അബുദാബിയില്‍ നിന്ന് അദാനി ഗ്രൂപ്പില്‍ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി) അദാനി ഗ്രൂപ്പില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം (15,400 കോടി) നടത്തും. ഹരിത ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. അദാനി ഗ്രൂപ്പിലെ മൂന്ന് കമ്പനികളുടെയും ബോര്‍ഡ്, നിക്ഷേപത്തിന് അംഗീകാരം നല്‍കി.

ആദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി ട്രാന്‍സ്മിഷനിലും 3,850 കോടി വീതവും അദാനി എന്റര്‍പ്രൈസസില്‍ 7,700 കോടി രൂപയുമാണ് ഐഎച്ച്‌സി നിക്ഷേപിക്കുക. നിക്ഷേപ നടപടികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാവും. എന്നാല്‍ മൂന്ന് കമ്പനികളുടെയും എത്ര ശതമാനം ഓഹരികളാണ് ഐഎച്ച്‌സിക്ക് ലഭിക്കുക എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.

ഐഎച്ച്‌സിയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളിലെ ബിസിനസ് വളര്‍ത്തുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. നിലവില്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജിക്ക് അദാനി ഗ്രീന്‍ എനര്‍ജിയില്‍ 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 20.4 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി. 18,875 കി.മീ ട്രാന്‍സ്മിഷന്‍ സര്‍ക്യൂട്ട് ആണ് ഊര്‍ജ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി ട്രന്‍സ്മിഷന് ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it