്ധതികളും 157 ഏജന്റുമാരുമാണ് റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഡെവലപ്പര്‍മാര്‍ക്ക് അവരുടെ സല്‍പേര് വര്‍ധിപ്പിക്കാനും ഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ വിശ്വാസ്യതയുള്ളതാക്കിത്തീര്‍ക്കാനും പോര്‍ട്ടലിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com