1500 കോടി രൂപയുടെ ഇടപാട്; 'ഡണ്‍സോ'യുടെ 25 ശതമാനത്തിലേറെ ഓഹരികള്‍ ഏറ്റെടുത്ത് റിലയന്‍സ്

ഓണ്‍ലൈന്‍ അതിവേഗ ഡെലിവറിരംഗത്തും മേല്‍ക്കൈ ഉറപ്പിക്കാന്‍ 'ഡണ്‍സോ'യില്‍ 1488-1500 കോടി നിക്ഷേപിച്ച് റിലയന്‍സ് റിറ്റെയ്ല്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിതരണ സംരംഭമായ ഡണ്‍സോയ്ക്ക് എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. കമ്പനിയുടെ 25.8 ശതമാനം ഓഹരിയാണ് റിലയന്‍സ് ഏറ്റെടുത്തിട്ടുള്ളത്.

ബംഗളൂരൂ, ഡല്‍ഹി, ഗുരുഗ്രാം, പൂനെ, ചെന്നൈ, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഡണ്‍സോ വഴി റിലയന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഒപ്പം റിലയന്‍സിന്റെ ഒപ്പം വളരാനുള്ള പദ്ധതികളിലാണ് ഡണ്‍സോ. കബീര്‍ ബിശ്വാസ് 2016ല്‍ സ്ഥാപിച്ച സംരംഭം 240 മില്യണ്‍ ഡോളറാണ് റിലയന്‍സില്‍ നിന്നും നേടിയത്. ഇതോടെ കമ്പനിയുടെ ആകെ ആസ്ഥി 800 മില്യണ്‍ ഡോളറായി.
ബ്ലിങ്കിറ്റ് (Blinkit), സെപ്‌റ്റോ (Zepto), സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ട് (Instamart), ബിഗ് ബാസ്‌കറ്റ് (BigBasket) തുടങ്ങിയ മറ്റു കമ്പനിയുമായുള്ള മത്സരത്തിന് ഡണ്‍സോയ്ക്ക് ഊര്‍ജം പകരുന്നതാണ് റിലയന്‍സിന്റെ നിക്ഷേപം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീറ്റെയ്ല്‍ വിതരണ വിഭാഗമായ റിലയന്‍സ് റിറ്റെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡാണ് ഇപ്പോള്‍ ഫണ്ടിംഗ് നടത്തിയത്. നിലവിലുള്ള നിക്ഷേപകരായ ബ്ലൂം വെഞ്ച്വേഴ്സ്, ഗൂഗ്ള്‍, ലൈറ്റ് ബോക്സ്, ലൈറ്റ്ത്രോക്ക്, ത്രിഎല്‍ കാപ്പിറ്റല്‍, അല്‍ടേരിയാ കാപ്പിറ്റല്‍ എന്നിവയും ഫണ്ടിംഗില്‍ പങ്കെടുത്തു.
ജിയോ മാര്‍ട്ട് സര്‍വീസിന് പുറമേ, മില്‍ക്ക് ബാസ്‌ക്കറ്റ് സംവിധാനം കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ പാലും നിത്യോപയോഗ വസ്തുക്കളുമെത്തിക്കുന്ന സംരംഭമാണിത്. ഇപ്പോള്‍ നടന്ന ഫണ്ടിംഗിനായി ഡണ്‍സോ സൊമാറ്റോ, സ്വിഗ്ഗി, ടാറ്റാ ഗ്രൂപ്പ് എന്നിവയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഫലവത്താകാതെ വന്നപ്പോഴാണ് റിലയന്‍സിന്റെ നിക്ഷേപം എത്തിയത്.
അതിവേഗ ഡെലിവറി രംഗത്ത് ഡണ്‍സോയുമായുള്ള പങ്കാളിത്തത്തിലൂടെ റിലയന്‍സ് റിറ്റെയ്ല്‍ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡെലിവറി അുഭവം വാഗ്ദാനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടര്‍ ഇഷാ അംബാനി അറിയിച്ചു.
കൂടുതല്‍ സ്ഥലങ്ങളില്‍ ചെറിയ വെയര്‍ ഹൗസുകള്‍ സ്ഥാപിച്ച് ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അതിവേഗം (15 മുതല്‍ 30 വരെ മിനിറ്റിനകം) സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതാണ് ക്വിക്ക് കൊമേഴ്‌സ്. ഈ രംഗത്തെ മുന്‍നിരക്കാരാണ് ഡണ്‍സോ. നേരത്തേ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി നെറ്റ് വര്‍ക്ക് ആയിരുന്നു ഡണ്‍സോയുടെ പ്രവര്‍ത്തനം. ക്വിക്ക് കൊമേഴ്‌സ് റീറ്റെയിലിംഗിലെ ഏറ്റവും പുതിയ പ്രവണതയാണ് ഇത്.
വിദേശവായ്പയില്‍ റെക്കാര്‍ഡിട്ട് റിലയന്‍സ്
റിലയന്‍സ് ഗ്രൂപ്പ് ഇന്നലെ 400 കോടി ഡോളറിന്റെ (30,000 കോടി രൂപ) ദീര്‍ഘകാല വിദേശ കറന്‍സി വായ്പ എടുത്തു. 40 വര്‍ഷം വരെയുള്ള ബോണ്ടുകള്‍ ഇറക്കിയാണ് ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും വലിയ വിദേശ വായ്പ റിലയന്‍സ് എടുത്തത്. 10 വര്‍ഷ ബോണ്ടിന് 2.875 ശതമാനം, 30 വര്‍ഷ ബോണ്ടിന് 3.625 ശതമാനം, 40 വര്‍ഷ ബോണ്ടിന് 3.75 ശതമാനം എന്നിങ്ങനെയാണു പലിശ. ഫെഡ് പലിശ നിരക്കു കൂട്ടും മുമ്പ് കുറഞ്ഞ പലിശയില്‍ ബോണ്ട് ഇറക്കുകയായിരുന്നു റിലയന്‍സ്. യുഎസ് സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പലിശ നിരക്കില്‍ നിന്ന് 1.2 ശതമാനം മുതല്‍ 1.7 ശതമാനം വരെ ഉയര്‍ന്നതാണ് ഈ നിരക്കുകള്‍. നിലവിലെ വിദേശ വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ ഈ വായ്പ ഉപയോഗിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it