Begin typing your search above and press return to search.
അക്ഷയ തൃതീയ ഇങ്ങെത്തി; സ്വര്‍ണവിലയുടെ ചാഞ്ചാട്ടത്തില്‍ ആശങ്കപ്പെട്ട് ഉപയോക്താക്കളും വ്യാപാരികളും
അക്ഷയ തൃതീയ പടിവാതിലില്‍ എത്തിനില്‍ക്കേ, സ്വര്‍ണവിലയിലുണ്ടാകുന്ന കനത്ത ചാഞ്ചാട്ടം ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. 2023ലെ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണവില ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു.
ഇന്ന് പവന്‍വില 53,280 രൂപയും ഗ്രാം വില 6,660 രൂപയുമാണ്. ഇന്നത്തെ വില പരിഗണിച്ചാല്‍, കഴിഞ്ഞ അക്ഷയ തൃതീയ മുതല്‍ ഇതിനകം വര്‍ധിച്ചത് ഗ്രാമിന് 1,085 രൂപയും പവന് 8,680 രൂപയും. നികുതികളും പണിക്കൂലിയും ചേര്‍ക്കുമ്പോള്‍ ആനുപാതികമായി വാങ്ങല്‍വിലയിലും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ദൃശ്യമായത് വന്‍ വര്‍ധന.
ഈമാസം 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും ഗ്രാമിന് പവന് 54,520 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്നവില. ഇന്നലെ പവന്‍വില 52,920 രൂപയിലേക്കും ഗ്രാം വില 6,615 രൂപയിലേക്കും കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടുകയായിരുന്നു (Click here for the details).
മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം
റെക്കോഡ് ഉയരത്തില്‍ നിന്ന് പൊടുന്നനെ കുറയുന്നവില അതേവേഗത്തില്‍ വീണ്ടും ഉയരുന്നതാണ് വിതരണക്കാരെയും ഉപയോക്താക്കളെയും ആശങ്കപ്പെടുത്തുന്നത്. അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ബുക്കിംഗ് നിരവധി ജുവലറികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വില കുറഞ്ഞുനിന്ന സമയത്ത് ബുക്ക് ചെയ്തവര്‍ക്കാണ് കൂടുതല്‍ നേട്ടം ലഭിക്കുക. അവര്‍ക്ക് കുറഞ്ഞവിലയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാകും.
ഉദാഹരണത്തിന്, ഇന്നലെ 52,920 രൂപയായിരുന്നു പവന്‍വില. ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് അക്ഷയ തൃതീയ ദിനമായ മേയ് 10ന് (വെള്ളിയാഴ്ച) ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അന്നത്തെ വിലയുമായി താരതമ്യം ചെയ്ത് ഏതാണോ ഏറ്റവും കുറഞ്ഞവില, ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം.
അതായത്, മേയ് 10ന് വില 51,000 രൂപയായി താഴ്‌ന്നെന്ന് കരുതുക, എങ്കില്‍ 51,000 രൂപയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം. അഥവാ മേയ് 10ന് വില 54,000 രൂപയായി കൂടുകയാണെന്ന് കരുതുക, അങ്ങനെയെങ്കില്‍ ഇന്നലെ ബുക്ക് ചെയ്തപ്പോഴത്തെ വിലയായ 52,920 രൂപയ്ക്ക് ആഭരണങ്ങള്‍ നേടാം.
ആശങ്കയുടെ വിപണി
ഹൈന്ദവ വിശ്വാസപ്രകാരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് കരുതുന്ന ദിനമാണ് അക്ഷയ തൃതീയ. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി കേരളത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ മികച്ച വില്‍പന വളര്‍ച്ചയാണ് സ്വര്‍ണാഭരണ വിപണി കാഴ്ചവയ്ക്കാറുള്ളതും.
2022ലെ അക്ഷയ തൃതീയയ്ക്ക് ഏകദേശം 2,250 കോടി രൂപയുടെ വില്‍പന കേരളത്തിലെ സ്വര്‍ണാഭരണ വിപണി നേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഇത് 2,850 കോടി രൂപയായും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം രണ്ടുദിവസങ്ങളിലായിട്ടായിരുന്നു അക്ഷയ തൃതീയ എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
വില കൂടിനിന്നതിനാല്‍ ചെറിയ തൂക്കമുള്ള കമ്മല്‍, മൂക്കുത്തി, മോതിരം, സ്വര്‍ണനാണയങ്ങള്‍ എന്നിവയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷം കൂടുതല്‍ പ്രിയം. വിറ്റഴിഞ്ഞ ഓരോ 100 ഗ്രാം സ്വര്‍ണത്തിലും 40-42 ഗ്രാമും കഴിഞ്ഞവര്‍ഷം എക്‌സ്‌ചേഞ്ചുമായിരുന്നു. ഇക്കുറിയും ഇതേ ട്രെന്‍ഡാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
എങ്കിലും, വില റെക്കോഡ് ഉയരത്തില്‍ നില്‍ക്കുന്നത് വിപണിയില്‍ നിന്ന് ഉപയോക്താക്കളെ അകറ്റുമോയെന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്. അതേസമയം, ബുക്കിംഗിന് മികച്ച പ്രതികരണമുണ്ടെന്നും ഇക്കുറിയും അക്ഷയ തൃതീയ നേട്ടത്തിന്റേതാകുമെന്നാണ് കരുതുന്നതെന്നും ഭീമ ഗ്രൂപ്പ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ/AKGSMA) സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദന്‍ 'ധനംഓണ്‍ലൈനിനോട്' പറഞ്ഞു.
കേരളവും സ്വര്‍ണ വിപണിയും
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം ശരാശരി 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കേരളത്തില്‍ വിറ്റുപോകുന്നുണ്ടെന്നാണ് വിപണിയുടെ കണക്ക്.
2021-22ല്‍ സംസ്ഥാനത്ത് സ്വര്‍ണാഭരണ വിപണിയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അക്ഷയ തൃതീയയ്ക്ക് വില്‍പന പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്യുന്ന ട്രെന്‍ഡാണ് കേരളത്തില്‍ കാണാറുള്ളത്.
Next Story
Videos