വീട് എപ്പോള്‍ വാങ്ങണം?

ഏതൊരാളുടെയും സ്വപ്‌നമാണ് സ്വന്തമായൊരു വീട്. അത് എപ്പോള്‍ സ്വന്തമാക്കണം എന്നത് അവരവരുടെ ഇഷ്ടമാണ്. വീട് വാങ്ങണമെന്നോ നിര്‍മിക്കണമെന്നോ ആഗ്രഹം മനസ്സില്‍ തോന്നിക്കഴിഞ്ഞാല്‍ അത് എത്രയും പെട്ടെന്ന് തന്നെയാകുന്നതാണ് നല്ലതെന്നാണ് ഈ മേഖലയില്‍ അനുഭവസമ്പത്തുള്ളവര്‍ പറയാറ്.

കോവിഡിന് ശേഷമുള്ള പ്രത്യേക സാഹചര്യത്തില്‍ ഇപ്പോഴാണ് വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ഏറ്റവും അനുയോജ്യമായ സമയമാണിത്. കുറഞ്ഞ പലിശനിരക്കും സംസ്ഥാന സര്‍ക്കാരുകളും പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സും വാഗ്ദാനം ചെയ്ത ഇളവുകളും റിയല്‍ എസ്റ്റേറ്റ് മേഖലയെ കോവിഡിന് ശേഷം തിരിച്ചുവരവിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
അനുയോജ്യമായ സമയം
ഇപ്പോള്‍ വീട് വാങ്ങണമെന്ന് പറയുന്നതിന് മൂന്ന് കാരണങ്ങളാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിമാന്‍ഡ് കൂടി വരുന്നു, നിര്‍മാണ വസ്തുക്കളുടെ വില ഉയരുന്നു, പലിശ നിരക്ക് വര്‍ധിക്കുന്നു എന്നിവയാണത്. അതിനാല്‍ വില കൂടുന്നതിന് മുമ്പ് സ്വപ്‌നഗൃഹം സ്വന്തമാക്കുകയാണ് ബുദ്ധി.
ഏത് സമയത്ത് കൈയില്‍ പണം വരുന്നോ ആ സമയത്ത് വീട് വാങ്ങുകയാണ് ഉചിതമെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മൂന്നരപതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള തിരുവനന്തപുരം എസ് ഐ പ്രോപ്പര്‍ട്ടിയുടെ മാനേജിംഗ് ഡയറക്റ്റര്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറയുന്നു. ' 1984 ല്‍ ജവഹര്‍ നഗറില്‍ മൂന്നു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 3.5 ലക്ഷം രൂപയുമായിരുന്നു വില. ഇന്ന് ആ സ്ഥാനത്ത് 1-1.25 കോടി രൂപയെങ്കിലും വേണം' അദ്ദേഹം പറയുന്നു. ഓരോ വര്‍ഷവും 20-25 ശതമാനം വില വര്‍ധന ഉണ്ടാകുന്നുണ്ട്. സ്ഥലം വാങ്ങി സ്വന്തമായി വീട് നിര്‍മിക്കുകയാണെങ്കില്‍ ജവഹര്‍ നഗര്‍ മേഖലയില്‍ 2.10 കോടി രൂപയെങ്കിലുമാകുമെന്നും അദ്ദേഹം പറയുന്നു. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് വെക്കുന്നത് ലാഭകരമായിരിക്കും. എന്നാല്‍ സ്ഥലം വാങ്ങി വീട് നിര്‍മിക്കാനാണ് പദ്ധതിയെങ്കില്‍ അതിനേക്കാള്‍ ലാഭം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങുകയാണെന്നും അദ്ദേഹം പറയുന്നു.
നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു
ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത വിധം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി അതില്‍ കുറവു വന്ന ശേഷം വീട് നിര്‍മിക്കാം എന്ന പ്രതീക്ഷ വേണ്ടെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചെയര്‍മാന്‍ നജീബ് മണ്ണേല്‍ അഭിപ്രായപ്പെടുന്നു.
മണല്‍, മെറ്റല്‍ തുടങ്ങിയ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് കാര്യമായ വില വര്‍ധന ഉണ്ടായിരിക്കുന്നതെന്നും ഇരട്ടിലേറെയായി വര്‍ധിച്ചുവെന്നും നജീബ് പറയുന്നു. എല്ലാ നിര്‍മാണ സാമഗ്രികള്‍ക്കും ഇത്തരത്തില്‍ വില വര്‍ധന ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇനിയും വില വര്‍ധനയ്ക്ക് കാത്തിരിക്കാതെ വീട് വെക്കുന്നതോ വാങ്ങുന്നതോ ആണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്ക് മികച്ച ഏജന്‍സിയെ കുറഞ്ഞ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താനാകും. കോവിഡിന് ശേഷം വിപണി ഉണര്‍ന്നു വരുന്നതേയുള്ളൂ. നിര്‍മാണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കാര്യമായ ബിസിനസ് നടക്കുന്നില്ല. അതുകൊണ്ടു തന്നെ വിലപേശല്‍ നടത്തിയാല്‍ 10 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വീട് നിര്‍മിച്ചു നല്‍കാന്‍ അവര്‍ തയാറായേക്കുമെന്നും നജീബ് മണ്ണേല്‍ പറയുന്നു.
ആവശ്യക്കാര്‍ കൂടി
കേരളത്തിലടക്കം പല റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്കും വില 10 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ 20 ശതമാനം നിര്‍മാണ ചെലവ് കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിവര്‍ഷം ചുരുങ്ങിയത് 10-15 ശതമാനം വിലവര്‍ധനവ് പ്രതീക്ഷിക്കാം.
വിറ്റുപോകാതിരുന്ന പ്രോജക്റ്റുകള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ ശരാശരി റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില 2022 ഒന്നാം പാദ കണക്കനുസരിച്ച് മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 4 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ക്രെഡായ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, ഇരുമ്പയിര് തുടങ്ങിയവയുടെ ഇറക്കുമതിച്ചുങ്കം കുറച്ചതും സിമന്റ് വ്യവസായത്തിന് സഹായകരമായ രീതിയില്‍ കല്‍ക്കരി ഉല്‍പ്പന്നങ്ങളുടെ കസ്റ്റം ഡ്യൂട്ടിയില്‍ ഇളവ് നല്‍കിയതും ഇന്ധന വിലയില്‍ വരുത്തിയ ഇളവും നിര്‍മാണ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്നുമുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it